|    Jun 20 Wed, 2018 7:42 am
Home   >  Big stories   >  

യാക്കൂബ് മേമന്‍: വഞ്ചനയുടെ ബലിയാട്

Published : 20th August 2015 | Posted By: admin

അഡ്വ. എം. അബ്ദുല്‍ ഷുക്കൂര്‍
തേജസ് ദൈ്വവാരിക ഓഗസ്റ്റ് 16-30

”കഴിഞ്ഞ 22 വര്‍ഷമായി ഞങ്ങള്‍ ഒരുപാട് സഹിച്ചു. 21 വര്‍ഷത്തെ ജയില്‍വാസത്തില്‍ ഭര്‍ത്താവിനെ സാന്ത്വനിപ്പിക്കാന്‍ പോലും കഴിയാതെപോയ ഭാര്യ. ഒരു ദിവസം പോലും പിതാവിന്റെ സ്‌നേഹം അനുഭവിച്ചറിയാന്‍ കഴിയാത്ത മകള്‍ സുബൈദ. താഴ്മയോടെ ഞങ്ങള്‍ അപേക്ഷിക്കുകയാണ്: യാക്കൂബിനോട് അല്‍പ്പം ദയ കാണിക്കണം. അദ്ദേഹത്തെ തൂക്കിലേറ്റരുത്. 1993ലെ മുംബൈ സ്‌ഫോടനങ്ങളില്‍ ഞങ്ങളെല്ലാവരും ഏറെ ദുഃഖിതരാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ലിഖിതമായ ഉപാധികളൊന്നുമില്ലാതെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം കൊണ്ട് സ്വയം കീഴടങ്ങിയത്. നീതി ലഭ്യമാകുമെന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു.” ജൂലൈ 29നു മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനു മുമ്പില്‍ ദയാഹരജിയുമായി യാക്കൂബിന്റെ ഭാര്യ റഹീന്‍ മാഹിമിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പത്രക്കാരോട് പറഞ്ഞതാണ് ഈ വാക്കുകള്‍. യാക്കൂബ് മേമന്റെ നിയമപോരാട്ടവഴിയില്‍ അവസാനത്തെ ഇനമായ സ്റ്റേ പെറ്റീഷനും തള്ളിയതോടെ 2015 ജൂലൈ 30നു കാലത്ത് 6.35നു നാഗ്പൂര്‍ ജയിലില്‍ വച്ച് വധശിക്ഷയ്ക്ക് വിധേയനായി. 2004ല്‍ ധനഞ്ജയ് ചാറ്റര്‍ജിയെ തൂക്കിലേറ്റിയ ശേഷം എട്ടു വര്‍ഷത്തോളം ഇന്ത്യ അനൗപചാരികമായി വധശിക്ഷയ്ക്ക് അര്‍ധവിരാമമിട്ടിരുന്നു. രാജ്യത്തു വധശിക്ഷയ്‌ക്കെതിരേയുള്ള ജനവികാരം ശക്തിപ്പെട്ടുവരുകയും മനുഷ്യാവകാശ പ്രവര്‍ത്തകരും ബുദ്ധിജീവികളും സാമൂഹിക ശാസ്ത്രജ്ഞരും വധശിക്ഷയ്‌ക്കെതിരേ പ്രചാരണം നടത്തിവരുകയും ചെയ്യുന്നതിനിടെ നമ്മുടെ നീതിപീഠം വീണ്ടും ചിലര്‍ക്കുകൂടി തൂക്കുകയര്‍ സമ്മാനിച്ചു. മുംബൈ ഭീകരാക്രമണത്തിലെ ജീവിച്ചിരുന്ന ഏക ഗണ്‍മാന്‍ അജ്മല്‍ കസബിനെ 2012ലും പാര്‍ലമെന്റ്് ആക്രമണത്തില്‍ പ്രതിയാക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ 2013ലും ഇപ്പോഴിതാ 2015ല്‍ യാക്കൂബ് മേമനെയും തൂക്കിലേറ്റി. മൂന്നു പേരും ഒരേ സമുദായക്കാരാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയിലെ വ്യത്യസ്ത വിചാരണക്കോടതികള്‍ 18,000 പേര്‍ക്കു വധശിക്ഷ വിധിക്കുകയും അതില്‍ 900ഓളം പേരുടെ വധശിക്ഷ അപെക്‌സ് കോടതി ശരിവയ്ക്കുകയും 385 പേര്‍ വധശിക്ഷ നടപ്പാവുന്നതും കാത്തുനില്‍ക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് എന്തിനു ക്യൂ തെറ്റിച്ച് ഇവരില്‍ നിന്ന് ഒരു മേമനെ മാത്രം തൂക്കിലേറ്റി എന്നു ചോദിക്കുന്നത് വര്‍ഗീയതയായി വ്യാഖ്യാനിക്കപ്പെടാമോ? മേമന്റെ ക്യുറേറ്റീവ് പെറ്റീഷന്‍ വിധി പറയുന്ന ദിവസം തന്നെ സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച് രാജീവ് ഗാന്ധിയുടെയും ബിയാന്ത്‌സിങിന്റെയും വധത്തിലെ പ്രതികളുടെ ശിക്ഷ ഇളവുചെയ്തതിനെതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയതില്‍ മനുഷ്യസ്‌നേഹികളായ മുഴുവന്‍ ഇന്ത്യക്കാരെയും ഏറെ സന്തോഷിപ്പിച്ചു. ആ ഗണത്തിലൊന്നും യാക്കൂബ് മേമന്‍ ഉള്‍പ്പെടാതെ പോവുന്നതെന്തെന്നു മനസ്സിലാക്കാന്‍ ഏറെയൊന്നും പ്രയാസപ്പെടേണ്ടതില്ല. വധശിക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മൂന്നാം അധ്യായത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരുന്നുകൂടാ. വധശിക്ഷയ്ക്കു വിധേയമാകുന്നയാള്‍ ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന് വിശേഷിപ്പിക്കാവുന്ന കുറ്റകൃത്യം ചെയ്തിരിക്കണമെന്നും പ്രതി ‘ഒരു നിലയ്ക്കും സംസ്‌കരിക്കപ്പെടാന്‍ സാധ്യതയില്ലാത്തയാളായിരിക്കണം’ എന്നും പറയുന്നുണ്ട്. വാദത്തിനു വേണ്ടി യാക്കൂബ് മേമനാണ് മുംബൈ സ്‌ഫോടന പരമ്പരകളുടെ സൂത്രധാരനെന്നു സമ്മതിച്ചാല്‍ പോലും ഇത് എങ്ങനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കും. ഇന്ത്യയുടെ മതേതരഘടനയെത്തന്നെ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദ് ധ്വംസനവും ശേഷം മുംബൈ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കൂട്ടക്കശാപ്പുകളും ഗുജറാത്തിന്റെ തെരുവുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടന്ന കൊടിയ അതിക്രമങ്ങളും വംശഹത്യയും ഡല്‍ഹിയില്‍ സിഖ് ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന കൂട്ടക്കൊലയിലുമൊക്കെ നഷ്ടപ്പെട്ട ജീവനുകളുടെ കണക്ക് പരിശോധിക്കുമ്പോള്‍ അവ 257ന്റെ എത്രയോ വലിയ ഗുണിതങ്ങളായിരിക്കും എന്നു കാണാനാവും. ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരൊക്കെ ഉദ്യോഗതലങ്ങളിലും ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങളിലും വിരാജിക്കുമ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മുംബൈ സ്‌ഫോടനക്കേസിനെ കണ്ട് യാക്കൂബ് മേമനെ വധശിക്ഷയ്ക്കു വിധിച്ചത് എന്തുകൊണ്ട്? രാജ്യത്തെ നിയമവ്യവസ്ഥയെ ആദരിച്ച ഒരു ഇന്ത്യക്കാരനോട് കാണിച്ച കൊടിയ വഞ്ചന എന്നേ മേമന്റെ കാര്യത്തില്‍ ഇന്ത്യ എടുത്ത നിലപാടിനെ വിശേഷിപ്പിക്കാനാവൂ. മറ്റൊന്ന്, പ്രതിക്ക് സംസ്‌കരിക്കപ്പെടാന്‍ സാധ്യമല്ലാത്തത്രയും അസ്വാഭാവികമായ സ്വഭാവദൂഷ്യങ്ങളുണ്ടാവുക എന്നതാണ്. യാക്കൂബ് മേമന്റെ 21 വര്‍ഷത്തെ ജയില്‍വാസം വിളിച്ചുപറയുന്നത് അയാളുടെ നല്ലനടപ്പിനെക്കുറിച്ച് മാത്രമാണ്. നാഗ്പൂര്‍ ജയില്‍ കണ്ട ഏറ്റവും ഉയര്‍ന്ന വിദ്യാസമ്പന്നന്‍, ജയില്‍പ്പുള്ളികള്‍ക്ക് അധ്യാപകന്‍, ജയില്‍ ജീവനക്കാര്‍ക്ക് നന്മ നിറഞ്ഞവന്‍. 21 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തരബിരുദം നേടിയ വ്യക്തി, ജയിലിലെ മറ്റ് സഹതടവുകാര്‍ക്ക് പഠിക്കാന്‍ പ്രചോദനം നല്‍കിയ ആള്‍, കോടതിയില്‍ ഹാജരാക്കുമ്പോഴൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രതി, എല്ലാത്തിനുമുപരി 257 പേരുടെ ജീവനെടുത്ത മുംബൈ സ്‌ഫോടനത്തിലെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു കീഴടങ്ങിയ മാപ്പുസാക്ഷി. ഇനിയും വേണോ യാക്കൂബ് മേമന്റെ നല്ലനടപ്പിനു കൂടുതല്‍ തെളിവുകള്‍? യാക്കൂബ് മേമന്റെ കീഴടങ്ങലിനു ചുക്കാന്‍ പിടിച്ച മുന്‍ റോ ഓഫിസര്‍ ബി. രാമന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. 2007 ജൂലൈ 27നു പ്രത്യേക ടാഡ കോടതി യാക്കൂബ് മേമനു വധശിക്ഷ വിധിച്ചതറിഞ്ഞ് റെഡിഫ് ഡോട്‌കോമില്‍ 2007 ജൂലൈ 29നു രാത്രി 12:26ന് ഷീലാ ഭട്ടിനയച്ച ഇ-മെയിലില്‍ ബി. രാമന്‍ എഴുതി: ”1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രവൃത്തിയിലേര്‍പ്പെട്ട ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തിന്റെ വിവരമനുസരിച്ച് ടൈഗര്‍ മേമനും ദാവൂദ് ഇബ്രാഹീമും പാകിസ്താനിലുള്ള മറ്റു ചിലരും മരണശിക്ഷ അര്‍ഹിക്കുന്നവരാണ്. എന്നാല്‍, യാക്കൂബ് മേമനും അയാളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും വധശിക്ഷ അര്‍ഹിക്കുന്നില്ല. കനത്ത ദുരന്തം വിതച്ച ഭീകരകൃത്യത്തില്‍ യാക്കൂബ് മേമനു പങ്കുണ്ടെങ്കിലും കൃത്യത്തില്‍ മാപ്പിരക്കുകയും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും പാകിസ്താന്റെ ഐ.എസ്.ഐയുടെ വലയത്തില്‍ നിന്നു തിരിച്ചുകൊണ്ടുവരുകയും നിയമനടപടികള്‍ നേരിടാന്‍ തയ്യാറാവുകയും ചെയ്തതുമൊക്കെ മേമനു വധശിക്ഷ വിധിക്കുന്നതിനു മുമ്പ് പരിഗണിക്കേണ്ടതുണ്ട്.” 2007 ജൂലൈ 30നു കാലത്ത് 8:22ന് അദ്ദേഹം വീണ്ടും ഷീലാ ഭട്ടിനെഴുതി: ”ഞാന്‍ അദ്ഭുതപ്പെടുകയും ദുഃഖിക്കുകയും ചെയ്യുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു യാക്കൂബ് മേമന്റെയും കുടുംബത്തിന്റെയും പങ്ക് ലഘൂകരിക്കുന്ന തരത്തിലുള്ള യാതൊരു സമര്‍പ്പണവും ഉണ്ടായിട്ടില്ല. പ്രോസിക്യൂഷന്‍ മേമനു വധശിക്ഷ ആവശ്യപ്പെടരുതായിരുന്നു.” മുന്‍ റോ ഓഫിസര്‍ ബി. രാമന്‍ ഒരു ഇടതുപക്ഷ സഹയാത്രികനോ മനുഷ്യാവകാശ പ്രവര്‍ത്തകനോ അല്ല. മറിച്ച്, ഒരു വലതുപക്ഷ ചിന്തകനും പല പ്രാവശ്യം നരേന്ദ്ര മോദിയെ പിന്തുണച്ചയാളും, കാന്‍സര്‍ ബാധിച്ചു കിടന്നപ്പോള്‍ തിരഞ്ഞെടുപ്പുഗോദയിലുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തയാളുമായിരുന്നു. എന്നിട്ടും യാക്കൂബുമായി ഉണ്ടാക്കിയ അലിഖിത ധാരണയെക്കുറിച്ച് നന്നായി അറിയുന്ന ബി. രാമനു മറ്റു നിലപാടെടുക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം മരണപ്പെട്ടപ്പോള്‍ 2013 ജൂണ്‍ 16നു രാത്രി 9:25നു മോദി ട്വീറ്റ് ചെയ്തു: ”ദേശസുരക്ഷയുടെ ഉള്‍ക്കാഴ്ചയുടെ പേരില്‍ ശ്രീ. ബി. രാമന്‍ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത എന്നെ ഏറെ ദുഃഖിപ്പിക്കുന്നു. ആത്മശാന്തി നേരുന്നു.” മറ്റേതൊരു ദേശവിരുദ്ധ ആക്രമണവും എന്നപോലെ തുമ്പില്ലാതെപോവുമായിരുന്ന മുംബൈ സ്‌ഫോടനക്കേസില്‍ ഐ.എസ്.ഐ., ടൈഗര്‍ മേമന്‍, ദാവൂദ് ഇബ്രാഹീം, തൗഫീഖ് ജാലിയാവാല തുടങ്ങിയവരുടെയൊക്കെ പങ്ക് വ്യക്തമാക്കുന്ന നൂറുകണക്കിനു രേഖകളും ഓഡിയോ-വീഡിയോ ടേപ്പുകളുമായാണ് യാക്കൂബ് കാഠ്മണ്ഡുവിലെത്തിയത്. വളരെ ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ ഐ.എസ്.ഐയുടെ ചാരക്കണ്ണുകള്‍ വെട്ടിച്ച് യാക്കൂബ് ശേഖരിച്ച രേഖകളുടെ സഹായം ലഭ്യമായിരുന്നില്ലെങ്കില്‍ മുംബൈ കേസില്‍ പ്രോസിക്യൂഷന്‍ ഇരുട്ടില്‍ തപ്പുമായിരുന്നു. നാലു മാസത്തോളം പാകിസ്താന്‍ അമേരിക്കയുടെ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുകയും ലോകം മുഴുവന്‍ പാകിസ്താനെ സംശയത്തോടെ കാണുകയും ചെയ്തത് മേമന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നിട്ടും നാം അദ്ദേഹത്തെ തൂക്കിലേറ്റി. പൂര്‍ണ സഹകരണവും സന്നദ്ധതയും വാഗ്ദത്തം ചെയ്തിട്ടും കുരുക്കു മുറുക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതായി ബോധ്യപ്പെട്ട ഒരു ഘട്ടത്തില്‍ 1999 ജൂലൈ 28നു യാക്കൂബ് മേമന്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് എഴുതി: ”കാലത്ത് 3 മണിക്കാണ് ഞാനിത് എഴുതുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി എനിക്ക് ഉറങ്ങാനാവുന്നില്ല. അഞ്ചു വര്‍ഷം മുമ്പ് ഈ മണ്ണിലേക്കു തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഏറെ സന്തുഷ്ടനായിരുന്നു. എന്തുകൊണ്ടെന്നാല്‍, കഴിഞ്ഞ 18 മാസത്തെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലമായാണ് അപകടകരവും സാഹസികവും പ്രയാസകരവുമായ ഈ ഉദ്യമത്തിനു ഞാന്‍ മുതിര്‍ന്നത്. എന്നെ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് 1994 ആഗസ്ത് 5ന് അറസ്റ്റ് ചെയ്‌തെന്ന് പാര്‍ലമെന്റില്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചതായി വാര്‍ത്താമാധ്യമങ്ങളില്‍ കാണാനിടയായി. സത്യം പറഞ്ഞാല്‍ അത് വല്ലാത്ത കള്ളം മാത്രമാണ്. എന്റെ എളിയ ശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ഞാന്‍ കീഴടങ്ങുകയായിരുന്നു. ഈ കേസ് മഹാസംഭവമായിരിക്കുകയാണ്. ഇത് തീര്‍പ്പാക്കാന്‍ നീണ്ട കാലമെടുക്കും. അപ്പോഴേക്കും എന്റെ ജീവന്‍ തകര്‍ന്നിരിക്കും. അതുകൊണ്ട് ഈ അസഹനീയമായ ശിക്ഷയില്‍ നിന്ന് അനുയോജ്യമായ ആശ്വാസം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. പഠനവും കഠിനാധ്വാനവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റായി. കൂടെ പഠിച്ച ഹിന്ദുസുഹൃത്ത് ചൈതന്യ മേത്തയുമായി ചേര്‍ന്ന് മേത്ത ആന്റ് മേമന്‍ അസോസിയേറ്റ്‌സ് എന്ന സി.എ. ഫേം തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങി. 200ഓളം കമ്പനികളുടെ സെയില്‍സ് ആന്റ് ഇന്‍കം ടാക്‌സ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തതിനാല്‍ കമ്പനി അക്കൗണ്ടില്‍ ധാരാളം പണമിടപാടുകളും ഉണ്ടായിരുന്നു. അതിനിടയില്‍ എവിടെയാണ് വെറുപ്പിനും വിദ്വേഷത്തിനുമൊക്കെ സമയം? തികഞ്ഞ പ്രൊഫഷനലായ യാക്കൂബിന് അതിനപ്പുറം ചിന്തകളൊന്നുമുണ്ടായിരുന്നില്ല എന്നു യാക്കൂബ് വ്യക്തമാക്കുകയായിരുന്നു. ചീഫ്ജസ്റ്റിസിന് അയച്ച കത്തില്‍ യാക്കൂബ് ഒന്നുകൂടി വ്യക്തമാക്കുകയുണ്ടായി. 15 അംഗങ്ങളുള്ള കുടുംബത്തിലെ ഒമ്പതു പേരും ദുബൈയില്‍ എന്‍.ആര്‍.ഐയായി കഴിയുന്നു. ബാക്കിയുള്ളവരും ഇടക്കൊക്കെ അവിടം സന്ദര്‍ശിക്കാറുണ്ട്. സ്‌ഫോടനം നടന്ന ദിവസം എല്ലാവരും ദുബൈയിലായിരുന്നു. അവിടെവച്ചാണ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ തങ്ങളുടെ സഹോദരനാണെന്നു മനസ്സിലാക്കുന്നത്. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ പാകിസ്താനിലേക്കു പുറപ്പെടുകയായിരുന്നു. ഇന്ത്യയിലേക്കു തിരിച്ചുവരണമെന്നും നിരപരാധിത്വം ബോധ്യപ്പെടുത്തണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പ്രോസിക്യൂഷന്‍ എന്റെ കുടുംബത്തെ ഏതു നിലയ്ക്കും കുരുക്കിയിടണം എന്നുമാത്രമാണ് ഉദ്ദേശിച്ചത്. ഇന്‍കം ടാക്‌സ് കൈകാര്യം ചെയ്യുമ്പോള്‍ തങ്ങള്‍ ശ്രദ്ധിക്കാറുണ്ട്, അവിഭക്ത ഹിന്ദുകുടുംബത്തെ ഒരൊറ്റ യൂനിറ്റാക്കി കണക്കാക്കാന്‍. അതേപോലെത്തന്നെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലും അത്തരമൊരു വകുപ്പുള്ളതുപോലെയാണ് പ്രോസിക്യൂഷന്‍ പെരുമാറിയത്. ഞാനും ടൈഗര്‍ മേമനും ഒരേ കുടുംബമാണ് എന്നു കരുതി അയാള്‍ ചെയ്ത കുറ്റത്തിനു ഞാന്‍ ശിക്ഷിക്കപ്പെടുക എന്നത് നീതീകരിക്കാനാവുമോ?” 13 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ടാഡാ കോടതി യാക്കൂബ് മേമനു വധശിക്ഷ വിധിച്ചു. കടുത്ത രോഗബാധിതരായിരുന്ന സഹോദരന്‍ ഈസ, യൂസുഫ്, സഹോദരപത്‌നി റുബീന എന്നിവര്‍ക്കൊക്കെ ജീവപര്യന്തവും വിധിച്ചു. ശിക്ഷാവിധി വായിച്ചപ്പോള്‍ യാക്കൂബ് പൊട്ടിക്കരഞ്ഞു: ”റബ്ബേ, ഇയാള്‍ക്ക് പൊറുത്തുകൊടുക്കേണമേ. ഇയാള്‍ ചെയ്യുന്നതെന്തെന്ന് ഇയാള്‍ക്കുതന്നെ അറിയുന്നില്ലല്ലോ.” ഏഴു വര്‍ഷത്തിനു ശേഷം സുപ്രിംകോടതിയും ടാഡാ കോടതിവിധി ശരിവച്ചു. യാക്കൂബിന്റെ അപ്പീലും രാഷ്ട്രപതിക്കുള്ള ദയാഹരജിയും റിവ്യൂ ഹരജിയും ക്യുറേറ്റീവ് പെറ്റീഷനും മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു മുമ്പിലുള്ള ദയാഹരജിയും തള്ളപ്പെട്ടു. നിയമത്തിന്റെ വഴിയില്‍ സാധ്യമായ രീതിയിലെല്ലാം യാക്കൂബ് പോരാടി. തനിക്കു നല്‍കിയ അലിഖിതമായ ഉറപ്പും രാജ്യത്തോടുള്ള കൂറും അവസാന നിമിഷം വരെ യാക്കൂബിനു പ്രതീക്ഷ നല്‍കി. പക്ഷേ, യാക്കൂബ് രംഗം വിട്ടു. ജീവനെടുക്കും മുമ്പ് അയാള്‍ക്ക് പൂര്‍ണമായ നിയമപരിരക്ഷ നല്‍കിയെന്ന് നമുക്ക് ഉറപ്പിക്കാനാവുമോ? ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 72 അനുസരിച്ച് മാപ്പു നല്‍കാനും ശിക്ഷ തടഞ്ഞുവയ്ക്കാനും ഇളവു നല്‍കാനും പുനഃപരിശോധിക്കാനുമൊക്കെ പ്രസിഡന്റിന് അധികാരമുണ്ട്. മാത്രവുമല്ല, യു.എന്‍. ജനറല്‍ അസംബ്ലിയുടെ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്ത്യയടക്കം ഒപ്പുവച്ച സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് ഉടമ്പടിയില്‍ ആര്‍ട്ടിക്കിള്‍ 6 മൂന്നാം ഭാഗത്തു പറയുംപ്രകാരം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏതൊരാള്‍ക്കും മാപ്പു ലഭ്യമാക്കാനും ശിക്ഷയിളവ് ലഭ്യമാക്കാനുമൊക്കെ അവകാശം ഉണ്ട്. പ്രസ്തുത ആര്‍ട്ടിക്കിള്‍ 6 മൂന്നാം ഭാഗത്തു പ്രയോഗിച്ചിരിക്കുന്ന ‘മേ ബി’ എന്ന പ്രയോഗം വിശദീകരിച്ചുകൊണ്ട് സുപ്രിംകോടതി ദീവാര്‍ സിങ്-രാജേന്ദ്രപ്രസാദ് അര്‍ദേവി എന്ന കേസില്‍ വിശദീകരിക്കുന്നത് നടേ പറഞ്ഞ ‘മേ ബി’ ഒരു കമാന്‍ഡിന്റെ ധ്വനിയാണ് ഉയര്‍ത്തുന്നതെന്നാണ്. ആയതിനാല്‍ പാര്‍ലമെന്റ് മരണശിക്ഷ നീക്കാന്‍ തീരുമാനിച്ചിട്ടില്ലാത്തിടത്തോളം കാലം മരണശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏത് അപേക്ഷയും പ്രസിഡന്റ് പരിഗണിക്കാന്‍ ബാധ്യസ്ഥമാണെന്നാണ് കാണുന്നത്. മാത്രവുമല്ല, ഇന്ത്യന്‍ പീനല്‍കോഡില്‍ ഇതുവരെ വധശിക്ഷ അസാധുവാക്കിക്കൊണ്ടുള്ള ഒരു പരിഷ്‌കരണവും നടത്തിയിട്ടില്ല എന്നുള്ളതും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. പക്ഷേ, ഇത്തരം നിയമങ്ങളുടെയും ഉടമ്പടികളുടെയും പിന്തുണയൊന്നും യാക്കൂബിനു ലഭിച്ചതായി കണ്ടില്ല. യാക്കൂബിന്റെ വധശിക്ഷ ഏറെ ധൃതിപിടിച്ചാണ് നടപ്പാക്കിയത്. ജൂലൈ 29ന്റെയും 30ന്റെ കാലത്തെയും കോടതി നടപടികള്‍ തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. 1993ലെ മുംബൈ സ്‌ഫോടനങ്ങള്‍ രാജ്യനിവാസികളുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവുതന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ബാബരി മസ്ജിദ് ധ്വംസനവും അനുബന്ധ കൂട്ടക്കൊലയുമാണ് സംഭവത്തിലേക്കു വഴിവച്ചതെന്നു കരുതി 257 നിരപരാധികളുടെ ജീവനെടുത്ത സ്‌ഫോടനങ്ങള്‍ നീതീകരിക്കപ്പെട്ടുകൂടാ. യാക്കൂബ് മേമന്‍ ഒരു കുറ്റവും ചെയ്യാത്ത നിരപരാധിയാണെന്ന് ആരും അഭിപ്രായപ്പെട്ടതായി കണ്ടിട്ടില്ല. അയാളെ പൂര്‍ണമായി കുറ്റവിമുക്തനാക്കണമെന്നും ആരും ആവശ്യപ്പെട്ടിട്ടുമില്ല. സ്‌ഫോടനത്തെക്കുറിച്ച് യാക്കൂബിനു നേരത്തേ ധാരണയുള്ളതായോ അയാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതായോ പ്രോസിക്യൂഷനു തെളിയിക്കാന്‍ പറ്റിയിട്ടുമില്ല. എന്നാല്‍, ഇതേ കേസില്‍ കൂടുതല്‍ ഗുരുതരമായ റോളുള്ളതും ബോംബ് വയ്ക്കുക പോലും ചെയ്തവര്‍ക്ക് വിചാരണക്കോടതി താരതമ്യേന കുറഞ്ഞ ശിക്ഷ വിധിച്ചതും അപെക്‌സ് കോടതി കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതുമാണ് നാം കാണുന്നത്. എന്തേ യാക്കൂബ് മേമന്‍ മാത്രം തന്റെ സഹോദരന്റെ ചെയ്തികളുടെ പേരില്‍ ക്രൂരമായി ശിക്ഷിക്കപ്പെട്ടു? യാക്കൂബിന്റെ വധം അക്രമികള്‍ക്ക് ശക്തമായ താക്കീതാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, കഴിഞ്ഞ നാളുകളില്‍ നാം കണ്ടത് മറിച്ചാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും മാത്രമല്ല, എക്‌സിക്യൂട്ടീവിലും ജുഡീഷ്യറിയില്‍ പോലും ഇതു ചൂടേറിയ വാഗ്വാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. മേമന്റെ വധത്തില്‍ പ്രതിഷേധിച്ച് രാജിവച്ച സുപ്രിംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ (റിസര്‍ച്ച്) പ്രഫ. അനൂപ് സുരേന്ദ്രനാഥ്, ജസ്റ്റിസ് ശ്രീകൃഷ്ണ, സുപ്രിംകോടതിയില്‍ മേമന്റെ ക്യുറേറ്റീവ് പെറ്റീഷന്‍ കേട്ട ബെഞ്ച് രൂപീകരണം തന്നെ ചോദ്യം ചെയ്യുകയും ജൂലൈ 28നു ജസ്റ്റിസ് എ.ആര്‍. ദാവെയുടെ കൂടെ റിട്ട് പെറ്റീഷന്‍ കേട്ടപ്പോള്‍ ദാവെയുടെ നിലപാടുകളോട് വിയോജിക്കുകയും ചെയ്ത ജസ്റ്റിസ് കുര്യന്‍ ജോസഫ്, സംഘപരിവാര സഹയാത്രികരായ ശത്രുഘ്‌നന്‍ സിന്‍ഹ, രാം ജത്മലാനി, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ പോലും വധശിക്ഷയെ എതിര്‍ത്തവരില്‍ ഉള്‍പ്പെടുന്നു. യാക്കൂബിന്റെ തൂക്കിക്കൊലയ്ക്കു ശേഷം സോഷ്യല്‍ മീഡിയകളിലും വാര്‍ത്താമാധ്യമങ്ങളിലും വധശിക്ഷയ്‌ക്കെതിരേയുള്ള ശക്തമായ നിലപാടുകള്‍ കാണുന്നത് ശുഭകരമാണ്. യാക്കൂബ് വധം വളരെ തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. ഒരിക്കല്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ മറ്റൊരിക്കലും നല്ലനടപ്പിലേക്കു വരാനാവില്ലെന്നും, മാപ്പുസാക്ഷിയാവാന്‍ തയ്യാറായാല്‍ ഉപയോഗിക്കാമെങ്കിലും അംഗീകരിക്കാന്‍ തയ്യാറല്ല എന്നൊക്കെയുള്ള സന്ദേശം ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ക്ക് വഴിവയ്ക്കാതിരിക്കട്ടെ!മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരന്‍ ഇപ്പോഴും പാകിസ്താനില്‍ സുഖജീവിതം നയിക്കുന്ന ടൈഗര്‍ മേമന്‍ കീഴടങ്ങാനായി കാഠ്മണ്ഡുവിലേക്കു കയറാനിരിക്കുന്ന യാക്കൂബ് മേമനോട് പറഞ്ഞ വാക്കുകള്‍ തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ എഴുതേണ്ടിവന്നതില്‍ ഖേദമുണ്ട്. എന്നാലും സത്യം പറയുന്നത് ഏത് പിശാചാണെങ്കിലും അത് അസത്യമാവില്ലല്ലോ: ”തും ഗാന്ധിവാദി ബന്‍കെ ജാ രഹേ ഹോ, ലേകിന്‍ വഹാം ആതങ്കവാദി ഖരാര്‍ ദിയേ ജാഓഗെ.”

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss