|    Oct 23 Mon, 2017 1:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യമന്‍ സമാധാനചര്‍ച്ച നിര്‍ത്തിവച്ചു

Published : 8th August 2016 | Posted By: SMR

സന്‍ആ/കുവൈത്ത് സിറ്റി: യുഎന്‍ മധ്യസ്ഥതയില്‍ കുവൈത്തില്‍ നടന്ന യമന്‍ സമാധാന ചര്‍ച്ച ലക്ഷ്യംകാണാതെ നിര്‍ത്തിവച്ചു. ഹൂഥി വിമതരും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ പാര്‍ട്ടിയും യുഎന്‍ സമാധാന നിര്‍ദേശം തള്ളുകയും യമന്‍ ഭരണത്തിനായി പത്തംഗ ഭരണസമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്.
90 ദിവസത്തിലധികമായി കുവൈത്തില്‍ നടന്നുവന്ന ചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യമനിലെ യുഎന്‍ പ്രതിനിധി ഇസ്മായീല്‍ ഔദ് ശെയ്ഖ് അഹ്മദ് പറഞ്ഞു. ഒരുമാസത്തേക്കാണ് ചര്‍ച്ച നിര്‍ത്തിവച്ചത്. യമന്‍ സമാധാന ചര്‍ച്ച അവസാനിപ്പിക്കുന്നില്ലെന്നും പിന്നീട് പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. യമന്‍ വിഷയത്തിലുള്ള ഏകപക്ഷിയമായ ഒരു നടപടിയെയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസിയായ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കി ഐക്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതല്ല യുഎന്‍ മുന്നോട്ടുവച്ച സമാധാന നിര്‍ദേശമെന്നാണ് ഹൂഥികള്‍ പ്രതികരിച്ചത്.
തലസ്ഥാനം സന്‍ആയ്ക്കു സമീപം വിമതരും പ്രസിഡന്റ് ഹാദിയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. നെഹാം ജില്ലയിലാണ് ഹാദി അനുകൂല സൈന്യം ആക്രമണം തുടരുന്നത്. 2014 മുതല്‍ ഹൂഥികളുടെ നിയന്ത്രണത്തിലാണ് നെഹാം. അതേസമയം കിഴക്കന്‍ യമനിലെ മോഖ, ഹരാഥ്, മിദി എന്നിവിടങ്ങളില്‍ ഹാദിയെ അനുകൂലിക്കുന്ന അറബ് സഖ്യസേന വ്യോമാക്രമണങ്ങള്‍ നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക