|    Dec 11 Tue, 2018 2:18 pm
FLASH NEWS

യമനില്‍ സൗദി സഖ്യം കൂട്ടക്കൊല തുടരുന്നു

Published : 13th August 2018 | Posted By: kasim kzm

2015ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ ആരംഭിച്ച ആക്രമണം രൂക്ഷമായി തുടരുകയാണ്. യമനിലെ ഭരണകൂടവും ഹൂഥി വംശജരും തമ്മിലുണ്ടായ ആഭ്യന്തര സംഘര്‍ഷത്തില്‍, തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂഥികള്‍ കൈയടക്കിയ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പിന്തുണയോടെ സൗദി സഖ്യസേന യുദ്ധത്തിനു തുടക്കം കുറിച്ചത്.
സഖ്യസേനയുടെ ആക്രമണം രാജ്യത്ത് വലിയ ജീവനാശമാണ് ഉണ്ടാക്കിയത്. മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, താമസമേഖലകള്‍ എന്നിവ ലക്ഷ്യംവച്ചുള്ള ബോംബിങ് കാരണമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം യമനില്‍ മരിച്ച കുട്ടികളില്‍ പകുതിയിലേറെ പേരുടെയും മരണത്തിനു കാരണമായത് സഖ്യസേനയുടെ വ്യോമാക്രമണമാണെന്ന് ഐക്യരാഷ്ട്രസഭാ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017ല്‍ മൊത്തം 1316 കുട്ടികളാണ് യമനില്‍ മരിച്ചത്. വ്യോമാക്രമണങ്ങളില്‍ കുട്ടികളുടെ മരണം തുടരുകയാണ്.
ഉത്തര യമനിലെ തിരക്കുപിടിച്ച മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ബസ്സിനു നേരെ കഴിഞ്ഞ ദിവസം ഉണ്ടായ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ മരിച്ചു. 29 കുട്ടികള്‍ മരിക്കുകയും 30 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര റെഡ്‌ക്രോസ് വ്യക്തമാക്കിയത്. 43 പേര്‍ മരിച്ചതായും 61 പേര്‍ക്ക് പരിക്കേറ്റതായുമാണ് സഖ്യസേനയ്‌ക്കെതിരേ ഹൂഥി നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. വിനോദയാത്ര കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്.
ബസ് ആക്രമണത്തിന് ഏതാണ്ട് ഒരാഴ്ച മുമ്പ് തുറമുഖ നഗരമായ ഹുദൈദയില്‍ സൗദി സഖ്യസേനയുടെ പോര്‍വിമാനങ്ങളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യമനിലെ സാഹചര്യത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധിയെന്നാണ്. ദരിദ്ര രാഷ്ട്രമായ യമനില്‍ 80 ലക്ഷത്തോളം പേര്‍ കടുത്ത പട്ടിണി നേരിടുകയാണ്. കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.
എന്നിട്ടും സൗദി സഖ്യസേനയുടെ സൈനിക ഇടപെടലിനെതിരേ അന്താരാഷ്ട്രതലത്തില്‍ ശക്തമായ എതിര്‍പ്പുകളൊന്നും ഉയരുന്നതു കാണാനില്ല. മനുഷ്യാവകാശ സംഘങ്ങളുടെ വിമര്‍ശനത്തിനു രാജഭരണം നിലവിലുള്ള സൗദി അറേബ്യ ഒട്ടും പരിഗണന നല്‍കുന്നുമില്ല. ലോകാഭിപ്രായം എതിരായതോടെ പല രാജ്യങ്ങളും തങ്ങളുടെ സൈനികരെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത് മാത്രമാണ് ഫലപ്രദമായ ഒരു നീക്കം. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനു വേണ്ടിയാണ് തങ്ങളുടെ യുദ്ധമെന്ന് സൗദി അവകാശപ്പെടുന്നു. എന്നാല്‍, യമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെക്കുറിച്ച് കൃത്യമായ വിവരം ആര്‍ക്കുമില്ല എന്നതാണ് സത്യം.
സൗദി സഖ്യം കാര്‍പറ്റ് ബോംബിങിന്റെ ഭാഷ അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്കു രമ്യമായ പരിഹാരം കാണാനുള്ള ശ്രമം ഉടനെ ആരംഭിക്കേണ്ടതുണ്ട്. അതിനു നേരിടുന്ന കാലതാമസം മറ്റൊരു സിറിയയായി യമനെ മാറ്റുമെന്ന് ഉറപ്പാണ്. ആക്രമണം അവസാനിപ്പിക്കാനും യമനിലെ ഭരണകൂടവും എതിരാളികളും തമ്മില്‍ ധാരണയ്ക്ക് ആത്മാര്‍ഥ ശ്രമം നടത്താനും ആഗോള ശക്തികള്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss