|    Nov 20 Mon, 2017 10:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യമനില്‍ ബന്ദിയാക്കിയ ഫാദര്‍ ടോം ഉഴുന്നാലിനെ വിട്ടയച്ചു

Published : 13th September 2017 | Posted By: fsq

 

മസ്‌ക്കത്ത്: യമനില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ഫാദര്‍ ടോം ഉഴുന്നാലില്‍ (57) മോചിതനായി.  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശപ്രകാരം ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലാണ് മോചനം സാധ്യമായത്. വത്തിക്കാനും മോചനത്തിനായി ശ്രമം നടത്തിയിരുന്നു. മോചിതനായി മസ്‌ക്കത്തിലെത്തിയ ഫാദര്‍ ടോം അവിടെ നിന്ന്് റോമിലേക്ക് പോയി. അടുത്തദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. സായുധസംഘത്തിന്റെ തടവില്‍ നിന്നു 18 മാസത്തിനുശേഷമാണ് ഫാ. ടോം മോചിതനാവുന്നത്.   ഫാദര്‍ ഉഴുന്നാലില്‍ അവശനാണെന്ന് റിപോര്‍ട്ടുകളുണ്ട്. ഉഴുന്നാലിന്റെ മോചനത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് നേരത്തേ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഒരു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ് ഫാദറിനെ മോചിപ്പിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. മദര്‍ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാര്‍’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്ന്യാസിനി സമൂഹം യമന്‍ നഗരമായ ഏദനില്‍ നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് 2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആരാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. നേരത്തേ ബംഗളൂരുവിലും കര്‍ണാടകയിലെ കോളാറിലും ജോലി ചെയ്ത ഫാ. ടോം, കോട്ടയം രാമപുരം സ്വദേശിയാണ്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സപ്തംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. സംഭവത്തിനുശേഷം ഫാദറുമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ല. മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നോട്ടുവരുന്നില്ലെന്ന് ആരോപിക്കുന്ന ഫാദര്‍ ടോമിന്റെ വീഡിയോ ക്രിസ്മസ് ദിനത്തില്‍ യൂ ട്യൂബ് വഴി പുറത്തുവന്നിരുന്നു. ഇതിനുശേഷം ഫാദര്‍ ഉഴുന്നാലിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. യമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനമില്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിലാണെന്നുള്ളതും ഫാ. ടോമിന്റെ മോചനം നീണ്ടുപോവാന്‍ കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക