|    Mar 30 Thu, 2017 10:17 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യമനില്‍ ഖത്തരി സൈനികര്‍ക്ക് പരിക്ക്

Published : 17th August 2016 | Posted By: SMR

ദോഹ: യമനില്‍  ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തിനിടെ രണ്ട് ഖത്തരി സൈനികര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സര്‍ജന്റ് സല്‍മാന്‍ മുഹാവിഷ് അല്‍റുവൈലി, അബ്ദുല്‍ ഹാദി റാഷിദ് അല്‍വതീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ വീരോചിതമായ പോരാട്ടത്തെ ഖത്തരികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രകീര്‍ത്തിച്ചു. എന്നാല്‍, ഇരുവര്‍ക്കും പരിക്കേല്‍ക്കാനിടയായ സാഹചര്യം വ്യക്തമല്ല. അതേ സമയം, സൗദി-യമന്‍ അതിര്‍ത്തിയില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലിലാണ് അല്‍റുവൈലിക്ക് പരിക്കേറ്റതെന്ന് അല്‍ശര്‍ഖ് പത്രത്തെ ഉദ്ധരിച്ച് ഒരു ഓണ്‍ലൈന്‍ പത്രം റിപോര്‍ട്ട് ചെയ്തു. പരിക്കേല്‍ക്കുന്നതിന് മുമ്പ് 17 ഹൂത്തി വിമതരെ തനിച്ച് ധീരമായ പോരാട്ടത്തിലൂടെ വധിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. വെടിക്കോപ്പുകള്‍ തീര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തുടര്‍ന്ന്  സൗദി-ഖത്തരി സംയുക്ത സേന അല്‍റുവൈലിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഹൂത്തി വിമതര്‍ക്കെതിരേ പോരാടുന്ന യമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യത്തെ പിന്തുണക്കുന്ന സൗദി സഖ്യസേനയുടെ ഭാഗമാണ് ഖത്തരി സൈനികര്‍. 2015 മാര്‍ച്ച് മുതല്‍ ആരംഭിച്ച സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഇതിനകം 9,000ലേറെ പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തതായി അല്‍ജസീറയുടെ റിപോര്‍ട്ടില്‍ പറയുന്നു.
നവംബറില്‍ ഖത്തര്‍ പ്രത്യേക സേനയുടെ ഭാഗമായിരുന്ന സൈനികന്‍ യമനില്‍ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് ഹാമിദ് സുലൈമാനാണ് കൊല്ലപ്പെട്ടത്. യമനില്‍ ആദ്യമായി ആളപായമേല്‍ക്കുന്ന ഖത്തര്‍ സൈനികനായിരുന്നു അദ്ദേഹം.
ഖത്തരി സൈനികരെ ഹമദ് ആശുപത്രിയില്‍ പ്രതിരോധ സഹമന്ത്രി ഖാലിദ് അല്‍അത്തിയ്യ സന്ദര്‍ശിച്ചതായി ചില പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഹമദില്‍ ഏതാനും ദിവസത്തെ ചികില്‍സയ്ക്കു ശേഷം അല്‍റുവൈലിയയെ തുടര്‍ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക് കൊണ്ട് പോകുന്നതായി പ്രാദേശിക അറബി പത്രത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും അമീറിന്റെ ഉത്തരവ് പ്രകാരം മികച്ച ചികില്‍സ ലഭ്യമാക്കുന്നതിനാണ് ജര്‍മനിയിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day