|    Oct 22 Sun, 2017 8:42 am

യന്ത്രത്തകരാര്‍; മീന്‍വണ്ടി കുടുങ്ങി, മലിനജലം റോഡിലൊഴുകി

Published : 8th October 2016 | Posted By: Abbasali tf

തലശ്ശേരി: മമ്പറം-തലശ്ശേരി റൂട്ടില്‍ കമ്പനിമെട്ടയില്‍ മീന്‍ലോറി യന്ത്രത്തകരാറിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പരിസരങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധം പരത്തിയ കൊഴുപ്പു കലര്‍ന്ന മലിനജലം റോഡിലേക്കൊഴുകി. ലോറിയില്‍ നിന്നു പുറത്തുവന്ന മലിനജലത്തില്‍ നാലിഞ്ച് നീളമുള്ള പുഴുക്കളെ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സിലേക്ക് വിവരമറിയിക്കുകയും പുലര്‍ച്ചെ അഞ്ചോടെ അഗ്‌നിശമന സേന സ്ഥലത്തെത്തുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മീന്‍വണ്ടി തകരാറ് പരിഹരിച്ച് സ്ഥലംവിട്ടിരുന്നു. ഇതിനിടെ മംഗലാപുരത്ത നിന്നു പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറിയുടെ എന്‍ജിന്‍ കാബിന്‍ മലിനജലം കാരണം തെന്നിമാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം വാഹന ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഇതിനിടെ മമ്പറം, പെരളശ്ശേരി ഭാഗങ്ങളിലേക്ക് പോവുകയായിരുന്ന ബൈക്കുകളും കാറുകളും റോഡില്‍ നിന്നു തെന്നി അപകടത്തില്‍പെടുകയും ചെയ്തു. ബുള്ളറ്റ് ടാങ്കര്‍ അല്‍പം കൂടി തെന്നിയിരുന്നെങ്കില്‍ 200 മീറ്ററോളം താഴ്ചയില്‍ പതിച്ച് വന്‍ ദുരന്തമുണ്ടാവുമായിരുന്നു. രാത്രികാലങ്ങളില്‍ മീന്‍ കയറ്റിപ്പോവുന്ന വാഹനങ്ങള്‍ പോലിസ് പരിശോധനയ്ക്കു വിധേയമാക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണം. മീന്‍ നിറച്ച ലോറിയില്‍ നിന്നു മലിനജലത്തോടൊപ്പം തന്നെ വലിയ പുഴുക്കളും ഒലിച്ചിറങ്ങിയതോടെ മാര്‍ക്കറ്റില്‍ നിന്നു വില്‍ക്കുന്ന മല്‍സ്യവും നാട്ടുകാര്‍ സംശയത്തോടെ വീക്ഷിക്കുകയാണ്. ഗുണനിലവാരമില്ലാത്ത മല്‍സ്യങ്ങള്‍ പുലര്‍ച്ചെയും രാത്രികാലങ്ങളിലും മാര്‍ക്കറ്റിലെത്തിക്കുന്നത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക