|    Mar 24 Sat, 2018 6:10 am
FLASH NEWS
Home   >  Editpage  >  Lead Article  >  

യഥാ പ്രജ; തഥാ രാജ

Published : 11th November 2016 | Posted By: SMR

slug-a-bകറന്‍സി നോട്ട് വെറുമൊരു കടലാസുകഷണമാണ്. അതിനു വിലയുണ്ടാക്കുന്നത് അതിന്‍മേല്‍ ഭരണകൂടം സാക്ഷ്യപ്പെടുത്തിയിരിക്കുന്ന വാഗ്ദാനമാണ്. അതായത്, ടി നോട്ട് കൊടുത്താല്‍ പകരം കിട്ടുന്ന സ്ഥാവരജംഗമ വകയുടെ മൂല്യത്തിന് ഭരണകൂടം ജാമ്യം നില്‍ക്കുന്നു എന്നര്‍ഥം. ഈ വിശ്വാസത്തിന്‍മേലാണ് പൗരാവലി ഈ കടലാസുകഷണം വച്ചു നടത്തുന്ന മുഴുവന്‍ ക്രയവിക്രയങ്ങളുടെയും ജീവന്‍. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മനുഷ്യന്റെ അധ്വാനമൂല്യത്തിന്റെ പ്രതീകമാണ് ടി കടലാസുകഷണം. എന്നിരിക്കെ, അവന്റെ പക്കലുള്ള മുന്തിയ ‘പ്രതീക’ങ്ങള്‍ക്ക് ദേ ഈ നിമിഷം തൊട്ട് പുല്ലുവില എന്നു ഭരണകൂടം യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിച്ചാലോ?
നരേന്ദ്ര മോദി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് പൗരാവലിയെ ഒറ്റയടിക്ക് ഈ വിധം ഗോപിവരപ്പിച്ചതിനു പറഞ്ഞ ന്യായം ലളിതമാണ്- കള്ളപ്പണവും കള്ളനോട്ടും തടയുക. അതിനു വേണ്ടി നാട്ടുകാര്‍ ഈ അസൗകര്യം കുറച്ചുദിവസത്തേക്ക് സഹിച്ച്, ദേശാഭിമാനം കൊള്ളുക.
സര്‍ക്കാര്‍ അടിച്ചിറക്കിയ കറന്‍സിക്ക് സര്‍ക്കാരിനൊരു കണക്കുണ്ട്. ആ കണക്കില്‍പ്പെടാതെ നാട്ടില്‍ വിരാജിക്കുകയോ ഒളിച്ചു പുറത്തേക്കുകടക്കുകയോ ചെയ്യുന്ന പണമാണല്ലോ കള്ളപ്പണം. ഉദാഹരണമായി, നിങ്ങള്‍ ഒരു ഡോക്ടറെ ടിയാന്റെ വീട്ടില്‍ ചെന്നു കാണുന്നു. 100 രൂപയാണ് കണ്‍സല്‍റ്റേഷന്‍ ഫീസ് എന്നിരിക്കട്ടെ. പരിശോധന കഴിഞ്ഞ് അയാള്‍ ഈ തുക പറ്റുന്നു. പ്രത്യേകിച്ചൊരു രസീതും നിങ്ങള്‍ക്കു തരുന്നുമില്ല. അപ്പോള്‍, നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ, ഔദ്യോഗികമായി അംഗീകൃതമായ 100 രൂപ ഡോക്ടറുടെ കള്ളപ്പണമായി മാറുന്നു. അയാള്‍ അത് തന്റെ വരുമാനപ്പട്ടികയില്‍ സര്‍ക്കാരിനു മുന്നില്‍ വെളിപ്പെടുത്തില്ല. നിയമവ്യവസ്ഥിതിയുടെ സൂക്ഷിപ്പുകേന്ദ്രമാണല്ലോ ജുഡീഷ്യറി. നിങ്ങളുടെ വക്കാലത്ത് വാങ്ങി കേസ് നടത്തിത്തരുന്ന എത്ര വക്കീലന്‍മാരുണ്ട് കക്ഷികളില്‍ നിന്നു പറ്റുന്ന കാശിന് രസീത് തരുന്നവരായി? കള്ളപ്പണത്തിന്റെ നിത്യസാധാരണവും സര്‍വവ്യാപിയുമായ രണ്ടു പ്രജനന സ്രോതസ്സുകള്‍ മാത്രമാണ് ഇപ്പറഞ്ഞവ. അതിലൊക്കെ ഗംഭീരമായ ഉല്‍പാദനമാണ് മേലോട്ടുള്ള പല മേഖലകളിലും നടക്കുന്നത്. ഇതെല്ലാം ഒറ്റയടിക്ക് ഷട്ടറിടുവിക്കാന്‍ ഇപ്പോഴത്തെ ഭരണകൂട അഭ്യാസത്തിനു സാധിക്കുമോ?
അങ്ങനെയാണു സര്‍ക്കാര്‍ പ്രചാരണം. നിങ്ങള്‍ കൊടുത്ത 100 രൂപ നോട്ട് ഡോക്ടര്‍ എന്തു ചെയ്യുന്നുവെന്ന് നോക്കുക. അയാള്‍ അതു വിപണിയിലിറക്കി ഇഷ്ടമുള്ള ചരക്കു വാങ്ങുന്നു. ഇങ്ങനെ രൂപം മാറിയ കള്ളപ്പണം പിടിക്കാന്‍ മാര്‍ഗമില്ല. ഡോക്ടറെ സംബന്ധിച്ച് ഈ രൂപമാറ്റം കൊണ്ട് നഷ്ടമൊന്നുമില്ല. നഷ്ടമുണ്ടാവുക, രൂപമാറ്റം വരുത്താതെ ഈ വഴിക്കു കിട്ടിയ നോട്ടുകള്‍ കൂട്ടി ഒളിപ്പിച്ചുവച്ചാല്‍ മാത്രമാണ്. ഇപ്പോഴത്തേതുപോലുള്ള നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനങ്ങള്‍ വന്നാല്‍ ഒളിപ്പിച്ചുവച്ച പണശേഖരം നിരര്‍ഥകമാവും; കത്തിച്ചുകളയേണ്ടിവരും. മോദിയുടെ ഇരുട്ടടിയേറ്റ് അങ്ങനെ കത്തിച്ചുകളയേണ്ടിവരുന്നവര്‍ക്ക് വാസ്തവത്തില്‍ വല്ല നഷ്ടവുമുണ്ടോ? ഇല്ല എന്നതാണ് തമാശ. എന്തെന്നാല്‍, ഈ കള്ളപ്പണം അവര്‍ അധ്വാനിച്ചുണ്ടാക്കിയ അംഗീകൃതസ്വത്തല്ല. ചുളുവില്‍ ഒത്തുകിട്ടിയ അനാമത്തുകാശാണ്. അനാമത്ത് പോയതില്‍ ദുഃഖമുണ്ടാവുന്നവര്‍ എന്തു ചെയ്യും? പകരം പുതിയ നോട്ടുകള്‍ വരുമ്പോള്‍ ഇതേ പണി വര്‍ധിച്ച ആര്‍ത്തിയോടെ ചെയ്യും. ഉണ്ടായ ‘നഷ്ടം’ നികത്തണമല്ലോ.
ഇതിലും ഫലിതാത്മകമാണ് കള്ളനോട്ടിന്റെ പ്രശ്‌നം. വിദേശത്തുനിന്ന് കള്ളനോട്ടിറക്കി ഭീകരപ്രവര്‍ത്തനത്തിന് ഫണ്ടൊരുക്കുന്നു, ഒപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തുരങ്കംവയ്ക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരുതന്നെ. ഉദാഹരണമായി, ഇന്ത്യയുടെ 500 രൂപ നോട്ട് ഒരെണ്ണം അച്ചടിക്കാന്‍ പാകിസ്താന്‍ ചാരപ്പടയ്ക്കുള്ള ഉല്‍പാദനച്ചെലവ് 39 രൂപയാണ്. ഇത് ഇന്ത്യയില്‍ മറിച്ചുവില്‍ക്കുന്നത് പരമാവധി 350 രൂപയ്ക്കാണ്. എന്നുവച്ചാല്‍ നോട്ടൊന്നിന് മിനിമം 150 രൂപ അച്ചടിക്കാര്‍ക്കു ലാഭം. അതിനു പുറമെയാണ് വിധ്വംസക പരിപാടികള്‍ക്കുള്ള സുഗമസൗകര്യം. നിലവിലുള്ള 500 രൂപ നോട്ട് പിന്‍വലിക്കുന്നതോടെ ഇപ്പറഞ്ഞ ലാഭക്കച്ചോടം തല്‍ക്കാലത്തേക്ക് ഒന്നു നിലയ്ക്കും. പുതിയ 500, 2000 രൂപ നോട്ടുകള്‍ വന്നുകഴിഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുള്ള കമ്മട്ടങ്ങളില്‍ പുതിയ അച്ചു നിരത്താന്‍ വല്ല ഭരണഘടനാ തടസ്സവുമുണ്ടോ?
ചുരുക്കിയാല്‍, മോദി ഭരണകൂടം പറയുന്ന ന്യായങ്ങള്‍ രണ്ടും ലളിതമായ അസംബന്ധങ്ങളാണ്. അത് രസികന്‍ മണ്ടത്തരമായി വികസിക്കുന്നത് ഈ അഭ്യാസത്തിന്റെ പ്രത്യാഘാതങ്ങളിലേക്ക് പൗരാവലി കടക്കുമ്പോഴാണ്. രാജ്യത്തെ സമ്പത്തിന്റെ 90 ശതമാനവും കൈയാളുന്നത് ജനസംഖ്യയുടെ ഏറ്റവും മുകള്‍ത്തട്ടിലെ 30 ശതമാനം പൗരന്‍മാരാണെന്നത് ആസൂത്രണ കമ്മീഷന്‍ 10 കൊല്ലം മുമ്പ് വകയിരുത്തിയ കണക്കാണ്. ഇതിന്റെ വിശദാംശങ്ങള്‍ കുറേക്കൂടി അര്‍ഥവത്താണ്. ഏറ്റവും മുകള്‍ത്തട്ടിലെ 10 ശതമാനമാണ് 74 ശതമാനം സമ്പത്തും കൈയടക്കിയിരിക്കുന്നത്. തൊട്ടടുത്ത 10 ശതമാനത്തിന്റെ പക്കലാണ് 10 ശതമാനം സമ്പത്ത്. അടുത്ത 10 ശതമാനത്തിന്റെ പക്കലുള്ളത് 6 ശതമാനം. ഇതു മൂന്നും ചേര്‍ത്താല്‍ 90 ശതമാനമായി. ഇനിയുള്ള 40 ശതമാനം ജനാവലിയുടെ പക്കലുള്ളത് ഒമ്പത് ശതമാനം സമ്പത്ത്. ഏറ്റവും താഴത്തെ 30 ശതമാനത്തിന്റെ കൈയിലുള്ളതോ- വെറും ഒരു ശതമാനം സമ്പത്ത്. ചുരുക്കത്തില്‍, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന 70 ശതമാനത്തിനുള്ളത് മൊത്തം സമ്പത്തിന്റെ കേവലം 10 ശതമാനം മാത്രം. ഇപ്പറഞ്ഞ 70 ശതമാനം പൗരാവലിയാണ് കള്ളപ്പണമില്ലാത്തവര്‍. അതേസമയം പച്ചനോട്ടിന്‍മേല്‍ നിത്യം ക്രയവിക്രയം നടത്തുന്നതും ഇക്കൂട്ടരാണ്. അവരുടെ വരുമാനവും ചെലവിടലുമെല്ലാം ‘കാഷി’ന്മേലാണ്. 14 ലക്ഷം കോടിയാണ് രാജ്യത്ത് ഔദ്യോഗികമായി വിന്യസിച്ചിട്ടുള്ള കറന്‍സി നോട്ടുകള്‍. അതിന്റെ ക്ലീന്‍ 86 ശതമാനം കവരുന്നത് 500, 1000 രൂപ നോട്ടുകളാണ്. അവയ്ക്കാണ് ഒറ്റയടിക്ക് വിലയില്ലാതായിരിക്കുന്നത്. ഇത് ഏറ്റവുമധികം പ്രയാസമുണ്ടാക്കുന്നത് ഏതു ജനാവലിക്കാണെന്ന് മേലുദ്ധരിച്ച കണക്കില്‍നിന്നു വ്യക്തമാണല്ലോ. അപ്പോള്‍ സര്‍ക്കാരിന്റെ നടപടി 70 ശതമാനം ജനാവലിയെ നെട്ടോട്ടമോടിക്കുക എന്നതിനപ്പുറം കാതലായ എന്തു ഗുണമുണ്ടാക്കുന്നു?
മോദിയുടെ താന്തോന്നിത്തത്തിന് സ്വന്തം കിങ്കരന്‍മാര്‍ കൈയടിക്കും. ഗത്യന്തരമില്ലാതെ ജനം ബാങ്കുകളിലും പോസ്‌റ്റോഫിസുകളിലും തടിച്ചുകൂടും- ഉള്ള ചില്ലറ നിക്ഷേപിക്കാന്‍. പണക്കാര്‍ക്കും സൂപ്പര്‍ പണക്കാര്‍ക്കും ഈ നെട്ടോട്ടത്തിന്റെ ആവശ്യമില്ല. 2000ത്തിന്റെ പുതിയ നോട്ട് വരുന്നതോടെ അവരുടെ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാവും. ചുരുങ്ങിയ ദിനംകൊണ്ട് ഊഹക്കമ്പോളം കൂടുതല്‍ ഉഷാറാവും. സ്വര്‍ണവും ഭൂമിയും കൂടുതല്‍ വിലയേറിയതാവും. ദീര്‍ഘകാലത്തില്‍ ഇപ്പോള്‍ ഇടിഞ്ഞുനില്‍ക്കുന്ന കൂലിനിരക്ക് കൂടിവരും. അങ്ങനെ ചെറുകിടക്കാരുടെ സംരംഭങ്ങള്‍ വെള്ളത്തിലായിക്കിട്ടും. ഈ ഭവിഷ്യത്തുകളുണ്ടാക്കുകയും കൊട്ടിഘോഷിക്കുന്ന ഇംഗിതങ്ങള്‍ രണ്ടും ഒന്നാംകിട അബദ്ധമാവുകയും ചെയ്യുന്ന ഈ നടപടിയിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്താവും?
രണ്ടരവര്‍ഷമായി നിരന്തരം ദ്രവിച്ചുവരുകയാണ് മോദിയുടെ വിശ്വാസ്യത. അധികാരലബ്ധിക്കായി മുഴക്കിയ വാഗ്ദാനങ്ങള്‍ മിക്കതും വെടിക്കഥകളായി മാറുന്നു- സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെപ്പിടിക്കും എന്നതു തൊട്ട് പട്ടാളക്കാരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വരെ. സമാന്തരമായി, ജനതയെ വിഭജിക്കുന്ന രാഷ്ട്രീയപ്രക്രിയ തകൃതിയാവുന്നു, മോദി വെറും വാചകമടിക്കാരനെന്ന ബോധ്യം ശക്തമാവുന്നു. ഈ ദുരവസ്ഥയില്‍ മുഖം മിനുക്കാതെ രക്ഷയില്ല. ആദ്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന അടവിറക്കി. അതിന്‍മേലുള്ള കുഴലൂത്ത് ഏതാനും ആഴ്ചകള്‍ കൊണ്ട് ദയനീയമായി പരാജയപ്പെട്ടു. വ്യവഹാരം മറ്റൊരു മേഖലയിലേക്ക് വഴിതിരിച്ചതാണ് നോട്ടഭ്യാസം.
ഈ അസംബന്ധനാടകത്തിന്റെ ശരിയായ ചേതം മോദിക്കോ ഉപദേശിവൃന്ദത്തിനോ അല്ല; പൗരാവലിക്കും ജനാധിപത്യത്തിനുമാണ്. സഞ്ജയ് ഗാന്ധി പണ്ട് വന്ധ്യംകരണം അടിച്ചേല്‍പ്പിച്ചതിനു നിരത്തിയ ന്യായങ്ങളോര്‍ക്കുക. അതിലും വ്യാപകത്വമുള്ള താന്തോന്നിത്ത നിശ്ചയമാണ് മോദി നടത്തിയത്. അതിനു മുന്നില്‍ മുട്ടുമടക്കി, നെട്ടോട്ടമോടുകയാണു ജനാവലി. ഭരണകൂടത്തിന്റെ ഈ ജനാധിപത്യവിരുദ്ധതയ്ക്ക് പൗരാവലി നിസ്സാരമായി ഇരയാക്കപ്പെടുകയാണ്. എന്നിട്ടോ? 2000 രൂപ നോട്ട് വീശി, സെല്‍ഫിയെടുത്ത് ഞെളിയുന്ന ഊളന്‍മാരുടെ ചിത്രമാണ് ചുറ്റിലും. ഇത്തരമൊരു വിഡ്ഢിസമൂഹത്തിനു കൃത്യമായി നിരക്കുന്ന വിഡ്ഢികളെത്തന്നെയല്ലേ അമരത്തും കിട്ടിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss