|    Aug 21 Mon, 2017 3:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യതീഷ് ചന്ദ്രയ്‌ക്കെതിരേ വിരല്‍ചൂണ്ടി ഏഴു വയസ്സുകാരന്‍

Published : 10th August 2017 | Posted By: fsq

 

കാക്കനാട്: പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരായ സമരം നടത്തിയവരെ പോലി മര്‍ദിച്ച സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ ഏഴുവയസ്സുകാരന്റെ മൊഴി. യതീഷ് ചന്ദ്ര ലാത്തികൊണ്ട് അടിക്കുന്നതു താന്‍ കണ്ടുവെന്ന് അദ്ദേഹത്തെ ചൂണ്ടിക്കാട്ടി കുട്ടി പറഞ്ഞു. യതീഷ് ചന്ദ്ര അടിക്കുന്നതാണോ കണ്ടതെന്ന് കമ്മീഷന്റെ ചോദ്യത്തിന് അതേയെന്നായിരുന്നു കുട്ടിയുടെ മൊഴി. കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ നാല് പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയക്കും. ഇന്നലെ നടന്ന സിറ്റിങില്‍ ഡിസിപിയായിരുന്ന യതീഷ് ചന്ദ്രയുടെയും സമരസമിതി പ്രവര്‍ത്തകരുടെയും വാദങ്ങള്‍ കേട്ട ശേഷമായിരുന്നു ഉത്തരവ്. വിഷയത്തില്‍ സപ്തംബര്‍ ഒന്നിന് പ്രത്യേക സിറ്റിങ് നടത്താനും കമ്മീഷന്‍ ഉത്തരവിട്ടു.സമരക്കാരെ പോലിസ് മര്‍ദിച്ചുവെന്ന പരാതിയില്‍ സപ്തംബറിലെ സിറ്റിങില്‍ തെളിവെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഇന്നലെ നടന്ന സിറ്റിങില്‍ മൊഴിനല്‍കുന്നതിനിടയില്‍ കമ്മീഷന്‍ മുമ്പാകെ യതീഷ് ചന്ദ്രയും സമരക്കാരും തമ്മില്‍ പലപ്പോഴും വാഗ്വാദവും ഉണ്ടായി. കുട്ടികളെ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് യതീഷ് ചന്ദ്ര വാദിച്ചു. എന്നാല്‍ മുതിര്‍ന്ന പലര്‍ക്കും മര്‍ദനമേറ്റിട്ടുണ്ടെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും സമരക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ കമ്മീഷനില്‍ വ്യക്തമാക്കി. സമര ദൃശ്യങ്ങളടങ്ങിയ സി ഡി യതീഷ് ചന്ദ്ര കമ്മീഷനില്‍ സമര്‍പ്പിച്ചുവെങ്കിലും ഇത് എഡിറ്റ് ചെയ്തതാണെന്നും യഥാര്‍ഥ സിഡി തങ്ങളുടെ പക്കലുണ്ടെന്നും സമരക്കാര്‍ വാദിച്ചു. തുടര്‍ന്ന്് എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. മാധ്യമങ്ങളുടെ ദൃശ്യങ്ങളും സിറ്റിങിനിടെ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യതീഷ് ചന്ദ്രയ്ക്ക് നിര്‍ദേശം നല്‍കി. തെളിവെടുപ്പിനിടയില്‍ യതീഷ് മുന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും സമരക്കാര്‍ പരാമര്‍ശം നടത്തി. എന്നാല്‍ പഴയകാര്യങ്ങള്‍ക്ക് ഇവിടെ പ്രസകതിയില്ലെന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി. തുടര്‍ന്നാണു വിഷയത്തില്‍ സപ്തംബര്‍ ഒന്നിന് പ്രത്യേക സിറ്റിങ് വയ്ക്കാന്‍ ഉത്തരവിട്ടത്. അമ്പലമേടില്‍ ബിപിസിഎല്ലിന്റെ സള്‍ഫര്‍ പ്ലാന്റ് വിപുലീകരണവുമായി ബന്ധപ്പെട്ട് കമ്പനി നടത്തുന്ന സ്ഥലമെടുപ്പ് അശാസ്ത്രീയമാണെന്ന പരാതിയും ഇന്നലെ നടന്ന സിറ്റിങില്‍ പരിഗണിച്ചു. കമ്പനി പ്രതിനിധികളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കമ്മീഷന്‍ വാദം കേട്ടു. സപ്തംബര്‍ എട്ടിനു നടക്കുന്ന അടുത്ത സിറ്റിങിന് മുമ്പ് കമ്പനി പ്രതിനിധികളും പ്രദേശവാസികളുമടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക