|    Jan 19 Thu, 2017 10:05 am

മൗസില്‍ മോചിപ്പിക്കാനുള്ള സൈനികദൗത്യം തുടങ്ങി

Published : 18th October 2016 | Posted By: SMR

ബഗ്ദാദ്: ഐഎസ് നിയന്ത്രണത്തില്‍ അവശേഷിക്കുന്ന ഇറാഖിലെ അവസാന ശക്തികേന്ദ്രമായ മൗസില്‍ പട്ടണം തിരിച്ചുപിടിക്കാനുള്ള സൈനികദൗത്യത്തിനു തുടക്കമായി. കുര്‍ദ് പെഷ്മര്‍ഗയും സര്‍ക്കാര്‍ സൈന്യവും സഖ്യ സൈന്യവും കാലങ്ങളായി കാത്തിരിക്കുന്ന സൈനികദൗത്യത്തിന് തിങ്കളാഴ്ച പുലര്‍ച്ചെ നഗരത്തിനു നേരെ ശക്തമായ ഷെല്ലാക്രമണത്തോടെയാണ് തുടക്കമായത്. 2014ല്‍ ഐഎസ് പിടിച്ചെടുത്ത മൗസിലിലേക്ക് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സൈനികസന്നാഹം നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പുകപടലം പടര്‍ത്തി കുര്‍ദ് പെഷ്മര്‍ഗയുടെ ടാങ്കുകള്‍ നഗരത്തിലേക്ക് ഇരച്ചുകയറുകയാണെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, മേഖലയിലെ 15 ലക്ഷത്തോളം വരുന്ന പൗരന്‍മാരുടെ സുരക്ഷയില്‍ യുഎന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദൗത്യം ആരംഭിച്ചതിനു പിന്നാലെ നിരവധി ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി കുര്‍ദ് സൈന്യം അവകാശപ്പെട്ടു.
ആഗസ്തില്‍ തിരിച്ചുപിടിച്ച ഖയ്യാറ വ്യോമതാവളം ആസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ അനുകൂല സൈന്യം ആക്രമണത്തിനു ചുക്കാന്‍പിടിക്കുന്നത്. ശക്തമായ വ്യോമാക്രമണത്തിലൂടെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസൈന്യം സൈനികദൗത്യത്തെ പിന്തുണയ്ക്കുന്നുണ്ട്. 4,000 മുതല്‍ 8,000 വരെ ഐഎസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുള്ള മൗസില്‍ നഗരത്തിന്റെ വിമോചനദൗത്യം ഒരുപക്ഷേ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുമെന്നാണു കരുതുന്നത്.
മൗസില്‍ തിരിച്ചുപിടിക്കാനുള്ള സൈനികദൗത്യം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി തിങ്കളാഴ്ച പുലര്‍ച്ചെയാണു പ്രഖ്യാപിച്ചത്. സൈനികദൗത്യത്തില്‍ 4000ഓളം വരുന്ന കുര്‍ദ് സൈനികരും സുന്നി ഗോത്രസൈന്യവും ശിയാ നേതൃത്വത്തിലുള്ള അര്‍ധസൈനിക വിഭാഗവും ഇവര്‍ക്ക് നേതൃത്വം വഹിച്ച് 3000ഓളം സര്‍ക്കാര്‍ അനുകൂല സൈനികരുമാണ് പങ്കാളികളാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക