|    Mar 26 Sun, 2017 1:10 am
FLASH NEWS

മൗസിലില്‍ 20 ഗ്രാമങ്ങള്‍ ഇറാഖി സൈന്യം പിടിച്ചെടുത്തു

Published : 19th October 2016 | Posted By: SMR

ബഗ്ദാദ്: ഐഎസില്‍ നിന്ന് മൗസില്‍ മോചിപ്പിക്കുന്നതിനായുള്ള ദൗത്യത്തില്‍ 20 ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി ഇറാഖി സൈന്യം അറിയിച്ചു. 24 മണിക്കൂറിനിടെയാണ് കുര്‍ദ് പെഷ്മര്‍ഗയും സര്‍ക്കാര്‍ സൈന്യവും യുഎസ് സഖ്യസേനയും സംയുക്തമായി ദൗത്യം നടത്തിയത്.
ഇറാഖില്‍ ഐഎസിന്റെ അവശേഷിക്കുന്ന ശക്തികേന്ദ്രമാണ് മൗസില്‍. സര്‍ക്കാര്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം മൗസിലിന് 30 കിലോമീറ്റര്‍ മാറി ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കുര്‍ദ് സൈന്യം അറിയിച്ചു. അടുത്തഘട്ട ആക്രമണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിതെന്ന് കുര്‍ദ് പെഷ്‌മെര്‍ഗ വക്താവ് കേണല്‍ ഖാദര്‍ ശെയ്ഖാം അറിയിച്ചു.
2014ല്‍ ഐഎസ് പിടിച്ചെടുത്ത മൗസിലിലേക്ക് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സൈനികസന്നാഹമാണു തിങ്കളാഴ്ചയോടെ പുറപ്പെട്ടത്.
15 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന മൗസില്‍ ഐഎസിന്റെ ശക്തികേന്ദ്രമായിരുന്നു. ഐഎസിനെതിരായുള്ള ദൗത്യത്തിലെ നാഴികക്കല്ലായിരിക്കും ഇതെന്ന് പെന്റഗണ്‍ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു. എന്നാല്‍ സാധാരണ നഗരങ്ങളേക്കാള്‍ അഞ്ചിരട്ടിയോളം വലിപ്പം വരുന്ന മൗസില്‍ ഐഎസില്‍ നിന്നു തിരിച്ചുപിടിക്കുക എന്നതു സൈന്യത്തിനു വലിയ വെല്ലുവിളിയായിരിക്കും.
ഐഎസിന്റെ ശക്തികേന്ദ്രമെന്നതിലുപരി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ കൂടിയാണിത്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണു താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവച്ചത്. സൈനികര്‍ക്കായി ഇവിടെ ക്യാംപുകള്‍ നിര്‍മിച്ചതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു. ഐഎസിനെതിരായ പോരാട്ടത്തിനിടെ വംശവിദ്വേഷത്തിന്റെ പേരില്‍ സിവിലിയന്‍മാര്‍ക്കെതിരേ പകപോക്കലുകളും ഉണ്ടായേക്കുമെന്നു മുന്നറിയിപ്പുണ്ട്. മൗസിലില്‍ നിന്നു കൂട്ടപ്പലായനമുണ്ടാവുമെന്ന് യുഎന്‍ മുന്നറിയിപ്പുനല്‍കി. 2014 മുതല്‍ മൗസില്‍ ഐഎസ് നിയന്ത്രണത്തിലാണ്. ആഗസ്തില്‍ തിരിച്ചുപിടിച്ച ഖയ്യാറ വ്യോമതാവളം ആസ്ഥാനമാക്കിയാണു സര്‍ക്കാര്‍ സൈന്യം ആക്രമണത്തിനു ചുക്കാന്‍പിടിക്കുന്നത്. മൗസിലില്‍ ആക്രമണം കനക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് ഐഎസിലേക്ക് പോയവര്‍ തിരിച്ചുവരാനുള്ള സാധ്യത കണക്കിലെടുത്ത് മലേസ്യന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.

അന്താരാഷ്ട്ര യോഗത്തിന് ആഹ്വാനം
പാരിസ്: മൗസിലില്‍ നിന്ന് ഐഎസിനെ തുരത്താനുള്ള ദൗത്യം ആരംഭിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി അന്താരാഷ്ട്രയോഗത്തിന് ആഹ്വാനംചെയ്തു. ഫ്രാന്‍സും ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജഫാരിയും 20ലധികം രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും വിഷയം ചര്‍ച്ചചെയ്യും. സിവിലിയന്‍മാരെ രക്ഷിക്കുന്നതിനും മാനുഷികസഹായം വിതരണം ചെയ്യുന്നതിനുമാണു ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കുക.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക