|    Dec 17 Sun, 2017 11:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മൗസിലിനു വേണ്ടിയുള്ള പോരാട്ടം തുടരുന്നു; ഹമാം അല്‍ ആലിലെ കുഴിമാടം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നു

Published : 9th November 2016 | Posted By: SMR

ബഗ്ദാദ്: ഐഎസ് നിയന്ത്രണത്തിലുള്ള മൗസില്‍ പിടിച്ചെടുക്കാനുള്ള ദൗത്യത്തിനിടെ ഹമാം അല്‍ ആലില്‍ പട്ടണത്തില്‍ ഇറാഖി സൈന്യം കണ്ടെത്തിയ കുഴിമാടം ഇറാഖി ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു.
നഗരത്തിലെ കാര്‍ഷിക കോളജ് മൈതാനത്താണ് ശിരച്ഛേദം ചെയ്ത നിലയിലുള്ള നൂറോളം പേരെ അടക്കിയ കുഴിമാടം കണ്ടെത്തിയത്. ഭുരിപക്ഷം മൃതദേഹങ്ങളും ജീര്‍ണിച്ച നിലയിലായതിനാല്‍ ഇരകളെ സംബന്ധിച്ച് വ്യക്തതയില്ല. മൗസിലിലേക്കുള്ള മുന്നേറ്റത്തിനിടെ  ദുര്‍ഗന്ധം ശ്രദ്ധയില്‍പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സൈന്യം കുഴിമാടം കണ്ടെത്തിയത്. മൗസിലില്‍നിന്നു 30 കി മീറ്റര്‍ മാത്രം അകലെയാണ് ഹമാം അല്‍ ആലില്‍ പട്ടണം. കുഴിമാടത്തില്‍ അടക്കംചെയ്യപ്പെട്ടവര്‍ സുരക്ഷാ സൈനികരോ സിവിലിയന്‍മാരോ എന്ന കാര്യം വ്യക്തമല്ല.
നഗരം സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ഐഎസ്  നൂറുകണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തിയതായും കാര്‍ഷിക കോളജിനെ ശവപ്പറമ്പാക്കി മാറ്റിയതായും നിനവേ പ്രവിശ്യ കൗണ്‍സില്‍ അംഗം അബ്ദുര്‍റഹ്മാന്‍ അല്‍ വാഗാസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ ആഴ്ചകളില്‍ ഐഎസ് സായുധസംഘം മേഖലയില്‍ കൂട്ടക്കൊലയും ആക്രമണങ്ങളും നടത്തിയതായി ആരോപണമുണ്ട്. കഴിഞ്ഞ മാസം 17ന് ഇറാഖി സൈന്യം മൗസില്‍ ദൗത്യം ആരംഭിച്ചതിനു പിന്നാലെ ഐഎസ് മേഖലയില്‍ കനത്ത തിരിച്ചടി നേരിടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss