|    Nov 24 Fri, 2017 8:24 pm
FLASH NEWS

മൗന ഉപവാസവുമായി ഹിരോഷിമ ദിനം ആചരിച്ചു

Published : 7th August 2017 | Posted By: fsq

 

വാടാനപ്പള്ളി: എന്നും വ്യത്യസ്തകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന കമലാ നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കിം വളണ്ടിയര്‍മാര്‍ ഏകദിന മൗന ഉപവാസം നടത്തിക്കൊണ്ടാണ് ഹിരോഷിമ ദിനത്തില്‍ ലോകജനതയെ അഭിമുഖീകരിച്ചത്. അണുവായുധ പ്രയോഗങ്ങളുടെയും യുദ്ധങ്ങളുടേയും തീക്തഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ നമ്മുടെ പൂര്‍വീകരെ നാം ഒരിയ്ക്കലും വിസ്മരിയ്ക്കരുതെന്ന ഓര്‍മ്മപ്പെടുത്തലുകളാണ് ഈ മൗനത്തിനു പിന്നില്‍. ഇനി ഒരിക്കലും യുദ്ധം ഉണ്ടാവരുതേ എന്ന് ഓര്‍മ്മിപ്പിക്കുന്ന പോസ്റ്ററുകളുമായി മൗനത്തോടെപ്പം ഉപവാസവും നടത്തുന്ന ഈ പുതിയ തലമുറ കാലഘട്ടത്തിന്റെ പരിവര്‍ത്തന സാഹചര്യങ്ങളില്‍ തങ്ങളുടെ പങ്ക് എന്തെന്ന് നിശബ്ദമായി വിളിച്ചു പറഞ്ഞു. വാടാനപ്പള്ളി പഞ്ചായത്തിനുമുന്നില്‍ നടന്ന മൗന ഉപവാസ പരിപാടി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വടക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി.എന്‍ ഗോപീകൃഷണന്‍, പ്രിന്‍സിപ്പാള്‍ വി.എ ബാബു, എന്‍.എസ് പ്രോ ഗ്രാം ഓഫീസര്‍ എം.ജി വസന്തകുമാരി, കെ.വി അലീഷ, എന്‍.കെ സുരേഷ് കുമാര്‍, വി.ഡി സന്ദീപ് സംസാരിച്ചു. ഭൂമിയില്‍ സമാധാനം ഉണ്ടാകട്ടെ എന്ന് ഉദ്‌ബോധിപ്പിക്കുന്ന സന്ദേശവുമായി കമലാ നെഹ്‌റു സ്‌കൂളിലെ ചിത്രകാരി ഗോപിക നന്ദനയുടെ തല്‍സമയ ചിത്രരചന, മുംതാസ് പി.എ, അജ്ഞലി വി.എസ് എന്നിവരുടെ ഐക്യദാര്‍ഡ്യ കവിതാലാപനം എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. അധ്യാപകരായ വിമജ ഇ.വി, ജ്യോത്സ്‌ന കെ.എം ,അനു രാധാകൃഷ്ണന്‍ എന്നിവരും മൗന ഉപവാസത്തില്‍ പങ്കെടുത്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ഡിക്‌സണ്‍, കെ.എസ് സുകുമാരന്‍, എന്‍.എസ് അമല്‍, ആതിര ദേവദാസ് , മഞ്ജിമ മനു, അശ്വതി സി.എ പരിപാടിക്ക് നേതൃത്വം നല്‍കി.തൃശൂര്‍: ദേവമാതാ പബ്ലിക് സ്‌കൂളില്‍ ഹിരോഷിമ ദിനാചരണം നടത്തി. നാടെങ്ങും അശാന്തിയും അക്രമവും പീഡനങ്ങളും വര്‍ധിക്കുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കലും സഡാക്കൊ കൊക്കുകളെ കൈകളിലുയര്‍ത്തുന്ന ചടങ്ങുമൊരുക്കിയത്.പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ സഡാക്കോയുടെ അന്ത്യാഭിലാഷം എന്ന നാടകവും അരങ്ങിലെത്തിച്ചു. വിദ്യാര്‍ത്ഥിയായിരിക്കെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത തിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളിലെ മുന്‍ അധ്യാപകനായ സി.പി.ആന്റണി യുദ്ധകാല സ്മരണകള്‍ പങ്കുവെച്ചു. ദേവമാത സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ഷാജു എടമന അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പാള്‍ ഫാ. സിന്റോ നങ്ങിണി, സി.എ. ഫ്രാന്‍സിസ്, ഷീല തോമസ്, ഷമിതി ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക