|    May 29 Mon, 2017 10:49 pm
FLASH NEWS

മൗനിബാബയില്‍ നിന്നു ബഡായിബാബുവിലേക്ക്

Published : 3rd January 2016 | Posted By: SMR

slug-indraprasthamടോം ആന്റ് ജെറി കാര്‍ട്ടൂണുകളിലെ ഘടാഘടിയന്‍ പൂച്ചയെ ഒരു കൊച്ചു ചുണ്ടെലി ചെണ്ടകൊട്ടിക്കുന്നത് ലോകത്തെ മിക്ക കുട്ടികള്‍ക്കും പ്രിയപ്പെട്ട തമാശയാണ്. ടോമും ജെറിയും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ടു കാലമേറെയായതിനാല്‍, ഇപ്പോള്‍ കുട്ടികളല്ലാത്ത പലരും ആ കഥകളിലെ നര്‍മം ഓര്‍ത്തു ചിരിക്കാറുണ്ട്.
ഡല്‍ഹിയിലെ ജനത്തിനു ചിരിക്കാന്‍ ധാരാളം വക ഒരുക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉല്‍സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു തുറന്നു സമ്മതിക്കാതെ വയ്യ. തലസ്ഥാന നഗരിയിലും പൊതുവേ ഉത്തരേന്ത്യയിലും കടുത്ത തണുപ്പാണ് ഇപ്പോള്‍. ജനം ചൂടു കിട്ടാന്‍ രജായി പുതച്ച് ഉറങ്ങുകയും പകലൊക്കെ കയറുകട്ടിലില്‍ ചമ്രംപടിഞ്ഞിരുന്നു വെയിലു കൊള്ളുകയും എള്ളെണ്ണ തേച്ചു കുളിക്കുകയും ചെയ്യുന്ന കാലം. അന്നേരം ചിരിക്കാന്‍ അല്‍പം വക കണ്ടെത്തുന്നതില്‍പരം പരമസന്തോഷമായി വേറെ എന്താണുള്ളത്?
മന്‍മോഹന്‍ജി തനി പഞ്ചാബിയും തികഞ്ഞ അരസികനുമായിരുന്നു. വായ തുറക്കുന്നത് അപൂര്‍വം. ഇനി അഥവാ തുറന്നാല്‍ തന്നെ, എന്താണ് അങ്ങേര് പറയുന്നതെന്നു കണ്ടുപിടിക്കാന്‍ ചെവി വട്ടംപിടിക്കണം. മൗനിബാബ എന്ന് അദ്ദേഹത്തെ പലരും കളിയാക്കി വിളിച്ചിരുന്നു. മന്‍മോഹന്‍ജിയുടെ കസേരയില്‍ ഇപ്പോള്‍ കേറിയിരിക്കുന്നത് ബഡായിബാബുവാണെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല ഒരു സംശയവും. നാല്‍പതു മുഴം നാക്കാണ് നരേന്ദ്ര മോദിക്ക്. ബഡായി പറഞ്ഞുപറഞ്ഞ് കക്ഷി ഇപ്പോള്‍ ഒരു തികഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
ഇന്ദ്രപുരിയിലെ സംസ്ഥാന ഭരണം നടത്തുന്നത് ടോം ആന്റ് ജെറി കഥയിലെ ചുണ്ടെലിയുടെ മട്ടിലുള്ള കെജ്‌രിവാളാണ്. ഡല്‍ഹി ഒരു അര്‍ധസംസ്ഥാനമാണ്. ഡല്‍ഹി മുഖ്യമന്ത്രിക്കാകട്ടെ, മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കുള്ള അധികാരങ്ങളില്‍ പലതും കേന്ദ്രസര്‍ക്കാര്‍ കൈമാറിയിട്ടുമില്ല. അങ്ങനെയുള്ള തന്നെ ഇങ്ങനെ മഹാ പ്രധാനമന്ത്രി വേട്ടയാടുന്നതെന്തിന് എന്നാണ് കെജ്‌രിവാള്‍ ചോദിക്കുന്നത്.
കാര്യം ശരിയുമാണ്. കെജ്‌രിവാളിനെ ഒതുക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് കേന്ദ്ര ഭരണകൂടം. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു നേരിട്ടാണ് ഓപറേഷനുകള്‍ നയിക്കുന്നതെന്ന് ആം ആദ്മി നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ സംഘടിതമായി കൂട്ട അവധിയെടുത്തു. ഡല്‍ഹി നഗരം ലോകത്തെ ഏറ്റവും മലിനമായ നഗരമായി പ്രഖ്യാപിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതിനു നിയന്ത്രണം പ്രഖ്യാപിച്ച നേരത്താണ് ഉദ്യോഗസ്ഥന്മാരുടെ വക ഉടക്കു വന്നത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമ്രന്തിയുടെ ഓഫിസാണെന്നു കെജ്‌രിവാള്‍.
പക്ഷേ, പണി പറ്റിയില്ല. ആയിരക്കണക്കിനു വോളന്റിയര്‍മാരെ ഇറക്കിയാണ് ഡല്‍ഹി ഭരണകൂടം വാഹനനിയന്ത്രണം വിജയമാക്കിയത്. മലിനീകരണത്തിനെതിരേയുള്ള ശക്തമായ നീക്കമായി അതു ലോക മാധ്യമങ്ങള്‍ കൊണ്ടാടി. അതിനു വേലവയ്ക്കാന്‍ ഇറങ്ങിയ കേന്ദ്രത്തിലെ ഏമാന്‍മാര്‍ ഇളിഭ്യരായി.
സത്യത്തില്‍ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിലെ മാതിരിയാണ് കെജ്‌രിവാള്‍ നരേന്ദ്ര മോദിയോട് ഏറ്റുമുട്ടുന്നത്. മോദി ഗുജറാത്തില്‍ ഇറക്കിയ നമ്പറുകള്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഏശുന്നില്ലെന്നതാണ് വാസ്തവം. അങ്ങേരുടെ ഭരണവും വ്യക്തിപരമായ പ്രതിച്ഛായയും നിരന്തരം മോശമായി വരുകയാണ്. ‘അച്ഛേ ദിന്‍ ആനേവാലേ ഹൈ’ എന്നൊക്കെ ഡയലോഗ് പറഞ്ഞു കേറിവന്ന പുള്ളിക്കാരന്‍ ഭരണത്തിലേറിയ ശേഷം നാട്ടില്‍ അങ്ങേരുടെ തല കണ്ട കാലം മറന്നു. ഇനി പുതിയ വര്‍ഷം വിദേശ യാത്രയൊക്കെ കുറച്ച് നാട്ടിലെ കാര്യത്തില്‍ ശ്രദ്ധിക്കാനാണ് തീരുമാനം എന്നു കേള്‍ക്കുന്നു.
പക്ഷേ, കാര്യങ്ങളുടെ കിടപ്പു നോക്കിയാല്‍ മോദിയുടെ ഭരണം ഏതാണ്ട് കുളമായെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഭരണനേട്ടം എന്നു പറയാന്‍ വിശേഷിച്ച് ഒന്നുംതന്നെയില്ല. സാമ്പത്തികരംഗത്ത് ഇതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു മന്‍മോഹന്റെ ഭരണകാലം എന്ന് ഇപ്പോള്‍ അത്യാവശ്യം എഴുത്തും വായനയും അറിയുന്ന എല്ലാവരും സമ്മതിക്കുന്നുണ്ട്. കയറ്റുമതിരംഗത്ത് തിരിച്ചടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ്.
ഇങ്ങനെയുള്ള അവസ്ഥയിലാണ് മോദിയും സം ഘവും വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പുകളിലേക്കു നീങ്ങുന്നത്. ബംഗാളിലും കേരളത്തിലും അടക്കം തിരഞ്ഞെടുപ്പു വരുന്നു. പക്ഷേ, കാവിപ്പടയ്ക്ക് ബിഹാറിലെ തിരിച്ചടിയില്‍ നിന്നു രക്ഷ നേടാനുള്ള കാര്യമായ വഴിയൊന്നും മുന്നിലില്ല എന്നതാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രം. $

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day