|    Jan 17 Tue, 2017 2:29 pm
FLASH NEWS

മൗനവും ഒരു പ്രതികരണമാണ്

Published : 19th October 2015 | Posted By: swapna en

ഒ അബ്ദുല്ല
മന്ദബുദ്ധികളെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിക്കുക താരതമ്യേന അയത്‌നലളിതമാണ്. ബുദ്ധിമാന്മാരെയാണ് പ്രയാസം. വെറും ബുദ്ധിമാന്മാരല്ല, അവര്‍ ബുദ്ധിരാക്ഷസന്മാര്‍ കൂടിയായാലോ. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കൊടുംബുദ്ധിമാനായ കെ ബാബുവിനെ ബിവറേജസ് കോര്‍പറേഷന്‍ അടച്ചുപൂട്ടേണ്ടതിന്റെ ആവശ്യകത ഈ ജന്മം ആര്‍ക്കെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കാനാവുമോ? ജോസഫ് എം പുതുശ്ശേരി മറ്റൊരുദാഹരണം. കെ എം മാണി മദ്യമുതലാളിമാരില്‍നിന്നു കോഴവാങ്ങുന്നതിന്റെ തെളിവ് വിഷ്വല്‍സ് കാണിച്ച് മാണി തെറ്റുചെയ്തിരിക്കുന്നു എന്നൊന്നു പറഞ്ഞുനോക്കൂ. പുതുശ്ശേരി പിടിച്ച മുയലിന്റെ തലയുടെ ഇരുവശങ്ങളിലും കൊമ്പു മുളച്ചുവരുന്നത് അന്നേരം നമുക്കു പച്ചയ്ക്കു കാണാനാവും.

ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലമായ മൗനം കഴിഞ്ഞ 16 ദിവസവും തുടര്‍ന്നുപോന്നതിന്റെ പൊരുള്‍ അന്വേഷിച്ച് പലരും പലതരം നിഗമനത്തിലെത്തുമ്പോള്‍ കേന്ദ്രമന്ത്രിസഭയിലെ ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹിബത്തുല്ലയ്ക്ക് അത്തരം പൊരുളുകളല്ല, ഇത്തരം നിസ്സാരകാര്യങ്ങളില്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ ഗുട്ടന്‍സാണു പിടികിട്ടാത്തത്. അവര്‍ക്കു മാത്രമല്ല, മോദി മന്ത്രിസഭയിലെ പ്രമുഖനായ നിതിന്‍ ഗഡ്കരി മുതല്‍ പേര്‍ക്കും മനസ്സിലാവുന്നില്ല ഈ വക പ്രതികരണങ്ങളുടെ പൊരുള്‍. സംഘപരിവാരത്തിന്റെ മലയാള മുഖപത്രത്തില്‍ ദാദ്രി സംഭവത്തെ ഒരെഴുത്തുകാരന്‍ എവിടെയോ നടന്ന ഒരു സാധാരണ സംഭവം എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ബിജെപി എംപിയും അത് ഏറ്റുപറഞ്ഞു: കാര്യം നിസ്സാരമാണത്രെ. അതായത് ഒരുകിലോ, അല്ലെങ്കില്‍ അരക്കിലോ ആടുമാംസം സ്വന്തം വീട്ടിലെ ഫ്രിജിലോ മറ്റു പാത്രങ്ങളിലോ സൂക്ഷിക്കുക എന്നത് ഇക്കാലത്ത് മഹാപാപമാണ്. സംഭവം നടന്നതിന്റെ ഏതാനും ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ബലിപെരുന്നാളിന് അതേ വീട്ടില്‍ വച്ച് വയര്‍ ‘ട്ടേ’ പൊട്ടുമാറ് ആടുമാംസം കഴിച്ചവര്‍ അതേ വീട്ടില്‍ ആടുമാംസം ബാക്കിയുണ്ട് എന്നറിഞ്ഞ് പ്രസ്തുത വീട്ടുടമയെ തല്ലിക്കൊല്ലുക എന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. ഇവിടെ വീട്ടുകാര്‍ ചെയ്ത തെറ്റ് എന്താണെന്നോ! അവര്‍ നേരത്തേ മാംസം കൊടുത്തു കൊതിപ്പിച്ചവരെ ഒരിക്കല്‍ക്കൂടി മാംസത്തിന്റെ മഹത്ത്വവും മണവും ആസ്വദിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കേണ്ടിയിരുന്നു. അതവര്‍ ചെയ്തില്ല.

കൊല തികച്ചും സ്ഥാനത്ത്. മുംബൈയില്‍ കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ചവരെ ഉദ്ദവ് താക്കറെ ആദരിച്ചപോലെ ദാദ്രിയില്‍ അഖ്‌ലാഖിനെ തല്ലിക്കൊന്നവരെ ബിജെപിക്കാര്‍ ആദരിച്ചില്ല എന്നതാണ് സംഭവത്തിലെ ഒരേയൊരു വീഴ്ച. ക്ഷമിച്ചുകളയാം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഇതുസംബന്ധമായ പ്രസ്താവനയില്‍ ശ്രദ്ധേയമായ ഒരു വശമുണ്ട്. അത് യഥാസമയം മനസ്സിലാക്കപ്പെട്ടിരുന്നുവെങ്കില്‍ മോദി ദാദ്രി സംഭവത്തില്‍ പ്രതികരിക്കാത്തതില്‍ ഇപ്പോള്‍ നടന്ന മുറുമുറുക്കലുകള്‍ ഒഴിവാക്കാമായിരുന്നു. മോദി ഭാരതം എന്ന ഒരു ബൃഹദ് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണെന്ന വസ്തുത ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ആവര്‍ത്തിച്ചോര്‍മിക്കണം. കേരളത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ (മനോജ്) കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രശ്‌നം സംസ്ഥാന കാര്യമായി തള്ളാതെ ഉടന്‍ പ്രതികരിച്ചു എന്നുവച്ച് പരിഹാരം കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പ്രശ്‌നങ്ങളുടെ കൂമ്പാരത്തിനു മുമ്പില്‍ സെല്‍ഫിയെടുക്കാനിരിക്കുന്ന പ്രധാനമന്ത്രി തന്നെ ദാദ്രി കാര്യത്തില്‍ പ്രതികരിക്കണമെന്നു പറയുന്നത് ദുശ്ശാഠ്യമാണ്. അക്കാര്യമാണ് നാഗ്പൂരിന്റെ ഓമന ഗഡ്കരി സൂചിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേവലം ഇന്ത്യയുടെ മാത്രം പ്രധാനമന്ത്രിയല്ല എന്ന വസ്തുതയും ഓര്‍ക്കണം. അദ്ദേഹത്തിന്റേത് ഒരു വിശ്വവ്യക്തിത്വമാണ്. ലോകമാകെ നിറഞ്ഞുനില്‍ക്കുന്ന ഒരപൂര്‍വ അനുഭവം. ഇന്ന് ഇന്ത്യയിലാണെങ്കില്‍ നാളെ അമേരിക്കയിലെ ഇന്ത്യാനയിലാണദ്ദേഹം. ഇന്ന് ചൈനയിലാണെങ്കില്‍ നാളെ കംപോഡിയയില്‍. കംപോഡിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിജി. നാളെ അദ്ദേഹം ആസ്‌ത്രേലിയയിലാണെങ്കില്‍ തൊട്ടടുത്ത ദിവസം കസാഖിസ്താനിലാണ്. വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിത്തന്നെയാണ് നരേന്ദ്ര മോദിയുടെ ഓരോ അടിവയ്പും. കേവലം രണ്ടുദിവസത്തെ ആസ്‌ത്രേലിയയിലെ മോദിയുടെ ഹോട്ടല്‍ ചെലവ് അഞ്ചുകോടി കവിഞ്ഞു എന്നുപറഞ്ഞ് ഇവിടെ കോണ്‍ഗ്രസ്സിലെ ചില കൂപമണ്ഡൂകങ്ങള്‍ ബഹളം വച്ചു എന്നതു ശരി. അവര്‍ പക്ഷേ, കഥയറിയാതെ ആട്ടം കാണുന്നവരാണ്. തന്റെ ഓരോ യാത്രയിലും അദ്ദേഹം സാധിച്ചെടുക്കുന്ന വിപ്ലവകരമായ നേട്ടങ്ങള്‍ മനസ്സിലാക്കാനോ അവയുടെ ചരിത്രപരമായ പ്രയാസം ഉള്‍ക്കൊള്ളാനോ വിമര്‍ശകര്‍ക്കാവുന്നില്ല എന്നതാണു വാസ്തവം.

അവരുടെ ദൃഷ്ടിയില്‍ ആണ്ടി നാദാപുരത്തു പോയപോലെ വെറും ഒരു മെയ്യഭ്യാസം മാത്രമാണ് മോദിയുടെ ഓരോ വിദേശയാത്രയും. പൊതുഖജനാവിലെ പാവപ്പെട്ടവന്റെ നികുതിപ്പണം പൊടിച്ചുതള്ളാനുള്ള ഒരേര്‍പ്പാട്. മോദി വിദേശയാത്ര വഴി എന്തുനേടി എന്നതിന് ഒരുദാഹരണം പറയാം. ഒറ്റ ഉദാഹരണം. ഇന്ത്യയിലെ അദ്ദേഹത്തിന്റെ അനുയായികള്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കൂ, സീതാദേവി ക്ഷേത്രം നിര്‍മിക്കൂ, ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കൂ എന്നും മറ്റും മുറവിളി കൂട്ടുമ്പോള്‍ നരേന്ദ്ര മോദി ചെയ്തത് എന്താണെന്നോ. അതാണറിയേണ്ടത്. തീര്‍ത്തും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയും സാഹചര്യവും ഉപയോഗപ്പെടുത്തി ജസീറത്തുല്‍ അറബ് അഥവാ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ വിഗ്രഹാരാധനയ്ക്കായി നരേന്ദ്ര മോദി അബൂദബിയിലെ കണ്ണായ സ്ഥലത്ത് ക്ഷേത്രനിര്‍മാണത്തിനാവശ്യമായ വിസ്തൃതമായ ഭൂമി പതിച്ചുവാങ്ങി. ആ ഒറ്റക്കാര്യം മതി ചരിത്രത്തില്‍ നരേന്ദ്ര മോദി എന്ന ചായക്കടക്കാരന്റെ പുത്രന്‍ എക്കാലത്തും ഓര്‍ക്കപ്പെടാന്‍. സംഭവത്തിന്റെ ഗൗരവവും പ്രാധാന്യവും പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാവാന്‍ ഒരല്‍പ്പം വിശദീകരണം ആവശ്യമാണ്.

ബഹുദൈവാരാധനയും പ്രസ്തുത ആരാധനയുടെ അനുബന്ധങ്ങളും തുടച്ചുനീക്കാന്‍ നിയുക്തനായ പ്രവാചകനാണ് ഇസ്‌ലാമികവിശ്വാസമനുസരിച്ച് പ്രവാചകന്‍ മുഹമ്മദ് നബി. അദ്ഭുതാവഹമായ ചരിത്രവേഗതയില്‍ അക്കാര്യം പൂര്‍ണമായി നിറവേറ്റി 23 വര്‍ഷക്കാലത്തെ പ്രവാചകദൗത്യത്തിനിടെ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്ന് വിഗ്രഹാരാധനയെ നിശ്ശേഷം ഇല്ലാതാക്കിയാണ് പ്രവാചകന്‍ പ്രപഞ്ചനാഥനിലേക്കു തിരിച്ചുപോയത്. ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ എന്തൊക്കെ സംഭവിച്ചാലും ജസീറത്തുല്‍ അറബ് പൂര്‍ണമായും വിഗ്രഹവിമുക്തമായിരിക്കുമെന്നതാണ് പരമ്പരാഗത ഇസ്‌ലാമിക സങ്കല്‍പ്പം. കാലങ്ങളായി ഈ വിശ്വാസം ഒരു യാഥാര്‍ഥ്യമായി നിലകൊള്ളുന്നു. എന്നാല്‍, അടുത്തകാലത്തായി ആ വിശ്വാസത്തിന് അല്‍പ്പാല്‍പ്പം ഭംഗം വന്നു. ചില ശെയ്ഖിടങ്ങള്‍ ചെറിയതോതില്‍ ക്ഷേത്രാരാധന അനുവദിച്ചു. വന്‍തോതിലുള്ള അഥവാ ഒരു രാജ്യത്തെ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിക്കൊണ്ടുള്ള ഒരു മഹാക്ഷേത്രം ഈ മേഖലയിലുണ്ടായിരുന്നില്ല. അതാണ് ഒരു ഉച്ച മുതല്‍ വൈകുന്നേരത്തെ കൊച്ചുവെയില്‍ മാഞ്ഞില്ലാതാവുന്നതിന്റെ ഇടവേളയില്‍ നരേന്ദ്ര മോദി സാധിച്ചെടുത്തിരിക്കുന്നത്.

മേലില്‍ ജസീറത്തുല്‍ അറബ് എന്ന പ്രവാചകനിയോഗത്താല്‍ അനുഗൃഹീതമായിത്തീര്‍ന്ന പ്രദേശത്ത് ക്ഷേത്രമോ വിഗ്രഹ പ്രതിഷ്ഠയോ ഇല്ല എന്ന പത്രാസും പറഞ്ഞ് മുസ്‌ലിംകള്‍ തെക്കുവടക്കു നടക്കില്ല. മുസ്‌ലിം ലോകത്തിന്റെ പ്രസ്തുത ഹുങ്കാണ് വളരെ ചെറിയൊരു കരുനീക്കത്തിലൂടെ നരേന്ദ്ര മോദി എന്നെന്നേക്കുമായി തകര്‍ത്ത് കൈയില്‍കൊടുത്തിരിക്കുന്നത് എന്ന കാര്യം നാളെ സംഘപരിവാരത്തിന്റെ ചരിത്ര താളുകളില്‍ സുവര്‍ണലിപിയില്‍ രേഖപ്പെടുത്തപ്പെടാന്‍ പോവുന്നു.ഒരു കാര്യം മുന്‍കൂട്ടി പറയാം- ഇതാ പിടിച്ചോളൂ: മുതിര്‍ന്ന കിളവന്‍ അറബ് ശെയ്ഖുമാരെയും ശെയ്ഖ് കുഞ്ഞന്മാരെയും കുപ്പിയിലാക്കി വിശുദ്ധ അറബിസ്താനില്‍ വിഗ്രഹാരാധനയ്ക്കു ഭൂമി തരപ്പെടുത്തിയെടുക്കാന്‍ നരേന്ദ്ര മോദി എന്ന ഡബിള്‍ സ്‌ട്രോങ് ആണ്‍കുട്ടിക്ക് കഴിഞ്ഞെങ്കില്‍ ആ ഭൂമിയില്‍ അബൂദബി പരിസരത്തുള്ള ഇന്ത്യക്കാരായ ചില വര്‍ത്തകപ്രമുഖന്മാരെ ഉപയോഗപ്പെടുത്തി, അവരുടെ മാത്രം പണം ഉപയോഗിച്ച്, അവരെക്കൊണ്ടു തന്നെ ക്ഷേത്രം നിര്‍മിപ്പിക്കാനും മോദിക്ക് കഴിയും. സംശയമുള്ളവരുണ്ടോ, കാത്തിരുന്നു കണ്ടോളൂ. ചേനക്കാര്യംകൊണ്ടു തുടങ്ങിയത് ചെന്നെത്തിയത് ആനക്കാര്യത്തില്‍.

ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാന്‍ വൈകി എന്നതായിരുന്നുവല്ലോ പരാതി. അത് ഭാഗികമായി മാത്രമാണു ശരി. നീണ്ട ഒമ്പതുദിവസത്തിനുശേഷം ഏറെ ഗൃഹപാഠം ചെയ്തശേഷം ദാദ്രി സംഭവത്തില്‍ നരേന്ദ്ര മോദി പ്രതികരിക്കുകതന്നെ ചെയ്തു. രാഷ്ട്രപതിയാണ് അദ്ദേഹത്തിന് ധൈര്യം പകര്‍ന്നത്. വിഷയത്തില്‍ പ്രതികരിക്കുക വഴി ഒരു ചുക്കും വരാനില്ലെന്ന് രാഷ്ട്രപതിയുടെ പ്രതികരണം വഴി നരേന്ദ്ര മോദി മനസ്സിലാക്കി. തുടര്‍ന്നതാ വരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അളന്നു കണക്കാക്കിയ പ്രതികരണം. മോദി പറഞ്ഞു: ”ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ത്തല്ലരുത്. ഇരുകൂട്ടരും വികസനത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.”  ഇന്ത്യന്‍ പാര്‍ലമെന്റ് കവാടത്തിലോ സ്‌കൂള്‍കുട്ടികളുടെ എടുത്താല്‍ പൊങ്ങാത്ത ബാഗുകള്‍ക്ക് പുറത്തോ ഒട്ടിക്കാവുന്ന ഒന്നാംതരം അമൃത്. മഹാത്മാ ഗാന്ധിയുടെ ജന്മനാട്ടില്‍ ജനിച്ച മോദിയെപ്പോലുള്ള മഹദ്‌വ്യക്തിയില്‍നിന്നല്ലാതെ ഇമ്മാതിരി അമൂല്യ വാചകങ്ങള്‍ പ്രതീക്ഷിക്കാനേ പറ്റില്ല.

എന്നുവച്ച് നരേന്ദ്ര മോദി ഭക്ഷ്യകാര്യത്തിലെന്നപോലെ പ്രതികരണത്തിലും ശുദ്ധ വെജിറ്റേറിയനാണെന്നോ അളമുട്ടിയാല്‍ മാത്രമേ തിരിച്ചു കടിക്കൂ എന്നൊന്നും ദയവായി ധരിച്ചു വശാവരുത്. ഒരുകൂട്ടം ഭൂരിപക്ഷ വര്‍ഗീയവാദികള്‍ ഒരു വീട്ടിലേക്ക് മാട്ടിറച്ചിയുടെ മണംപിടിച്ച് കയറിച്ചെന്ന് മധ്യവയസ്‌കനെ തല്ലിക്കൊന്നതിനെ ഹിന്ദു-മുസ്‌ലിം തമ്മിലടിയായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍നിന്ന് സമര്‍ഥമായി തലയൂരിയ മോദിക്ക് സിഎടി എന്നെഴുതിയാല്‍ കാറ്റ് എന്നു തന്നെ ശരിക്കും വായിക്കാനറിയാം. സംശയമുണ്ടെങ്കില്‍ ബിഹാറില്‍ അദ്ദേഹം ലാലുപ്രസാദ് യാദവിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലേക്ക് കണ്ണോടിക്കുകയേ വേണ്ടൂ. ഹിന്ദുക്കളിലും മുസ്‌ലിംകളെപ്പോലെ ബീഫ് കഴിക്കുന്നവരുണ്ട് എന്ന ലാലുവിന്റെ പ്രസ്താവമാണ് മോദിയെ ചൊടിപ്പിച്ചത്. ബീഫ് തിന്നുന്നവരോട് പാകിസ്താനിലേക്കു പോവാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി കല്‍പ്പിച്ചതാണ്.

‘മിയാന്‍ ഗായേക്കൂ കാഹേ ഹൈ’ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാചകം വടക്കെ ഇന്ത്യ മുഴുവന്‍ അലയടിച്ചത് വിസ്മരിച്ചുകൊണ്ടാണ് ലാലു ഹിന്ദുക്കളിലും മാട്ടിറച്ചി തിന്നുന്നവരുണ്ട് എന്ന കരിനാവു കരിഞ്ഞുപോവുന്ന പരാമര്‍ശം നടത്തിക്കളഞ്ഞത്. സ്വാഭാവികമായും മോദി ക്ഷുഭിതനായി. അദ്ദേഹം ലാലുവിനെ കുറിച്ച് പറഞ്ഞതെന്താണെന്നോ: ശൈത്താന്‍!ലാലു ഉടനെ തുല്യരീതിയില്‍ പ്രതികരിച്ചുകണ്ടില്ല. പാവം ശൈത്താന്‍. ഈ വയസ്സുകാലത്ത് എന്തെല്ലാം കേള്‍ക്കണം, എന്തെല്ലാം കാണണം.നരേന്ദ്ര മോദിയും സംഘപരിവാരവും എന്തുമാത്രം നിസ്സാരവല്‍ക്കരിച്ചാലും മനുഷ്യന്‍ എന്ത് ആഹരിക്കണം, ഫ്രിജില്‍ എന്തു സൂക്ഷിക്കണം, അടുക്കളയില്‍ കറിക്ക് എന്ത് അരിയണം, ചട്ടിയില്‍ എന്തു വറുക്കണം, എന്തെഴുതണം, എന്തു പറയണം എന്ന ഫാഷിസത്തിന്റെ ഇണ്ടാസുകള്‍ കണ്ടമ്പരന്ന ചിലര്‍ പ്രതീകാത്മകമായ പ്രതിഷേധം എന്ന നിലയ്ക്ക് തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി പഞ്ചാബ് തൊട്ട് കേരളം വരെയുള്ള സാഹിത്യകാരന്മാര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിയുന്ന തിരക്കിലാണ്.

ഒരു പുരസ്‌കാരം ലഭിച്ചിരുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ വളപ്പിലേക്കു വലിച്ചെറിയാമായിരുന്നു എന്ന് ആലോചിക്കുന്നവരും എത്രയോ.എന്നാല്‍, കാലുപിടിച്ചും അധികാരസ്ഥാനങ്ങളിലുള്ളവരുടെ കാല്‍മുട്ട് ഉഴിഞ്ഞും നേടിയെടുത്ത പുരസ്‌കാരങ്ങളാണ് വലിച്ചെറിയപ്പെടുന്നത് എന്നു പറയുന്നവരും കുറവല്ല. സാഹിത്യകാരി വല്‍സല പറഞ്ഞല്ലോ വാങ്ങിയ പുരസ്‌കാരങ്ങളാണ്, തേടിയെത്തിയവയല്ല തിരസ്‌കരിക്കപ്പെടുന്നത് എന്ന്. ഭവതി ഭരണത്തലപ്പത്ത് മഞ്ഞളിപ്പുരോഗം പ്രത്യക്ഷപ്പെട്ട നിമിഷംതൊട്ടു തന്നെ തൊണ്ട ശരിപ്പെടുത്തി ട്യൂണ്‍ അഡ്ജസ്റ്റ് ചെയ്ത് ഇടതുവശത്തുക്കൂടിയുള്ള നടത്തം മതിയാക്കിയ ആളാണ്. അതിനാല്‍ തന്നെ ഓരോരുത്തരായി കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും മറ്റും വിട്ടൊഴിയുമ്പോള്‍ പ്രസ്തുത പദവികള്‍ അധികമൊന്നും പ്രയാസപ്പെടാതെ തന്നെ തങ്ങളെ അന്വേഷിച്ചെത്തുമെന്ന ദൃഢവിശ്വാസത്തില്‍ വല്‍സലേട്ടത്തിമാര്‍ക്ക് ധൈര്യപൂര്‍വം മുമ്പോട്ടുപോവാം. എം ടി വാസുദേവന്‍ നായര്‍, സുഗതകുമാരി, അക്കിത്തം മുതല്‍ സാഹിത്യ തറവാട്ടിലെ കാരണവന്മാരെയൊന്നും സാഹിത്യ പുരസ്‌കാര തിരസ്‌കാര പട്ടികയില്‍ തിരിയിട്ടു തിരഞ്ഞിട്ടും കാണുന്നില്ല. മുഹമ്മദ് അഖ്‌ലാഖിനും കുടുംബത്തിനും സംഭവിച്ചത് വല്ല കുരങ്ങന്മാര്‍ക്കുമായിരുന്നു സംഭവിച്ചതെങ്കില്‍ സുഗതകുമാരി ടീച്ചര്‍ നെഞ്ചത്തടിച്ച് വിലപിച്ച് കവിത രചിച്ച് സ്‌പോട്ടില്‍ തലചുറ്റി വീഴുന്നത് കാണാന്‍ ഇടവരുമായിരുന്നു.

എം ടിയുടെ അലമാര നിറയെ പുരസ്‌കാരങ്ങളാണ്. അവയിലൊന്നുപോലും വലിച്ചെറിയാന്‍ അദ്ദേഹം മുതിര്‍ന്നു കാണുന്നില്ല. കറിയൊക്കെ നല്ലത് എനിക്ക് ഒഴിക്കണ്ട എന്നാണെന്നു തോന്നുന്നു നിലപാട്. സവര്‍ണ ഫാഷിസം ‘മ്പളെ ഫാഷിസം’ ആണെങ്കില്‍ സുഗതകുമാരിയും അക്കിത്തവുമൊക്കെ അതില്‍ എന്തിന് ബേജാറാവണം. തിരസ്‌കാരം അഭിനന്ദിക്കേണ്ട ഒന്നല്ല എന്നാണെന്നു തോന്നുന്നു ഞാന്‍ ഏറെ ആദരിക്കുന്ന സി രാധാകൃഷ്ണന്റെ നിലപാട്. അപ്പോള്‍ ഗാന്ധിജി ചെയ്തതോ? വിദേശാധിപത്യത്തിനെതിരേ വിദ്യാലയങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പറഞ്ഞ് തലമുറകളുടെ വിദ്യാഭ്യാസം മുടക്കിയതിലും വലുതാണോ ഷോക്കേസുകളില്‍ പൊടിപിടിച്ചുകിടക്കുന്ന ശില്‍പ്പങ്ങള്‍ വലിച്ചു ദൂരെയെറിഞ്ഞ് അഭിപ്രായസ്വാതന്ത്ര്യവും ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള അവസരവും നിലനിര്‍ത്താന്‍ വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ ഭാഗഭാക്കാവല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 152 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക