|    Jan 17 Tue, 2017 4:50 pm
FLASH NEWS

മ്യൂണിച്ച് വെടിവയ്പിനെ നോര്‍വേ കൂട്ടക്കൊല സ്വാധീനിച്ചു

Published : 24th July 2016 | Posted By: SMR

മ്യൂണിച്ച്: ജര്‍മനിയിലെ മ്യൂണിച്ചില്‍ വെടിവയ്പു നടത്തിയ 18കാരന്‍ മാനസികപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി പോലിസ്. കൂട്ടക്കൊലകളോട് ഇയാള്‍ക്കു താല്‍പര്യമുണ്ടായിരുന്നതായും അവര്‍ അറിയിച്ചു. കഴിഞ്ഞദിവസം മ്യൂണിച്ചിലെ ഒളിംപിയ ഷോപ്പിങ് മാളിലും സമീപത്തെ മെട്രോസ്‌റ്റേഷനിലുമായുണ്ടായ വെടിവയ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമം നടത്തിയശേഷം യുവാവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തിന് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂട്ടക്കൊലക്കേസുകളില്‍ പ്രതിയായ നോര്‍വേ സ്വദേശിയും തീവ്രവലതുപക്ഷ നിലപാടുകള്‍ക്കുടമയുമായ ആന്‍ഡ്രൂ ബെഹ്‌റിങ് ബ്രെവിക്കുമായി മ്യൂണിച്ച് വെടിവയ്പിനു ബന്ധമുണ്ടാവാമെന്നും അവര്‍ അറിയിച്ചു. ബ്രെവിക്കിനെപ്പോലുള്ളവര്‍ നടത്തിയ കൂട്ടക്കൊലകളോട് മ്യൂണിച്ചില്‍ അക്രമം നടത്തിയ അലി സൊന്‍ബോയ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആക്രമണങ്ങള്‍ സംബന്ധിച്ചു സൊന്‍ബോയ് ഗവേഷണം നടത്തിയതായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബ്രെവിക് സ്വീകരിച്ചിരുന്ന മാരകമായ അക്രമശൈലിയെക്കുറിച്ചും സൊന്‍ബോയ് മനസ്സിലാക്കിയിരുന്നു.
2011ല്‍ ബ്രെവിക് നടത്തിയ നോര്‍വേ ആക്രമണത്തിന്റെ വാര്‍ഷികത്തിലാണ് മ്യൂണിച്ച് വെടിവയ്പു നടന്നതെന്നും പോലിസ് അറിയിച്ചു. 2011 ജൂലൈ 22ന് തലസ്ഥാനം ഓസ്‌ലോയിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിലും ഉതോയയിലെ ഒരു തൊഴിലാളി ക്യാംപിലുമായി 77 പേരെ ബ്രെവിക് കൊലപ്പെടുത്തിയിരുന്നു. ഓസ്‌ലോയില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ബ്രെവിക് നടത്തിയ ബോംബാക്രമണത്തില്‍ എട്ടുപേരും ക്യാംപിലെ ആക്രമണത്തില്‍ 69 പേരുമാണ് കൊല്ലപ്പെട്ടത്. യുവാക്കളായിരുന്നു കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. കൂട്ടക്കൊലയെത്തുടര്‍ന്ന് ബ്രെവിക്കിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
ഇറാനിയന്‍ വംശജനായ സൊന്‍ബോയ്ക്ക് ഐഎസ് ബന്ധമില്ലെന്ന തരത്തിലാണ് തെളിവുകള്‍. ആക്രമണം രാഷ്ട്രീയപ്രേരിതമാണെന്നതിനുള്ള തെളിവുകളും ലഭിച്ചിട്ടില്ല. യുവാവ് വിഷാദരോഗം അനുഭവിച്ചിരുന്നതായും മാനസികാസ്വാസ്ഥ്യത്തിനു ചികില്‍സ തേടിയതായും പോലിസ് അറിയിച്ചു. മനോനില തെറ്റിയ ഒരാളുടെ അതിക്രമങ്ങളായിട്ടാണ് മ്യൂണിച്ച് വെടിവയ്പിനെ കാണാനാവുക എന്നും പോലിസ് പ്രതികരിച്ചു. അക്രമിയുടെ വീട്ടില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ കൂട്ടക്കൊലകളെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങളും ലഭിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക