|    Oct 18 Wed, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മറില്‍ റഖൈന്‍ പ്രശ്‌നപരിഹാര സമിതി ആദ്യയോഗം ചേര്‍ന്നു

Published : 6th September 2016 | Posted By: SMR

യംഗൂണ്‍: മ്യാന്‍മറില്‍ ബുദ്ധമത വിശ്വാസികളും റോഹിന്‍ഗ്യ മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന റഖൈനിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ രൂപം നല്‍കിയ സമിതി ആദ്യയോഗം ചേര്‍ന്നു. മ്യാന്‍മര്‍ ദേശീയ ഉപദേശക ഓങ് സാന്‍ സൂച്ചിയും യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനും യോഗത്തില്‍ പങ്കെടുത്തു. കോഫി അന്നന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിക്ക് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്.
റോഹിന്‍ഗ്യകളുടെ പ്രശ്‌നത്തില്‍ ഇടപെടാത്തത് സൂച്ചിയുടെ മനുഷ്യാവകാശ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും ഇക്കാര്യത്തില്‍ മൃദു സമീപനമാണ് കൈക്കൊണ്ടുപോന്നത്.
റഖൈന്‍ വിഷയത്തിന് പരിഹാരം കാണാന്‍ തങ്ങള്‍ക്കിതുവരെ സാധിച്ചിട്ടില്ലെന്നും പുതിയ സമിതിക്ക് പ്രശ്‌നപരിഹാരത്തിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും യംഗൂണില്‍ നടന്ന യോഗത്തില്‍ സൂച്ചി പറഞ്ഞു. 2012ല്‍ റഖൈനിലുണ്ടായ സംഘര്‍ഷത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ മതന്യൂനപക്ഷമായ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യകളില്‍ ഭൂരിഭാഗവും അഭയാര്‍ഥി ക്യാംപുകളിലാണ് കഴിയുന്നത്.
ആയിരക്കണക്കിനു പേര്‍ പട്ടിണി നേരിടുകയാണ്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നാരോപിച്ച് റോഹിന്‍ഗ്യകള്‍ക്ക് പൗരത്വവും സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക