|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മ്യാന്‍മറില്‍ പ്രശ്‌നങ്ങളില്ലെന്ന് ഓങ്‌സാന്‍ സൂച്ചി

Published : 20th September 2017 | Posted By: fsq

 

നേപ്പിഡോ: റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കിടെ സര്‍ക്കാരിനെ ന്യായീകരിച്ച് മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചി. ഭൂരിപക്ഷം റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളും കേടുപാടുകളേല്‍ക്കാതെ അവശേഷിക്കുന്നതായും എല്ലായിടത്തും അക്രമങ്ങള്‍ ഉണ്ടായില്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നും സൂച്ചി പറഞ്ഞു. തലസ്ഥാനമായ നെയ്പിഡോയില്‍ വിദേശ നയതന്ത്രപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പകുതിയിലധികം റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളെയും അതിക്രമം ബാധിച്ചിട്ടില്ല. ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ സത്യാവസ്ഥ ബോധ്യപ്പെടും. അന്താരാഷ്ട്ര നിരീക്ഷണങ്ങളെ ഭയക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന് നേരിട്ടെത്തി അവരെ സന്ദര്‍ശിക്കാം. മതവിശ്വാസങ്ങളുടെ പേരിലോ ഗോത്രപരമായ വ്യത്യാസത്തിന്റെ പേരിലോ ആളുകളെ വേര്‍തിരിക്കുന്ന രാജ്യമല്ല മ്യാന്‍മറെന്നും സൂച്ചി അവകാശപ്പെട്ടു.അതേസമയം, നാലുലക്ഷത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ സ്ഥിതി പരിശോധിക്കും. രാജ്യം വിട്ട റോഹിന്‍ഗ്യന്‍ വംശജരെ മടക്കിക്കൊണ്ടുവരുന്നതിനായി മ്യാന്‍മര്‍ തയ്യാറെടുക്കുകയാണെന്നും സൂച്ചി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച സൂച്ചി, കൂട്ടപ്പലായനം ഉണ്ടായത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. റോഹിന്‍ഗ്യരുടെ പലായനത്തിന് ഇടയാക്കിയ സൈനികാതിക്രമങ്ങളുടെ പേരില്‍ നൊബേല്‍ പുരസ്‌കാരജേതാവായ സൂച്ചിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് അവര്‍ പ്രതികരിക്കാന്‍ തയ്യാറായത്. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് നാലു ലക്ഷത്തോളം പേരാണ് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തത്. സൂച്ചിയുടെ പ്രതികരണത്തെ ഇന്ത്യ സ്വാഗതം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss