|    Jan 19 Thu, 2017 2:18 pm
FLASH NEWS

മ്യാന്‍മറില്‍ പിറക്കുന്നത് പുതുവസന്തം

Published : 18th March 2016 | Posted By: G.A.G

മ്യാന്‍മറിന്റെ പുതിയ പ്രസിഡന്റായി 70കാരനായ യു തിന്‍ ച്യോ ഏപ്രില്‍ ഒന്നിന് അധികാരമേല്‍ക്കും. 54 വര്‍ഷം നീണ്ട പട്ടാളവാഴ്ചയ്ക്ക് അന്ത്യം കുറിക്കുന്ന ഈ തിരഞ്ഞെടുപ്പ് മ്യാന്‍മറിലെ ജനാധിപത്യപക്ഷത്തിന് തികച്ചും ആഹ്ലാദവേളയാണ്.
1962ലാണ് സൈനികമേധാവികള്‍ അന്നത്തെ ബര്‍മയില്‍ അധികാരം പിടിച്ചടക്കിയത്. എണ്‍പതുകളുടെ അവസാനം മുതല്‍ രാജ്യത്തെ ജനാധിപത്യ പുനസ്ഥാപന പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു ഓങ്‌സാന്‍ സൂച്ചി. 1990ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെങ്കിലും പട്ടാളം അധികാരമൊഴിഞ്ഞില്ല. ദശാബ്ദങ്ങളുടെ വീട്ടുതടങ്കലും മറ്റു പീഡനങ്ങളും നേരിട്ടാണ് സൂച്ചി പോരാട്ടം നയിച്ചത്. സൈനിക ഭരണത്തിന്റെ ദുഷിച്ച മുഖം കാരണം മ്യാന്‍മര്‍ രാജ്യാന്തരരംഗത്ത് ഒറ്റപ്പെടുകയും ചെയ്തു.
കഴിഞ്ഞ നവംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) ഭൂരിപക്ഷം നേടി. സൂച്ചിയുടെ രണ്ട് മക്കള്‍ വിദേശ പൗരത്വമുള്ളവരാണ്. ഭാര്യയോ ഭര്‍ത്താവോ മക്കളോ വിദേശപൗരന്മാരാണെങ്കില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യത കല്‍പിക്കുന്ന ഭരണഘടനാവ്യവസ്ഥ സൂച്ചി അധികാരമേല്‍ക്കുന്നതിന് തടസ്സമായി. അവര്‍ അധികാരത്തില്‍ വരാതിരിക്കാനുള്ള സൂത്രം തന്നെയായിരുന്നു അത്. ഈ സാഹചര്യത്തിലാണ് ബാല്യകാലസുഹൃത്തായ തിന്‍ ച്യോ പ്രസിഡന്റാവുന്നത്. തനിക്ക് വിധേയനായിരിക്കും പ്രസിഡന്റെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ സൂച്ചി പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രീയാധികാരം കൈമാറുന്നതിന് െൈസനികമേധാവികള്‍ തയ്യാറായത് വലിയ നേട്ടമാണ്. എന്നാല്‍, സൈന്യം പൂര്‍ണമായും ബാരക്കുകളിലേക്കു മടങ്ങുന്നില്ല. സൂച്ചിയെ പ്രസിഡന്റാവാന്‍ അനുവദിക്കാതിരുന്നതും വൈസ് പ്രസിഡന്റായി മുമ്പ് സൈനിക ജണ്ടയിലെ റിട്ടയേര്‍ഡ് ജനറലും വിവാദ പുരുഷനുമായ മിന്‍ത് സ്യൂവിനെ അവരോധിച്ചതും ഇതിന്റെ സൂചനയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും 25 ശതമാനം സീറ്റ് സൈന്യത്തിന് സംവരണം ചെയ്യപ്പെട്ടതാണ്. ഭരണഘടനാ ഭേദഗതികള്‍  സൈനിക അംഗീകാരമില്ലാതെ നടപ്പാക്കാനാവില്ല. പ്രതിരോധം, ആഭ്യന്തരം, അതിര്‍ത്തികാര്യങ്ങള്‍ എന്നീ മൂന്ന് മന്ത്രാലയങ്ങളുടെ നേരിട്ടുള്ള നിയന്ത്രണവും സൈന്യത്തിനായിരിക്കും.
ലോകവും രാജ്യവും വലിയ പ്രതീക്ഷകളര്‍പ്പിക്കുന്നുവെങ്കിലും പുതിയ ഭരണകൂടത്തിനു മുന്നില്‍ വന്‍ വെല്ലുവിളികളുണ്ട്. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നാണ് മ്യാന്‍മര്‍. സാമ്പത്തികസ്ഥിതി വളരെ മോശമാണ്. സാമ്പത്തികവളര്‍ച്ച മുരടിച്ചു, ദശലക്ഷങ്ങള്‍ പട്ടിണിയില്‍ കഴിയുന്നു. റോഹിന്‍ഗ്യ മുസ്‌ലിംകള്‍ നേരിടുന്ന വംശഹത്യാഭീഷണിയാണ് രാജ്യത്തെ നാണംകെടുത്തുന്ന മറ്റൊന്ന്. റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്കു നേരെയുള്ള വംശഹത്യക്കു നേരെ, സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേത്രി കൂടിയായ, സൂച്ചി പാലിച്ച മൗനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പട്ടാളവാഴ്ചയുടെ ഇരുളില്‍ ജനാധിപത്യം പുലരുന്നതിന്റെ ചെറുനാളങ്ങള്‍പോലും തീര്‍ച്ചയായും വിലപ്പെട്ടതാണ്. ലക്ഷ്യബോധത്തോടെ മുന്നോട്ടുനീങ്ങാനും പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാനും സൂച്ചിക്കും തിന്‍ ച്യോവിനും കഴിയട്ടെ എന്ന് ആശംസിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക