|    May 29 Mon, 2017 1:23 pm
FLASH NEWS

മ്യാന്‍മറില്‍ ജനാധിപത്യ പുനസ്ഥാപനം

Published : 12th April 2016 | Posted By: SMR

അഡ്വ. ജി സുഗുണന്‍

മ്യാന്‍മര്‍ പ്രസിഡന്റായി നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഓങ്‌സാന്‍ സൂച്ചിയുടെ വിശ്വസ്തന്‍ തിന്‍ ച്യോ അധികാരമേറ്റു. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ജനപ്രതിനിധി പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക നിറമായ ഓറഞ്ച് ഷര്‍ട്ട് ധരിച്ചാണ് തിന്‍ ച്യോ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ദേശീയ അനുരഞ്ജനത്തിനും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നു പറഞ്ഞ ച്യോ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഐക്യത്തിന് വഴിയൊരുക്കുന്ന പുതിയ ഭരണഘടനയും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികളും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ സൂച്ചിക്കൊപ്പമുള്ള തിന്‍ ച്യോ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദധാരിയും നിലവില്‍ അവരുടെ ജീവകാരുണ്യസംഘടനയുടെ തലവനുമാണ്. ജനാധിപത്യ പ്രക്ഷോഭകാലത്ത് സൂച്ചിയുടെ ഡ്രൈവറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും അധ്യാപകനും സൂച്ചിയുടെ ഉപദേഷ്ടാവുമായ ഇദ്ദേഹത്തിന്റെ ഭാര്യയും പാര്‍ട്ടി എംപിയാണ്.
അധികാരം ഒഴിയുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍ ഡീന്‍ 2012 മുതല്‍ നടപ്പിലിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. തലമുറകളായി റാഖിനില്‍ കഴിയുന്ന റോഹിന്‍ഗ്യ മുസ്‌ലിംകള്‍ ഭരണകൂടത്തില്‍നിന്ന് കടുത്ത വിവേചനമാണ് നേരിടുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് റോഹിന്‍ഗ്യകളെ സര്‍ക്കാര്‍ കാണുന്നത്. ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും റോഹിന്‍ഗ്യകളെ പങ്കെടുപ്പിച്ചിരുന്നില്ല.
ഇന്ത്യയുടെ അയല്‍പക്കത്തുള്ള രാജ്യമാണ് മ്യാന്‍മര്‍. സാമ്പത്തികമായി വളരെ പിന്നണിയിലായ ഈ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അനേകം പ്രശ്‌നങ്ങളുണ്ട്. പട്ടാളസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ മ്യാന്‍മറിലെ മൂന്നുശതമാനം ജനങ്ങളില്‍ മാത്രമേ എത്തിയിട്ടുള്ളൂ. സായുധരായ വംശീയഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇവിടെ സാധാരണ സംഭവമാണ്.
അഞ്ചുകോടി 45 ലക്ഷമാണ് മ്യാന്‍മറിലെ ജനസംഖ്യ. രത്‌നഖനനം പധാന തൊഴിലാണ്. ടിമ്പര്‍ വ്യവസായവും നടക്കുന്നുണ്ട്. കല്‍ക്കരിഖനനം, പാചകവാതകമടക്കമുള്ള ഗ്യാസ് ഉല്‍പാദനം, നെല്ല്, റബര്‍, നാളികേരം, പൈനാപ്പിള്‍ അടക്കമുള്ള കൃഷികളും ഇവിടെ വ്യാപകമാണ്. അനധികൃത ഓപിയം കൃഷിയും സാര്‍വത്രികമാണ്.
രാജ്യത്ത് ഭൂരിപക്ഷസമുദായമായ ബുദ്ധിസ്റ്റുകളും റോഹിന്‍ഗ്യ മുസ്‌ലിംകളും തമ്മിലുള്ള സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും നിലനില്‍ക്കുകയാണ്. വിദേശാധിപത്യത്തിനെതിരായും പട്ടാളഭരണത്തിനെതിരായും നിരന്തര പ്രക്ഷോഭവും ചെറുത്തുനില്‍പ്പും നടത്തിയിട്ടുള്ള പാരമ്പര്യമാണ് മ്യാന്‍മറിനുള്ളത്. ബ്രിട്ടിഷ് ഭരണത്തില്‍നിന്ന് 1948ലാണ് ബര്‍മ സ്വതന്ത്രമാവുന്നത്. ബ്രിട്ടിഷ് സ്വേച്ഛാധിപത്യത്തിനെതിരായി ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പ്രക്ഷോഭങ്ങളാണ് അവിടെ നടന്നിട്ടുള്ളത്. 1962 മുതല്‍ രാജ്യം പട്ടാളഭരണത്തിലാണ്. ജനാധിപത്യപോരാളിയായ ഓങ്‌സാന്‍ സൂച്ചി വളരെ കാലത്തെ പ്രവാസജീവിതത്തിനുശേഷം 1988ലാണ് ബര്‍മയില്‍ തിരിച്ചെത്തുന്നത്. അന്ന് രാജ്യം ഭരിച്ചിരുന്ന സോഷ്യലിസ്റ്റ് മുന്നണി നേതാവ് രാജിവച്ചതിനെ തുടര്‍ന്ന് രാജ്യത്താകമാനം സമരം പൊട്ടിപ്പുറപ്പെടുകയും ഇതു മുതലാക്കി സൈനിക ഭരണകൂടം അധികാരമേല്‍ക്കുകയും ചെയ്തു.
നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) രൂപീകരിച്ചുകൊണ്ടായിരുന്നു സൂച്ചിയുടെ പോരാട്ടം. പട്ടാളഭരണകൂടം സൂച്ചിയെ വീട്ടുതടങ്കലിലാക്കി. രാജ്യം വിട്ടുപോയാല്‍ സ്വതന്ത്രയാക്കാമെന്ന വാഗ്ദാനം നിരസിച്ച സൂച്ചി പോരാട്ടം തുടര്‍ന്നു. 1990ലെ തിരഞ്ഞെടുപ്പില്‍ സൂച്ചിയുടെ പാര്‍ട്ടി വന്‍ വിജയം നേടി. എന്നാല്‍, പട്ടാളം അധികാരം ഇവര്‍ക്ക് കൈമാറിയില്ലെന്നു മാത്രമല്ല, ഇവര്‍ക്ക് പ്രസിഡന്റ് പദവിയില്‍ എത്തുന്നതിന് അയോഗ്യത കല്‍പിക്കുകയും ചെയ്തു. ആഗോളതലത്തിലുള്ള ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി 2010ല്‍ സൂച്ചി തടവില്‍നിന്നു മോചിതയായി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 8നാണ് മ്യാന്‍മറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്നുകോടിയോളം വരുന്ന വോട്ടര്‍മാരുള്ള രാജ്യത്തെ തിരഞ്ഞെടുപ്പ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതുമാണ്. 25 വര്‍ഷത്തിനുശേഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഓങ്‌സാന്‍ സൂച്ചി നേതൃത്വം നല്‍കുന്ന എന്‍എല്‍ഡി കൂറ്റന്‍ വിജയം കരസ്ഥമാക്കി. സൂച്ചിയുടെ പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷവും ലഭിച്ചു.
ബുദ്ധമതക്കാരും മുസ്‌ലിംകളും ആദിവാസികളും ഗോത്രവര്‍ഗങ്ങളുമെല്ലാം ഇടകലര്‍ന്ന് പൊതുവെ സൗഹാര്‍ദത്തോടെ ജീവിക്കുന്ന രാജ്യമാണ് മ്യാന്‍മര്‍. എന്നാല്‍ ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് തുടങ്ങിയ അതിര്‍ത്തിമേഖലയ്ക്കടുത്തു കഴിയുന്ന ബുദ്ധമതക്കാരല്ലാത്ത മുഴുവന്‍പേരെയും സൈന്യം നാടുകടത്തുകയുണ്ടായി. 1974ല്‍ രണ്ടു ലക്ഷത്തോളംപേരാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. റോഹിന്‍ഗ്യ മുസ്‌ലിംകളെ നിരന്തരം പീഡനത്തിനിരയാക്കി. 1978ല്‍ മാത്രം രണ്ടു ലക്ഷത്തോളം റോഹിന്‍ഗ്യ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായി. 26 വര്‍ഷത്തെ ജനറല്‍ നെവിന്റെ വാഴ്ചയ്ക്കു ശേഷമാണ് താന്‍ഷ്വോ 1974ല്‍ അധികാരമേല്‍ക്കുന്നത്. അദ്ദേഹം രാജ്യത്ത് ഏകകക്ഷിഭരണം പ്രഖ്യാപിക്കുകയും മറ്റു സംഘടനകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്‌കൗട്ട് പ്രസ്ഥാനംപോലും സൈനികനിയന്ത്രണത്തിലായി.
സൂച്ചി പ്രസിഡന്റാവുന്നത് തടയുന്ന നിയമം ഭരണഘടനയില്‍ നിലനില്‍ക്കുന്നത് ജനാധിപത്യത്തെയും തിരഞ്ഞെടുപ്പിനെയും ദുര്‍ബലപ്പെടുത്തുന്നതാണ്. എന്നിരുന്നാലും 1990ലെ തിരഞ്ഞെടുപ്പുപോലെ ഈ തിരഞ്ഞെടുപ്പിന്റെ ഫലം നിരര്‍ഥകമാക്കാന്‍ പട്ടാളത്തിനു സാധിച്ചിട്ടില്ല. കാരണം, അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധയും സാന്നിധ്യവും ഈ തിരഞ്ഞെടുപ്പില്‍ വളരെ ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day