|    Jan 22 Sun, 2017 7:04 am
FLASH NEWS

മ്യാന്‍മറില്‍ ജനാധിപത്യം പുലരുമോ?

Published : 12th November 2015 | Posted By: SMR

മ്യാന്‍മറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവും നൊബേല്‍ ജേതാവുമായ ഓങ്‌സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നിര്‍ണായക വിജയം നേടിയത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആഹ്ലാദം പകരുന്ന സംഭവവികാസമാണ്. ആറു പതിറ്റാണ്ട് നീണ്ടുനിന്ന ക്രൂരവും വംശീയവുമായ സൈനികഭരണത്തില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കുന്നതിനു തിരഞ്ഞെടുപ്പുവിജയം എല്‍എല്‍ഡിക്കു സഹായകമാവുമെന്നാണ് പ്രതീക്ഷ.
1990ല്‍ സൂച്ചിയുടെ പാര്‍ട്ടി വന്‍ വിജയം നേടിയപ്പോഴും അത്തരം പ്രതീക്ഷകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, സൈനിക മേധാവികള്‍ അവരെയും പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അഞ്ചു വര്‍ഷം മുമ്പ് സൈന്യം നടത്തിയ തിരഞ്ഞെടുപ്പു നാടകം അതിന്റെ അപഹാസ്യത കൊണ്ടു മാത്രമാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. മ്യാന്‍മര്‍ ജനത പൊതുവില്‍ അത് അവഗണിക്കുകയായിരുന്നു.
ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ് സൂച്ചിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിനാല്‍ താരതമ്യേന സുതാര്യമായിരുന്നു. യൂറോപ്യന്‍ യൂനിയന്റെ നിരീക്ഷകസംഘം ഏതാണ്ട് അങ്ങനെ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. 2011ല്‍ പരിഷ്‌കരണവാദിയെന്നു കരുതപ്പെടുന്ന തെയ്ന്‍ സെയ്ന്‍ നയിക്കുന്ന ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ പൗരന്‍മാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍, അത് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാനുള്ള തന്ത്രമായിരുന്നു എന്നു കരുതുന്നവരുണ്ട്. സൈന്യം തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 2008ല്‍ തട്ടിക്കൂട്ടിയെടുത്ത ഒരു ഹിതപരിശോധനയുടെ പിന്‍ബലത്തില്‍ നടപ്പാക്കിയ ഭരണഘടനയനുസരിച്ച് നാലില്‍ മൂന്നു ഭാഗം പാര്‍ലമെന്റ് അംഗങ്ങള്‍ സൈന്യം നാമനിര്‍ദേശം ചെയ്യുന്നവരാണ്.
മാത്രമല്ല, സൂച്ചിയെപ്പോലെ വലിയ ജനപിന്തുണയുള്ള ഒരു നേതാവ് പ്രസിഡന്റാവുന്നത് ഭരണഘടന വിലക്കുന്നു. ഭര്‍ത്താവും മക്കളും വിദേശപൗരന്‍മാരാണെന്ന ന്യായം പറഞ്ഞാണ് ഈ നിരോധനം. ഉപരോധം എടുത്തുകളഞ്ഞതോടെ ഭരണകൂടം കൂടുതല്‍ കര്‍ക്കശമായി പെരുമാറാന്‍ തുടങ്ങുകയും ചെയ്തു. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ചൈനയ്ക്കു ബദലായി മ്യാന്‍മറിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ അവസരം വന്നതോടെ ഇപ്പോള്‍ മൗനത്തിലുമാണ്.
അന്തിമ വിശകലനത്തില്‍ ഓങ്‌സാന്‍ സൂച്ചി ഗോത്ര-വര്‍ഗ-മതവിഭാഗീയതകള്‍ അവഗണിച്ചുകൊണ്ട് മ്യാന്‍മര്‍ ജനതയുടെ പൗരാവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ എത്രമാത്രം വിജയിക്കുമെന്ന സംശയവും ബാക്കിനില്‍ക്കുന്നു. എട്ടു ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരെ ബൗദ്ധതീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അവര്‍ ആലോചിച്ചുറച്ച മൗനത്തിലായിരുന്നു. പലായനം ചെയ്ത റോഹിന്‍ഗ്യകളില്‍ ചിലര്‍ ആന്തമാന്‍ കടലില്‍ മുങ്ങിമരിച്ചപ്പോള്‍ ദലൈലാമ വരെ മ്യാന്‍മര്‍ ഭരണകൂടത്തിനെതിരേ രംഗത്തുവന്നപ്പോഴും സൂച്ചിയില്‍ നിന്നു വലിയ പ്രതികരണമൊന്നുമുണ്ടായില്ല. അനേക വര്‍ഷം വീട്ടുതടങ്കലില്‍ കിടന്ന ഒരു പൗരാവകാശ പ്രവര്‍ത്തകയില്‍ നിന്നു ലോകം പ്രതീക്ഷിച്ചതായിരുന്നില്ല ആ മൗനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക