|    Nov 20 Mon, 2017 10:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മറിലേത് വംശീയ ഉന്‍മൂലനം

Published : 12th September 2017 | Posted By: fsq

ജനീവ: മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ നേരിടുന്ന ആക്രമണങ്ങളും അനീതിയും വംശീയ ഉന്‍മൂലനത്തിന്റെ ഉദാഹരണമെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഹിന്‍ഗ്യര്‍ക്കെതിരേ നടക്കുന്ന ക്രൂരമായ സൈനികനീക്കത്തെ അപലപിക്കുന്നതായി റഅദ് അല്‍ ഹുസയ്ന്‍ വ്യക്തമാക്കി.റാഖൈന്‍ സംസ്ഥാനത്തു മറ്റൊരു ക്രൂരമായ സൈനികനീക്കം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുമ്പുള്ളതിലും വലിയ നിരക്കിലാണ് അത് സംഭവിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 2.7 ലക്ഷത്തിലധികം പേര്‍ മ്യാന്‍മറില്‍നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞിരുന്നു. സുരക്ഷാ ഏജന്‍സികളും സായുധ വിഭാഗങ്ങളും റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നു. ഭരണകൂട കൊലപാതകങ്ങളാണ് സൈന്യം നടത്തുന്നത്. റോഹിന്‍ഗ്യര്‍തന്നെ അവരുടെ വീടുകള്‍ നശിപ്പിക്കുകയാണെന്നും സ്വന്തം ഗ്രാമങ്ങള്‍ മലിനമാക്കുകയാണെന്നും വരുത്തിത്തീര്‍ക്കുന്നതിനുള്ള മ്യാന്‍മര്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും റഅദ് അല്‍ ഹുസയ്ന്‍ ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍ മേഖലകളിലേക്കു മനുഷ്യാവകാശ അന്വേഷണ സംഘങ്ങള്‍ പ്രവേശിക്കുന്നതിനെ മ്യാന്‍മര്‍ സര്‍ക്കാര്‍ തടയുകയാണ്. സ്ഥിതിഗതികള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പക്ഷേ, അവിടെ സ്ഥിതിഗതികള്‍ വംശീയ ഉന്‍മൂലനത്തെക്കുറിച്ച്് പാഠപുസ്തകങ്ങളില്‍ പറയുന്ന ഉദാഹരണങ്ങള്‍ക്ക് സമാനമാണ്. മ്യാന്‍മര്‍ അധികൃതര്‍ അതിര്‍ത്തിയില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്നതായി റിപോര്‍ട്ട് പുറത്തുവരുന്നുണ്ട്. യാഥാര്‍ഥ്യം പുറത്തെത്തുന്നത് പൂര്‍ണമായി നിഷേധിക്കുന്ന നിലപാടാണ് മ്യാന്‍മര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മ്യാന്‍മറിനു പുറമെ യുഎസ്, വെനിസ്വേല, യമന്‍, ലിബിയ, ബുറുണ്ടി തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശപ്രശ്‌നങ്ങള്‍ സംബന്ധിച്ചും റഅദ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. യമനില്‍ 5,144 സിവിലിയന്‍മാര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായി യുഎന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളിലാണ് ഇതില്‍ ഭൂരിപക്ഷവും കൊല്ലപ്പെട്ടത്. രാജ്യത്തെ ആരോഗ്യപരിപാലന രംഗത്തുണ്ടായ തകര്‍ച്ചയും ജനങ്ങളുടെ പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ 6.5 ലക്ഷംപേര്‍ രാജ്യത്ത് കോളറ ബാധിതരായതായും അദ്ദേഹം വ്യക്തമാക്കി. യുഎസ് സര്‍ക്കാരിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകള്‍ ആശങ്കാജനകമാണെന്ന്്് റഅദ് വ്യക്തമാക്കി. രാജ്യത്ത്്് കുട്ടിക്കാലത്ത് നിയമവിരുദ്ധമായി കുടിയേറിയവര്‍ക്കു തൊഴിലെടുക്കുന്നതിന് അനുമതി നല്‍കുന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്് ഹുഡ്് അറൈവല്‍സ് (ഡിഎസിഎ) പദ്ധതി അവസാനിപ്പിക്കാനുള്ള ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. വെനിസ്വേലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിലുള്‍പ്പെടാന്‍ സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക