|    Oct 21 Sun, 2018 10:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മര്‍ : 1000ലധികം പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍; ഭൂരിപക്ഷവും റോഹിന്‍ഗ്യന്‍ വംശജര്‍

Published : 9th September 2017 | Posted By: fsq

 

സോള്‍: മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് സംഘര്‍ഷത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1000ലധികം പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ പ്രതിനിധി. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും റോഹിന്‍ഗ്യന്‍ വംശജരാണെന്ന് മ്യാന്‍മറിലെ യുഎന്‍ മനുഷ്യാവകാശവിഭാഗം പ്രത്യേക പ്രതിനിധി യാങ്ഹീ ലി പറഞ്ഞു. കഴിഞ്ഞ മാസം 25ലെ സൈനിക ഇടപെടലിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളിലാണ് റോഹിന്‍ഗ്യര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങളില്‍ 500ല്‍ താഴെപേര്‍ കൊല്ലപ്പെട്ടതായാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 2000നും 3000നും ഇടയില്‍ റോഹിന്‍ഗ്യര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി നേരത്തേ യൂറോപ്യന്‍ റോഹിന്‍ഗ്യന്‍ കൗണ്‍സില്‍  പറഞ്ഞിരുന്നു. അതേസമയം, മ്യാന്‍മറില്‍ നിന്ന് 2.7 ലക്ഷത്തോളം റോഹിന്‍ഗ്യര്‍ പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ (യുഎന്‍എച്ച്‌സിആര്‍) വക്താവ് വിവിയന്‍ താന്‍ അറിയിച്ചു. 1.64 ലക്ഷത്തോളം റോഹിന്‍ഗ്യര്‍ പലായനം ചെയ്തതായാണ്്് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍. അതിര്‍ത്തിയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ റോഗിന്‍ഗ്യര്‍ അഭയംതേടിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംഖ്യ വര്‍ധിച്ചതെന്നും യുഎന്‍ പ്രതിനിധി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ബംഗ്ലാദേശിലെത്തിയവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ബംഗ്ലാദേശിലേക്കുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥിപ്രവാഹം സംബന്ധിച്ച കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. മ്യാന്‍മറിലെ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും യുഎന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. റാഖൈനിലെ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ സൈന്യം തീവച്ചു നശിപ്പിക്കുന്നതായി ഉപഗ്രഹചിത്രങ്ങളില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ഇത് ശരിവയ്ക്കുന്ന തരത്തില്‍ 6600 റോഹിന്‍ഗ്യന്‍ ഭവനങ്ങളും മുസ്‌ലിം ഇതര വിഭാഗക്കാരുടെ 201 വീടുകളും അഗ്നിക്കിരയായതായി മ്യാന്‍മര്‍ അധികൃതരുടെ കണക്കുകളും ഇന്നലെ പുറത്തുവന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss