|    Jul 20 Fri, 2018 5:48 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം

Published : 20th September 2017 | Posted By: fsq

 

ലണ്ടന്‍: മ്യാന്‍മറിലെ ഓങ് സാന്‍ സൂച്ചി ഭരണകൂടത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍. റാഖൈന്‍ സംസ്ഥാനത്ത് റോഹിന്‍ഗ്യകള്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തമാവുമ്പോള്‍ മണലിനടിയിലേക്കു തല പൂഴ്ത്തുന്ന നിലപാടാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടു. റാഖൈന്‍ സംസ്ഥാനത്തെ മനുഷ്യാവകാശ ലംഘനങ്ങളെ സൂച്ചി അപലപിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ, റോഹിന്‍ഗ്യര്‍ക്കെതിരായ സൈന്യത്തിന്റെ ആക്രമണങ്ങളെ അഭിസംബോധന ചെയ്യാന്‍ അവര്‍ തയ്യാറാവുന്നില്ല. സൂച്ചിയും സര്‍ക്കാരും ഇപ്പോഴും മണലിനടിയില്‍ തല പൂഴ്ത്തിയിരിക്കുകയാണെന്നാണ് അവര്‍ വ്യക്തമാക്കിത്തരുന്നത്-  ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. റോഹിന്‍ഗ്യ അന്താരാഷ്ട്ര അന്വേഷണത്തെ ഭയക്കുന്നില്ലെന്ന്്് സൂച്ചി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. റോഹിന്‍ഗ്യകന്‍ വംശജര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അവര്‍ തന്നെയാണ് കാരണക്കാരെന്ന തരത്തിലാണ് സൂച്ചിയുടെ പ്രതികരണം. സൈന്യത്തെ പ്രതിരോധിക്കുന്ന നിലപാടും ഇന്നലെ മ്യാന്‍മര്‍ തലസ്ഥാനം നേപിഡോയില്‍ നടത്തിയ പ്രസംഗത്തില്‍ സൂച്ചി ആവര്‍ത്തിച്ചു. മ്യാന്‍മറിലെ ചൈനീസ് അംബാസഡര്‍ ഹോങ് ലിയാങ്, റഷ്യന്‍ അംബാസഡര്‍ നികോളേ ലിസ്‌തോപദോവ്, ബംഗ്ലാദേശ് സ്ഥാനപതി സുഫിഉര്‍റഹ്മാന്‍ തുടങ്ങിയവര്‍ സൂച്ചിയുടെ പ്രതികരണത്തെ സ്വാഗതംചെയ്തു. അസത്യങ്ങളും ഇരകളെ കുറ്റപ്പെടുത്തലുമാണ് അവരുടെ പ്രസംഗത്തില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു. റാഖൈനില്‍ സൈന്യത്തിന്റെ ഇടപെടല്‍ ഈ മാസം തുടക്കത്തില്‍ തന്നെ അവസാനിച്ചുവെന്നുള്ള അവരുടെ അവകാശവാദങ്ങള്‍ അസത്യമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. സൂച്ചിയുടെ അവകാശവാദം സത്യമാണെങ്കില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആരാണ് റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ തീവച്ചു നശിപ്പിച്ചതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതിനിധി ഫില്‍ റോബര്‍ട്ട്‌സണ്‍ ചോദിച്ചു. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ പകുതിയോളം ചുട്ടെരിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനു ലഭിച്ചിരുന്നു. പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാത്ത സൈന്യം ജനങ്ങളെ കൊല്ലുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആസ്‌ത്രേലിയയിലെ ഡീകിന്‍ സര്‍വകലാശാലയിലെ റോഹിന്‍ഗ്യന്‍ ഗവേഷകന്‍ റൊണാന്‍ ലീ പറഞ്ഞു. സൂച്ചിയുടെ പ്രതികരണം ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss