|    Jul 19 Thu, 2018 9:03 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മര്‍ സംഘര്‍ഷം: ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്ക്

Published : 6th September 2017 | Posted By: fsq

 

ധക്ക: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരേയുള്ള സൈനിക അതിക്രമം രൂക്ഷമായതോടെ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്ക്. 24 മണിക്കൂറിനുള്ളില്‍ 35,000 പേരാണ് പ്രവേശനാനുമതി കാത്ത് ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയത്. പത്തു ദിവസത്തിനിടെ ഒന്നേകാല്‍ ലക്ഷത്തോളം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ബംഗ്ലാദേശിലേക്ക് നീങ്ങിയത്. ഇവര്‍ കടുത്ത ഭക്ഷണ, ജല ദൗര്‍ലഭ്യം നേരിടുന്നതായി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു. മ്യാന്‍മര്‍ സര്‍ക്കാരിന്റെ വംശീയ നടപടികള്‍ക്കെതിരേ ആഗോളതലത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇന്തോനീസ്യന്‍ വിദേശകാര്യമന്ത്രി റെറ്റ്‌നോ മര്‍സുദി മ്യാന്‍മറിലെത്തി ആങ് സാന്‍ സൂചിയുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തി. മേഖലയില്‍ സമാധാനം ഉടന്‍ പുനസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മ്യാന്‍മറുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് ഇന്തോനീസ്യയിലെ മ്യാന്‍മര്‍ എംബസിക്കു മുന്നില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ പ്രകടനം നടന്നിരുന്നു. റോഹിന്‍ഗ്യന്‍ വംശജരെ മ്യാന്‍മര്‍ സൈന്യം ക്രൂരമായി പീഡിപ്പിക്കുന്നതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്ആര്‍സി വക്താവ് വിവിയന്‍ താന്‍ പറഞ്ഞു. ബലാല്‍സംഗം, കൊലപതകം തുടങ്ങിയ ക്രൂരകൃത്യങ്ങളില്‍ സൈന്യത്തിന് നേരിട്ടു പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഹിന്‍ഗ്യകള്‍ക്കുവേണ്ടിയുള്ള രണ്ട് യുഎന്‍ ക്യാംപുകള്‍ നിറഞ്ഞിരിക്കുകയാണ്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താന്‍ ബംഗ്ലാദേശും ഇന്ത്യയും തീരുമാനിച്ചതിനു പിന്നാലെയാണ് മ്യാന്‍മറില്‍ സൈന്യം വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. അതേസമയം, ആക്രമണം അഴിച്ചുവിടുന്ന സൈന്യത്തിനുനേരെ ചിലയിടങ്ങളില്‍ റോഹിന്‍ഗ്യന്‍ യുവാക്കള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്. മ്യാന്‍മറിനെതിരേ കനത്ത പ്രതിഷേധം പുകയുകയാണ്. സൈനികാതിക്രമങ്ങളെ പാകിസ്താനും മലേസ്യയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ മാലിദ്വീപ് മ്യാന്‍മറുമായുള്ള വ്യാപാര ബന്ധം വിച്ഛേദിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു. മ്യാന്‍മറിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനത്ത് ഒമ്പതു പോലിസുകാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണു സൈന്യം റോഹിന്‍ഗ്യകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. ബംഗ്ലാദേശ് മ്യാന്‍മര്‍ അതിര്‍ത്തിയിലെ പോസ്റ്റിനു സമീപത്താണ് പോലിസുകാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ സൈന്യം ജനവാസ മേഖലയില്‍ കടന്നുകയറി കൂട്ടക്കൊല നടത്തുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരേ വംശീയ ഉന്‍മൂലനം നടക്കുന്നതായി യുഎന്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് ജനങ്ങള്‍ സുരക്ഷാസേനയെ ചെറുക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നത്തില്‍ യുഎന്‍ ഇടപെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss