|    Apr 26 Thu, 2018 6:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മര്‍ : അതിര്‍ത്തി കടന്നത് 3.7ലക്ഷം റോഹിന്‍ഗ്യര്‍

Published : 13th September 2017 | Posted By: fsq

 

കോക്‌സ്ബസാര്‍(ബംഗ്ലാദേശ്): സൈന്യത്തിന്റെ ആക്രമണങ്ങളെത്തുടര്‍ന്ന് മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിന്‍ഗ്യന്‍ വംശജരുടെ എണ്ണം 3.7 ലക്ഷം കവിഞ്ഞതായി യുഎന്‍. കഴിഞ്ഞ മാസം 25 മുതലാണ് സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് റോഹിന്‍ഗ്യര്‍ വീണ്ടും പലായനം ആരംഭിച്ചത്. പ്രതിസന്ധി രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ റോഹിന്‍ഗ്യന്‍ വിഷയം യുഎന്‍ രക്ഷാസമിതി ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു. ബ്രിട്ടനും സ്വീഡനുമാണ് വിഷയം രക്ഷാസമിതിയില്‍ ചര്‍ച്ചചെയ്യാനാവശ്യപ്പെട്ടത്. അതേസമയം, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ തയ്യാറാവണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ആവശ്യപ്പെട്ടു. നിരപരാധികളായ ജനങ്ങളാണ് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യത്വപരമായി ഈ പ്രശ്‌നത്തെ സമീപിക്കാന്‍ മ്യാന്‍മര്‍ തയ്യാറാവണമെന്നും ശെയ്ഖ് ഹസീന അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ് അതിര്‍ത്തിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ നിലപാടിനെ വൈറ്റ്ഹൗസ് അപലപിച്ചു. മ്യാന്‍മറിലെ വടക്കന്‍ റാഖൈനില്‍ തുടരുന്ന പ്രതിസന്ധിയില്‍ ആശങ്കയുണ്ടെന്ന്്് വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി സാറ ഹക്കബീ സാന്‍ഡേഴ്‌സ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റോഹിന്‍ഗ്യരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഇരകളാവുകയും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നതില്‍ നിന്ന്് മ്യാന്‍മര്‍ സൈന്യം സിവിലിയന്‍മാരെ സംരക്ഷിക്കുന്നില്ലെന്നാണു വ്യക്തമാകുന്നത്. സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും വ്യവസ്ഥാപിത കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്നതും സംബന്ധിച്ച റിപോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. നിയമവാഴ്ചയെ അംഗീകരിക്കാന്‍ മ്യാന്‍മര്‍ സൈന്യം തയ്യാറാവണമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. മ്യാന്‍മറിനെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാടാണ് യുഎസിലെ ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്‍മറിനെ അനുകൂലിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. റോഹിന്‍ഗ്യ മുസ്‌ലിം ന്യൂനപക്ഷ വിഭാഗവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി ചൈന വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കുമായുള്ള മ്യാന്‍മര്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അംഗീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. മ്യാന്‍മറിന്റെ റോഹിന്‍ഗ്യ വിരുദ്ധ സൈനിക നീക്കത്തെ യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റഏദ് അല്‍ ഹുസയ്ന്‍ കഴിഞ്ഞദിവസം അപലപിച്ചിരുന്നു. വംശീയ ഉന്‍മൂലനത്തിന്റെ ഉദാഹരണമാണ് റാഖൈനില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ തുടരുന്ന ആക്രമണങ്ങളും സൈനിക നീക്കവുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും അദ്ദേഹം അപലപിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss