|    Jun 21 Thu, 2018 12:40 am
FLASH NEWS
Home   >  News now   >  

മോഹന്‍ ഭാഗവതിന്റെ വെളളരിപ്രാവുകള്‍

Published : 6th January 2016 | Posted By: G.A.G

mohan-bhagwat


നാഗ്പൂരില്‍ നിന്നും ഹ്രസ്വകാലത്തെ ഇടവേളക്കു ശേഷം രണ്ടാം കേരള സന്ദര്‍ശനത്തിനു കണ്ണൂരിലെത്തിയ ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് സിപിഎമ്മുമായി സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നറിയിച്ചിരിക്കുന്നു.രാജ്യത്തു മറ്റെങ്ങുമില്ലാത്ത സമാധാനകാംക്ഷ ആര്‍എസ്എസ് കേരളത്തില്‍ പ്രകടിപ്പിക്കാന്‍ എന്തായിരിക്കും കാരണം ?


 

ഇംതിഹാന്‍ ഒ അബ്ദുല്ല   

രേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു മുമ്പേ രാജ്യത്തെ സംഘ്പരിവാര്‍ ശക്തികളുടെ പ്രസംഗങ്ങളും പ്രസ്താവനകളും എന്തിനേറെ ശരീരഭാഷവരെ തികച്ചും അക്രമണോത്സുകമായിരുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ നിര്‍വീര്യമാക്കിയും വര്‍ഗീയതയെ കൃത്യമായ അളവില്‍ ഉദ്ദീപിപ്പിച്ചും അധികാരം കരഗതമായതോടെ വന്യമായ ഈ അക്രമണോത്സുകത അതിന്റെ പാരമ്യത്തിലെത്തി. രാഷ്ടീയപ്രതിയോഗികളോടും സാംസ്‌കാരികരംഗത്തെ ഭിന്നസ്വരങ്ങളോടും പരിവാര്‍ ശക്തികള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതാപരമായ കാഴ്ചപ്പാടുകള്‍ക്കെതിരെ മതനിരപേക്ഷ ശക്തികള്‍ രാജ്യവ്യാപകമായി കാമ്പയിനുകള്‍ പോലും നടത്തേണ്ടി വന്നിരിക്കുന്നു. രാജ്യം വിട്ടു പോവേണ്ടി വരുമോയെന്ന് രാജ്യത്തിന്റെ അഭിമാനമായ കലാകാരന്‍മാരും അവരുടെ കുടുംബാംഗങ്ങളും വരെ ആശങ്കപ്പെട്ട ദുരവസ്ഥ. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അരങ്ങേറിയ വര്‍ഗീയകലാപങ്ങളോ കല്‍ബുര്‍ഗി പോലുളള സാംസ്‌കാരിക നായകരുടെ കൊലപാതകങ്ങളോ ഒന്നും തന്നെ തങ്ങളുടെ നിലപാടില്‍ ഒരു പുനപ്പരിശോധനക്ക് ആര്‍ എസ് എസിനെയോ അതിന്റെ അവാന്തര വിഭാഗങ്ങളെയോ പ്രേരിപ്പിച്ചിട്ടില്ല. ബീഫ് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളോട്് ക്രിയാത്മകമായ സംവാദങ്ങള്‍ നടത്താനും അവര്‍ തയ്യാറായിട്ടില്ല.
എന്നാല്‍ നാഗ്പൂരില്‍ നിന്നും ഹ്രസ്വകാലത്തെ ഇടവേളക്കു ശേഷം രണ്ടാം കേരള സന്ദര്‍ശനത്തിനു കണ്ണൂരിലെത്തിയ ആര്‍.ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് സി.പി എമ്മുമായി സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നറിയിച്ചിരിക്കുന്നു. സവിശേഷമായ പ്രാദേശിക ഉല്‍പന്ന മികവുകള്‍ കൊണ്ടും സാംസ്‌കാരിക സവിശേഷതകള്‍ കൊണ്ടും കേരളത്തിലെ വ്യത്യസ്ത പ്രദേശങ്ങള്‍ ബ്രാന്റ് ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ല ബ്രാന്റ് ചെയ്യപ്പെട്ടത് രാഷ്ട്ീയ കൊലപാതകങ്ങളാലാണ്. അതില്‍ നല്ലൊരുപങ്കും സിപിഎമ്മും ആര്‍എസ്എസും തമ്മിലായിരുന്നു. സ്വാഭാവികമായും ഹിന്ദുസമുദായാംഗങ്ങള്‍ക്ക് ഭൂരിപക്ഷമുളള പാര്‍ട്ടികള്‍ എന്നതിനാല്‍ കൊലയാളികളും കൊല്ലപ്പെട്ടവരും ഹിന്ദുക്കള്‍ തന്നെയായിരുന്നു.

ഹിന്ദുക്കളുടെ കയ്യാലുളള ഈ ഹിന്ദുകൊല ഹിന്ദുസംരക്ഷണ മുദ്രവാക്യം മുഴക്കി കൊണ്ട് രാഷ്ട്രീയവ്യാപനം ലക്ഷ്യമിട്ട സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു സ്വത്വപ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഹിന്ദുക്കളുടെ കയ്യാലുളള ഈ ഹിന്ദുകൊല ഹിന്ദുസംരക്ഷണ മുദ്രവാക്യം മുഴക്കി കൊണ്ട് രാഷ്്ട്രീയവ്യാപനം ലക്ഷ്യമിട്ട സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു സ്വത്വപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എത്രത്തോളമെന്നാല്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളാല്‍ കൊലചെയ്യപ്പെടുന്നതിനെ ഹിന്ദുത്വമെന്നു പറയുന്നുവെന്ന ഫലിതം വരെ നവസാമൂഹിക മാധ്യമങ്ങളില്‍ അരങ്ങേറി.

സി.പി.എമ്മുമായി സമാധാനചര്‍ച്ചക്കു തയ്യാറാണെന്ന ആര്‍.എസ്.എസ് സര്‍ സംഘ് ചാലകിന്റെ പ്രസ്താവന ഈയൊരു പശ്ചാത്തലത്തില്‍  നിന്നു വേണം നോക്കിക്കാണാന്‍. ഭൂരിപക്ഷ സമുദായാംഗങ്ങള്‍ പരസ്പരമേറ്റുമുട്ടി രക്തസാക്ഷികളുടെ എണ്ണം വര്‍ധിപ്പിച്ചതു കൊണ്ട് കാര്യമായ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാവില്ലെന്ന തിരിച്ചറിവ് ഹിന്ദുത്വകക്ഷികള്‍ക്കുണ്ടായിട്ടുണ്ടെന്നു വ്യക്തം. മാത്രവുമല്ല ആര്‍.എസ്.എസ് ആഗ്രഹിക്കുന്ന സാമുദായിക ധ്രുവീകകരണത്തിന് അതു തിരിച്ചടിയാവുന്നുവെന്നും അവര്‍ മനസ്സിലാക്കുന്നു. നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തി കേന്ദ്രത്തില്‍ അമിത്ഷായും കേരളത്തില്‍ തീവ്രഹിന്ദുത്വത്തിന്റെ കറപുരളാത്ത പ്രതീകമായ കുമ്മനം രാജശേഖരനും നേതൃത്വം നല്‍കുന്ന തീവ്രഹിന്ദുത്വ ലൈനിന് അനിവാര്യമായും അനുഷ്ഠിക്കേണ്ടി വരുന്ന ന്യൂനപക്ഷ സാമുദായിക സംഘര്‍ഷങ്ങള്‍ക്കു പുറമെ നിലവിലുളള പ്രത്യയശാസ്ത്രാധിഷ്ഠിത ശാത്രവം കൂടി നിലനിര്‍ത്തുക പ്രയാസകരമാകുമെന്ന ബോധ്യവും ഈ സമാധാനകാംക്ഷക്കുളളില്‍ ഒളിഞ്ഞിരിപ്പുണ്ട്.
മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് അനുകൂല പ്രതികരണമറിയിച്ച സി.പി.എമ്മിന്റെ നിലപാടും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കമ്മ്യൂണിസ്‌ററ് പാര്‍ട്ടികളുടെ തനത് സവിശേഷതകളായ വര്‍ഗസമരവും സോഷ്യലിസ്‌ററ് വിപഌവവുമൊന്നും ആകര്‍ഷിക്കാത്ത ന്യൂ ജനറേഷനെ ആകര്‍ഷിക്കുവാന്‍ ; പ്രത്യേകിച്ചും സംഘ്പരിവാര്‍ കൂടാരത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷ സമുദായാംഗങ്ങളെ തിരിച്ചുപിടിക്കാന്‍ സ്വന്തമായി യാതൊരു ഫോര്‍മുലയും കയ്യിലില്ലാത്ത സി.പി.എം സംഘവരിവാറിനെ ചാണോട് ചാണ്‍ അനുകരിച്ചു കൊണ്ടിരിക്കുകയാണ്. അത് ശോഭയാത്രയില്‍ ആരംഭിച്ച് ക്ഷേത്രഭരണങ്ങളിലൂടെ മതേതര യോഗയില്‍ എത്തി നില്‍ക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം ലഭിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായ ഈ ഘട്ടത്തില്‍ ഭൂരിപക്ഷ സമുദായ മനസ്സിനെ അകറ്റുന്ന യാതൊരു നടപടിക്കും പാര്‍ട്ടിക്കു താല്‍പര്യമില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ അണുകുടുംബങ്ങളിലെ അരാഷ്ട്ീയവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന കാലഘട്ടത്തില്‍ വിശേഷിച്ചും.

Read more on: , ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക