|    Sep 20 Thu, 2018 4:10 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മോഹന്‍ ഭാഗവതിന്റെ ചാരിത്ര്യ പ്രസംഗം

Published : 2nd October 2017 | Posted By: G.A.G

മറ്റു നേതാക്കളൊന്നും പറഞ്ഞിട്ടു പോരാതെ ഒടുവില്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് തന്നെ രംഗത്തുവന്നിരിക്കുകയാണ്- ആരോപണം പതിവായി പറയുന്നതു തന്നെ. കേരളത്തിനു പുറമെ ഇത്തവണ പശ്ചിമബംഗാളിനെയും കൂടെ ചേര്‍ത്തിരിക്കുന്നു എന്നേയുള്ളൂ. ഈ രണ്ടു സംസ്ഥാനങ്ങളിലും ജിഹാദികള്‍ സജീവമാണ് എന്നാണ് ആര്‍എസ്എസ് മേധാവിയുടെ താങ്ങ്. ഇതിനെ കൈകാര്യം ചെയ്യാന്‍ ഈ രണ്ടു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ലെന്നു കൂടി പറയാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്നാമ്പുറത്തു നിന്നു കളിക്കുന്ന സംഘപരിവാരത്തിന്റെ പരമോന്നത നേതാവിന് മടിയേതുമുണ്ടായില്ല.
ഏകപക്ഷീയമായി മാത്രം ആക്രമണങ്ങളും കലാപങ്ങളും നടത്തി ശീലിച്ചിട്ടുള്ള ആര്‍എസ്എസ് ഈയിടെയായി കേരളത്തെ കലാപഭൂമിയാക്കാന്‍ പാടുപെടുന്നു. എത്ര കൊല നടത്തിയിട്ടും പ്രകോപനങ്ങളില്‍ വീഴാതെ മലയാളനാട് പിടിച്ചുനില്‍ക്കുന്നതിന്റെ സഹികേടില്‍നിന്നാണ് ഭാഗവതിന്റെ പ്രസ്താവന പുറത്തുവരുന്നത്.
എന്‍ഐഎ, സിബിഐ തുടങ്ങി മുഴുവന്‍ കേന്ദ്ര ഏജന്‍സികളും സംഘപരിവാരത്തിന്റെ ഓശാരം പറ്റുന്ന പോലിസ് ഉദ്യോഗസ്ഥരും കിണഞ്ഞുപരിശ്രമിച്ചിട്ടും ജിഹാദികളെ കേരളത്തില്‍ കണ്ടെത്താനാവുന്നില്ല. വിരലിലെണ്ണാവുന്ന ചിലരെ തീവ്രവാദികള്‍ എന്നു വിശേഷിപ്പിച്ച് ഇവിടെ കേന്ദ്ര ഏജന്‍സികള്‍ പൊക്കിയിട്ടുണ്ട്- എന്നാല്‍ തെളിയിക്കപ്പെട്ട കേസുകള്‍ തീരെയില്ലെന്നു തന്നെ പറയാം. സിറിയയിലും മറ്റും പോയെന്നു പറയുന്നവരെക്കുറിച്ചുപോലും വ്യക്തമായ വിവരങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ പക്കലില്ല.
സംഘപരിവാര ഫാഷിസത്തെ ആശയപരമായും ജനാധിപത്യപരമായും തടഞ്ഞുനിര്‍ത്തുന്ന പോപുലര്‍ ഫ്രണ്ടിനെതിരേയാണ് ഇപ്പോള്‍ പടവാളോങ്ങുന്നത്. മീഡിയകളിലൂടെ അപവാദങ്ങള്‍ കൊഴുപ്പിച്ചിട്ടും ഫലമൊന്നുമുണ്ടാവുന്നില്ല. എന്‍ഐഎയുടെ ഉത്തരവാദപ്പെട്ടവര്‍ പോപുലര്‍ ഫ്രണ്ടിനെതിരേ കുറ്റകരമായി ഒന്നും കാണുന്നില്ലെന്നു പറഞ്ഞു. ഈ നുണപ്രചാരണ കാംപയിനുകള്‍ക്ക് അടിവരയിടുകയാണ് ഭാഗവതിന്റെ യഥാര്‍ഥ ലക്ഷ്യം. സംസ്ഥാനത്തെ മൊത്തം അപമാനിക്കാന്‍ ശ്രമിച്ചതുകൊണ്ടാവണം മുഖ്യമന്ത്രി പിണറായി വിജയന്‍ പെട്ടെന്നു പ്രതികരിച്ചത്. അതു നന്നായി എന്നു തോന്നാമെങ്കിലും കേരള പോലിസിനെ സംഘികള്‍ക്ക് പണയംവച്ചതും നമ്മുടെ മുഖ്യമന്ത്രി തന്നെയാണ്. അതിന്റെ ഭവിഷ്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ അദ്ദേഹത്തിനു കഴിയില്ല.
ബിജെപി ഭരിക്കുന്നതും അല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഘപരിവാര സ്‌ഫോടനങ്ങള്‍ക്കും പതിനായിരക്കണക്കിന് വര്‍ഗീയകലാപങ്ങള്‍ക്കും സമീപകാല ഇന്ത്യയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞ ലിഞ്ചിങ് ഓപറേഷനുകള്‍ക്കും നേരെ കണ്ണടച്ച് കൊച്ചുകേരളത്തിലെ കൊച്ചു തിരിച്ചടികളില്‍ മനംപിരട്ടുന്നതു കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. യുപിയിലെ ക്രമസമാധാന തകര്‍ച്ചയോ ഗോരഖ്പൂരിലെ ശിശുഹത്യകളോ ഗോരക്ഷകരുടെ പരാക്രമങ്ങളോ ജുനൈദിന്റെയും അഖ്‌ലാഖിന്റെയും മരണങ്ങളോ ഒന്നും മോഹന്‍ ഭാഗവത് കണ്ടിട്ടില്ല, കേട്ടിട്ടേയില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss