|    Nov 18 Sun, 2018 8:44 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം നിരാശാജനകം; അമ്മയുടെ നിലപാടിനെതിരേ ഡബ്ല്യൂസിസി വീണ്ടും രംഗത്ത്

Published : 12th July 2018 | Posted By: kasim kzm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരേ നടിമാരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ കലക്ടീവ് സിനിമ (ഡബ്ല്യൂസിസി) വീണ്ടും രംഗത്ത്. പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്നു ഡബ്ല്യൂസിസി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്കു തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്‍ക്കുന്നു, ആരോടൊപ്പം നില്‍ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തുസൂക്ഷിക്കേണ്ട ധാര്‍മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തില്‍ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ്.
കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണ്. നടിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോഴും ആക്രമണം നേരിട്ടപ്പോഴും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചിരുന്നു.
എന്നാല്‍, രേഖാമൂലം പരാതി എഴുതിത്തരാന്‍ ഇവര്‍ ആവശ്യപ്പെട്ടതായി അറിവില്ലെന്നും ഡബ്ല്യൂസിസി വ്യക്തമാക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം അമ്മയില്‍ നിന്നു രാജിവച്ച ഡബ്ല്യൂസിസി അംഗങ്ങള്‍, രാജിവച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് നാലുപേരും അമ്മയുടെ ഒഫീഷ്യല്‍ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ച് ഉറപ്പുവരുത്തിയതാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നുവെന്നാണ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
എന്നാല്‍, അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നുവെന്നാണു തങ്ങള്‍ക്കറിയാന്‍ സാധിച്ചതെന്നു ഡബ്ല്യൂസിസി അംഗങ്ങള്‍ വ്യക്തമാക്കുന്നു. വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകള്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളില്‍ നടക്കേണ്ട സംവാദങ്ങളിലും തങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കുമെന്നും അടിയന്തര ചര്‍ച്ചയ്ക്കുള്ള തിയ്യതി തങ്ങളെ ഉടന്‍ അറിയിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഡബ്ല്യൂസിസി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss