|    Oct 16 Tue, 2018 11:02 am
FLASH NEWS

മോഹനന്‍ വധം: നാലു പ്രതികളെ പിടികൂടാനാവാതെ പോലിസ്‌

Published : 3rd November 2017 | Posted By: fsq

 

കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഎം നേതാവ് കുഴിച്ചാല്‍ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലിസിനായില്ല. ബാക്കിയുള്ള നാലു പ്രതികളെ പിടികൂടാതെ കുറ്റപത്രം നല്‍കാനാണ് പോലിസിന്റെ നീക്കം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ടിട്ടും മുഴുവന്‍ പ്രതികളെയും പിടികാടാനാവാത്തത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുമ്പോഴാണ്  പോലിസ് കുറ്റപത്രം നല്‍കി കൈകഴുകാന്‍ ഒരുങ്ങുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി അന്വേഷണസംഘം ജില്ലാ കലക്്ടറില്‍ നിന്നു അനുമതി തേടി. അനുമതി ലഭിക്കുന്നതോട 10 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാവുമെന്നാണ് കരുതുന്നത്. അതേസമയം, കേസില്‍ രണ്ടു പ്രതികള്‍ ജാമ്യനിബന്ധന ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. 2016 ഒക്ടോബര്‍ 10നു രാവിലെയാണ് സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗവും വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ മോഹനനെ കള്ളുഷാപ്പില്‍ കയറി ജോലിക്കിടെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 16 പേരാണ് പ്രതികള്‍. ഇവരില്‍ 12 പേര്‍ ഇതിനകം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. കുരിയോട്ടെ വി കെ രാഹുല്‍(23), രൂപേഷ് രാജ്(23), പാതിരിയാട്ടെ നവജിത്ത്(23), മിനീഷ്(32), പടുവിലായിയിലെ സി സായൂജ്(24), സജേഷ് (36), ഓടക്കാട്ടെ എം രാഹുല്‍(23), പി വി പ്രിയേഷ്(24) പാതിരിയാട്ടെ വിപിന്‍(37), ചക്കരക്കല്‍ തലമുണ്ടയിലെ ടി കെ റിജിന്‍(25), കീഴത്തൂരിലെ എം ആര്‍ ശ്രീനിലേഷ്(25), മാഹി ചെമ്പ്രയിലെ ഇ സുബീഷ്(31), പിണറായി പുത്തങ്കണ്ടത്തെ പ്രണൂ ബാബു (32), ചേരിക്കലിലെ സുര്‍ജിത് (30), ജിതേഷ്(32), ധര്‍മ്മടത്തെ എന്‍ ലനീഷ്(34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ ആറുപേരാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായതെന്ന് കണ്ടെത്തിയിരുന്നു.കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികളായ സി സായൂജ്, എം രാഹുല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ടി വി പ്രദീഷ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍നടപടികളിലേക്കായി കേസ് ഈ മാസം 8ലേക്ക് മാറ്റി. മറ്റൊരു ക്രിമിനല്‍ കേസിലും ഉള്‍പ്പെടാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണു രാഹുലിനും സായൂജിനും മോഹനന്‍ വധക്കേസില്‍ കോടതി നേരത്തേ ജാമ്യം നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതികള്‍ മോഹനനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.  കുറ്റപത്രം കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss