|    Apr 26 Thu, 2018 3:55 am
FLASH NEWS

മോഷണവും സ്ത്രീകളും ഹരമായ കൊലയാളി

Published : 28th July 2016 | Posted By: SMR

കൊല്ലം: മോഷണം ഹരമായിരുന്ന ആട് ആന്റണിക്ക് സ്ത്രീകള്‍ ഒരു ദൗര്‍ബല്യമായിരുന്നു.  നാടുനീളെ കല്യാണം കഴിക്കലായിരുന്നു ആന്റണിയുടെ ഹോബി. ഇതൊക്കെ ചെയ്തശേഷം ഒളിവില്‍ കഴിയുന്നതിലും സാമര്‍ഥ്യം തെളിയിച്ചു. പല രൂപത്തിലും വിവിധ പേരിലും പല നാടുകളിലായിരുന്നു ഒളിവുജീവിതം. ഒപ്പം ഒരു സ്ത്രീ കൂട്ടിനുണ്ടാകും. മോഷണങ്ങളിലൂടെയുള്ള സമ്പത്തുമായി സ്ത്രീകള്‍ക്കൊപ്പമുള്ള ആന്റണിയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്.
ആന്റണിയെ അന്വേഷിച്ചിറങ്ങിയ പോലിസ് 17ഓളം ഭാര്യമാരെയാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍ ബിസിനസുകാരനായും കംപ്യൂട്ടര്‍ പ്രഫഷനലായും വേഷമിട്ട ആട് ആന്റണി ജാതിയും മതവും മാറ്റി കല്യാണച്ചെറുക്കനാകാനും വിരുതനാണ്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി ഇയാള്‍ക്ക് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പോലിസിന് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അതു സത്യമാണെന്നു തെളിഞ്ഞു. തമിഴ്‌നാട്ടിലാണ് കൂടുതല്‍ ഭാര്യമാരുള്ളത്. അപ്പാര്‍ട്ട്‌മെന്റും വീടും വാടകയ്‌ക്കെടുത്താണ് ഭാര്യമാരെ താമസിപ്പിക്കാറ്. ഒളിത്താവളങ്ങളില്‍ സ്ത്രീ സാന്നിധ്യം ഇല്ലാത്ത സ്ഥലങ്ങള്‍ ഇല്ലെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലും ചെന്നൈയിലും മുംബൈയിലും വിശാഖപട്ടണത്തുമൊക്ക ഒളിത്താവളങ്ങളില്‍ ഭാര്യമാര്‍ കൂടെയുണ്ടായിരുന്നു. പോലിസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോള്‍ സന്തതസഹചാരി സൂസനെ ഒപ്പം കൂട്ടിയിരുന്നു.
തൃശൂര്‍ കൊരട്ടി സ്വദേശിനി സോജയാണ് ഇയാളുടെ ഔദ്യോഗിക ഭാര്യ. കൊല്ലം നഗരത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ വാടകവീട്ടില്‍ അമ്മയ്‌ക്കൊപ്പം താമസിക്കുമ്പോഴായിരുന്നു വിവാഹം. ടേപ്പ് റിക്കോര്‍ഡര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി ചെറുകിട മോഷണങ്ങള്‍ക്കു ജാമ്യത്തില്‍ കഴിയുന്ന കാലത്ത് വിവാഹ പരസ്യത്തിലൂടെയാണു സോജയെ പരിചയപ്പെട്ടത്. നാട്ടില്‍ ഇലക്‌ട്രോണിക് ഉപകരണ വിദഗ്ധനെന്നും ബന്ധുക്കള്‍ ഗള്‍ഫിലാണെന്നും പെണ്ണിന്റെ വീട്ടുകാരെ ധരിപ്പിച്ചു. തൃശൂരില്‍ നടന്ന വിവാഹത്തിനുമുണ്ടായിരുന്നു സവിശേഷതകള്‍. ബന്ധുക്കളെന്ന പേരില്‍ കൊല്ലത്തു നിന്നു കല്യാണത്തിനെത്തിയത് കോട്ടയ്ക്കകം വാര്‍ഡിനു സമീപം കെട്ടിട നിര്‍മാണത്തിനു തമ്പടിച്ചിരുന്ന പാറശാല സ്വദേശികള്‍.
മദ്യവും രണ്ടു ദിവസത്തെ പണിക്കൂലിയുമായിരുന്നു പ്രതിഫലം. കുണ്ടറ കുമ്പളത്തെ ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ അങ്ങനെ ആദ്യവിവാഹം കഴിഞ്ഞു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. കൊല്ലത്തുനിന്നു കോഴിക്കോട്ടേക്ക് ആന്റണി താവളം മാറ്റി. അധികം വൈകാതെ ഭാര്യമാര്‍ രണ്ടായി. 2002ല്‍ ഇയാള്‍ പോലീസ് പിടിയിലായതോടെ സോജ നിയമപരമായി ബന്ധം വേര്‍പെടുത്തി. മക്കള്‍ അമ്മയ്‌ക്കൊപ്പം കഴിയുന്നു. മക്കളെ തേടി ആന്റണി പിന്നീടൊരിക്കലും ആ വഴി ചെന്നിട്ടില്ല.
കോടമ്പാക്കത്ത് എത്തിയ പാലക്കാട് മലമ്പുഴ സ്വദേശിനി മായ എന്ന ബിന്ദു ആയിരുന്നു ആട് ആന്റണിയുടെ രണ്ടാമത്തെ ഇര. ചെന്നൈയില്‍ തങ്ങുമ്പോഴാണ് ആന്റണിയെ ബിന്ദു പരിചയപ്പെട്ടതും കല്യാണം കഴിക്കുന്നതും. പിന്നീട് കോഴിക്കോട്ടെ വാടകവീട്ടില്‍ എത്തി സോജയെ കണ്ടപ്പോഴാണ് ആന്റണി വിവാഹിതനാണെന്ന് ബിന്ദു അറിഞ്ഞത്. ഭാര്യമാരെ പരസ്പരധാരണയിലെത്തിച്ച് ആന്റണി പ്രശ്‌നം പരിഹരിച്ചു. അതു പക്ഷേ ഏറെ നീണ്ടില്ല. സോജ ബന്ധം വേര്‍പെടുത്തി. ബിന്ദു ആറു മാസം
ഗര്‍ഭിണിയായിരിക്കെ ആന്റണി കൊല്ലം പോലിസിന്റെ പിടിയിലായി.
പത്രങ്ങളിലെ വിവാഹപരസ്യങ്ങളിലെ പുനര്‍വിവാഹ കോളത്തിലാണ് ആട് ആന്റണി സ്ഥിരം പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ടു മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ഇതോടൊപ്പം നല്‍കും. അടുത്ത പരസ്യത്തില്‍ പുതിയ നമ്പര്‍ സ്ഥാനം പിടിക്കും. 2009 ജൂണ്‍ ഏഴിനു നല്‍കിയ പുനര്‍വിവാഹ പരസ്യത്തില്‍ കണ്ണമ്മൂല സ്വദേശി രാജേഷ് എന്ന ഹിന്ദു യുവാവായിരുന്ന ആന്റണി 2010 മേയ് ഒന്നിലെ പരസ്യത്തില്‍ പെന്തക്കോസ്ത് വിശ്വാസിയായി അവതരിച്ചു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ബിസിനസുകാരനായ മലയാളി, ചെന്നൈയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ തുടങ്ങിയ വേഷങ്ങളിലും.
പരസ്യത്തില്‍ പേരും സമുദായവും തൊഴിലുമൊക്കെ മാറിയാലും പ്രായം മാറില്ല, അത് 43 തന്നെ. പെണ്ണു കാണാനെത്തുമ്പോള്‍ ആന്റണി വധുവിന്റെ വീട്ടുകാരോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറും. ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തു മുന്തിയ വേഷത്തിലെത്തുന്ന ആന്റണിയെ ആരും ബഹുമാനിക്കും. ആദ്യ ഭാര്യ മരിച്ചുപോയെന്നും നാട്ടില്‍ അധികം ബന്ധുക്കളില്ലെന്നും വിശദീകരിക്കും. വിവാഹം ആര്‍ഭാടം കൂടാതെ വേണമെന്നതാണു മറ്റൊരു ആവശ്യം. മര്യാദക്കാരനായ ആന്റണിയെ ആരും സംശയിക്കില്ല. വിവാഹം കഴിഞ്ഞാല്‍ ഭാര്യമാരെ ചൊല്‍പ്പടിക്കു കൊണ്ടുവരുന്നതില്‍ ഇയാള്‍ക്കു പ്രത്യേക കഴിവുണ്ട്. ഭാര്യമാര്‍ക്ക് ആവശ്യത്തിനു സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും ആന്റണി സമ്മാനിച്ചിരുന്നു. എതിര്‍പ്പു കാണിക്കുന്ന ഭാര്യമാരെ നിര്‍ദയം മര്‍ദിച്ചു.
സോജ (തൃശൂര്‍), ഷൈല (വയനാട്), ബിന്ദുവെന്ന മായ (പാലക്കാട്), സ്മിത (ചേര്‍പ്പ്), എയ്ഞ്ചല്‍ മേരി (പ്രക്കാനം), സൂസന്‍ (എറണാകുളം), ശ്രീകല (എറണാകുളം), വിജി (കോഴിക്കോട്), സോജ (കോട്ടയം), കൊച്ചുമോള്‍ (മുംബൈ), ഗിരിജ (കൊല്ലം), കുഴിത്തുറ സ്വദേശി കുമാരി എന്നിലരാണ് പോലിസ് കണ്ടെത്തിയ ആട് ആന്റണിയുടെ ഭാര്യമാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss