|    Jan 17 Tue, 2017 6:38 pm
FLASH NEWS

മോഷണക്കേസ് പ്രതി അറസ്റ്റില്‍

Published : 12th July 2016 | Posted By: SMR

കല്‍പ്പറ്റ: പഴയ വൈത്തിരിയിലെ ഔട്ട്ഹൗസില്‍ താമസത്തിനെത്തിയവരില്‍ നിന്നു സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച യുവാവിനെ പോലിസ് പിടികൂടി. അമ്പലവയല്‍ വികാസ്‌നഗര്‍ കോളനിയിലെ താന്നിക്കല്‍ വീട്ടില്‍ അബ്ദുല്‍ ആബിദി(22)നെയാണ് കല്‍പ്പറ്റ ഡിവൈഎസ്പി കെ എസ് സാബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് ഐ ഫോണുകളും ഒരു സ്മാര്‍ട്ട് ഫോണും 38,800 രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 പവന്റെ മാലയുമാണ് പ്രതി മോഷ്ടിച്ചത്.
ഈ മാസം ഏഴിനു രാത്രിയായിരുന്നു മോഷണം. വിദേശത്ത് ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി വി സി ബിജു എന്നയാളുടേതാണ് വസ്തുക്കള്‍. ഇയാളും സുഹൃത്തുക്കളും സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള വൈത്തിരിയിലെ ഔട്ട്ഹൗസില്‍ താമസിക്കാനെത്തിയതായിരുന്നു. ബിജുവും സുഹൃത്തുക്കളും ഉറങ്ങിക്കിടക്കുന്ന സമയത്ത് പുലര്‍ച്ചെ മൂന്നോടെ അബ്ദുല്‍ ആബിദ് ഔട്ട്ഹൗസില്‍ കയറി മോഷ്ടിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. ഇവര്‍ ഉറങ്ങുന്നതുവരെ കാര്‍ഷെഡില്‍ ഒളിച്ചിരിക്കുകയായിരുന്നു അബ്ദുല്‍ ആബിദ്. മോഷണക്കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിച്ച പോലിസ് ടീമിന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു.
പ്രതി സമാനമായ രീതിയില്‍ മറ്റ് സുഖവാസ കേന്ദ്രങ്ങളില്‍ നിന്നു വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിച്ചതായി പോലിസ് മേധാവി പറഞ്ഞു. അബ്ദുല്‍ ആബിദ് മോഷണ വസ്തുക്കള്‍ വിറ്റ് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതു പോലിസ് കണ്ടെടുത്തു. ഐ ഫോണിന്റെ ലോക്ക് അഴിക്കാന്‍ കോഴിക്കോട്ടെ ഒരു കടയില്‍ ഏല്‍പ്പിച്ചിരുന്നു. കടയുടമ സംശയം തോന്നി ഫോണിന്റെ ലോക്ക് അഴിച്ചിരുന്നില്ല. മോഷണ വസ്തുക്കളെല്ലാം പോലിസ് കണ്ടെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റ് ആഡംബര ജീവിതമാണ് അബ്ദുല്‍ ആബിദ് നയിച്ചിരുന്നത്. ഇയാളുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. കോയമ്പത്തൂരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുകയാണെന്നാണ് ഇയാള്‍ നാട്ടില്‍ പറഞ്ഞു നടന്നിരുന്നത്. ബിജുവിന്റെ വസ്തുക്കള്‍ മോഷ്ടിച്ച ദിവസം തന്നെ പഴയ വൈത്തിരിയിലെ തന്നെ മറ്റൊരു ക്വാട്ടേഴ്‌സില്‍ നിന്ന് അബ്ദുല്‍ ആബിദ് മൂന്നു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നു.
തലേദിവസം വൈത്തിരിയിലെ തന്നെ ഒരു ഹോംസ്‌റ്റേയില്‍ നിന്നു പ്രതി മൂന്നു ഫോണുകള്‍ കൂടി മോഷ്ടിച്ചു. കഴിഞ്ഞവര്‍ഷം കല്‍പ്പറ്റയിലെ ഒരു സഖവാസ കേന്ദ്രത്തില്‍ നിന്നു ലാപ്‌ടോപ്പും മറ്റ് വസ്തുക്കളും മോഷ്ടിച്ചു. കല്‍പ്പറ്റ പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കേസിലും അബ്ദുല്‍ ആബിദ് പ്രതിയാണ്. ഈ സംഭവത്തില്‍ പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ പോലിസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്. വൈത്തിരി എസ്‌ഐ ഹിദായത്തുല്ല മാമ്പ്ര, എസ്‌ഐ ജയപ്രകാശ്, എഎസ്‌ഐ ജയചന്ദ്രന്‍, പോലിസുകാരായ അബ്ദുറഹ്മാന്‍, പ്രമോദ്, സലീം, ഷാജി, സുനില്‍രാജ്, ലതീഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക