|    Oct 22 Mon, 2018 1:45 pm
FLASH NEWS

മോഷണക്കേസ് പ്രതിയെ നാട്ടിലെത്തിച്ചു തെളിവെടുത്തു : വീട്ടില്‍നിന്ന് കവര്‍ച്ചാമുതലുകള്‍ കണ്ടെടുത്തു

Published : 6th September 2017 | Posted By: fsq

 

തളിപ്പറമ്പ്:  കോഴിക്കോട്ട് പിടിയിലായ മോഷണക്കേസ് പ്രതി ആലക്കോട് കൊച്ചുകുട്ടാപറമ്പ് സ്വദേശി കല്ലുപറമ്പില്‍ മുഹമ്മദി(37)നെ പോലിസ് നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോഴിക്കോട് നോര്‍ത്ത് എഡിജിപി പ്രൃഥ്വിരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കുന്നമംഗലം എസ്‌ഐ രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസമാണ് കൊച്ചുകുട്ടാപറമ്പിലെത്തിയത്. ഇവിടെയുള്ള മുഹമ്മദിന്റെ ആഢംബര വീട്ടില്‍ നിന്ന് പോലിസ് നിരവധി കവര്‍ച്ച മുതലുകള്‍ കണ്ടെടുത്തു. രണ്ടു കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച വീട്ടില്‍ പ്രത്യേകമായി പണിത അറകളിലാണ് ഇയാള്‍ മോഷണമുതലുകള്‍ ഒളിപ്പിച്ചിരുന്നത്. 25 പവനോളം സ്വര്‍ണാഭരണങ്ങള്‍, മൂന്നു റാഡോ വാച്ചുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാച്ചുകള്‍, വെള്ളി ആഭരണങ്ങള്‍, ടാബ്്‌ലെറ്റ്, പണം തുടങ്ങിയവയാണ് കണ്ടെടുത്തത്. മുഹമ്മദിനെയും കൊണ്ട് പോലിസ് കൊച്ചുപറമ്പിലെത്തുമ്പോ ള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങ ള്‍ വീട്ടിലുണ്ടായിരുന്നില്ല. പോലിസെത്തിയതറിഞ്ഞ് പരിസരവാസികളും നാട്ടുകാരും വീട്ടിനു മുന്നില്‍ തടിച്ചുകൂടി. നാട്ടില്‍ മാന്യമായി പെരുമാറിയിരുന്ന മുഹമ്മദ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. കുന്നമംഗലം, ചേവായൂര്‍, മുക്കം, താമരശ്ശേരി മേഖലകളിലെ നിരവധി വീടുകളില്‍ വന്‍ കവര്‍ച്ചകള്‍ നടത്തിയ മുഹമ്മദ് ഇതുവഴിയാണ് സമ്പാദിച്ചത്. ഏക്കര്‍ കണക്കിന് സ്ഥലവും കാസര്‍കോട് ബളാലില്‍ പെട്രോള്‍ ബങ്കുമുണ്ട്. മോഷണത്തിലൂടെ സമ്പാദിച്ച കരിമ്പത്തെ നാലേക്കര്‍ സ്ഥലം വിറ്റ പണം കൊണ്ട് കാസര്‍കോട് കൊന്നക്കാടില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലം നല്‍കിയാണ് ബളാലില്‍ പെട്രോള്‍ ബങ്ക് വാങ്ങിയത്. പിന്നീട് തര്‍ക്കത്തെ തുടര്‍ന്ന് ഉടമസ്ഥാവകാശം നഷ്ടപ്പെട്ടിരുന്നു. തളിപ്പറമ്പില്‍ ഇപ്പോഴും ഇയാളുടെ പേരില്‍ ഭൂമിയുണ്ട്. പോലിസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ വീട്ടുമുറ്റത്ത് ഒരു ആഢംബര കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഇത് ഭാര്യയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി കവര്‍ച്ചക്കേസുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം കോഴിക്കോട് കാരന്തൂരില്‍ നിന്നാണ്ഇയാള്‍ പിടിയിലായത്. 32 ഓളം കേസുകളില്‍ 500 പവന്‍ മോഷ്ടിച്ചതിന് ഇരിക്കൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളില്‍ നിന്നെല്ലാം തന്ത്രപൂര്‍വം രക്ഷപ്പെട്ട മുഹമ്മദ് വര്‍ഷങ്ങളായി കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. ഓരോ തവണയും ജാമ്യത്തിലിറങ്ങിയാല്‍ ഭാര്യയെ പരാതിക്കാരുടെ അടുത്തേക്കയച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss