|    Jul 21 Fri, 2017 4:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോഷണക്കേസ് പ്രതിയുടെ ശിക്ഷ കോടതി ഇളവ് ചെയ്യുന്നു

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ വിവിധയിടങ്ങളിലെ മോഷണത്തിന് ശിക്ഷിക്കപ്പെട്ട ബെണ്‍സണിന്റെ ശിക്ഷ നല്ല നടപ്പു പരിഗണിച്ച് സുപ്രിംകോടതി ഇളവ് ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂലൈ 31നു 40 തികഞ്ഞ ബെണ്‍സണ്‍ ഇതിനകം 12 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 12 മോഷണക്കേസുകളില്‍ പ്രതിയായ ബെണ്‍സണിനെ 19 വര്‍ഷത്തെ തടവിനാണു ശിക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന ബെണ്‍സണിന്റെ ആവശ്യം പരിഗണിച്ച കോടതി, ജയിലിലെ നല്ലനടപ്പ് പരിഗണിക്കുകയായിരുന്നു.
ശിക്ഷാകാലവധി 2022ലേ അവസാനിക്കൂ. ജസ്റ്റിസുമാരായ ദീപക് മിശ്രയും യു യു ലളിതും അടങ്ങുന്ന ബെഞ്ചാണ് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ഇതിനകം 12 വര്‍ഷം തടവുശിക്ഷയനുഭവിച്ച ബെണ്‍സണിന് നല്ലനടപ്പ് പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്യുന്നത്. വിവിധ കേസുകളില്‍ ലഭിച്ച മൂന്നും നാലും വര്‍ഷത്തെ തടവ് ഒന്നിച്ചുകൂടുമ്പോഴാണ് ശിക്ഷാകാലാവധി 19 വര്‍ഷം ആവുന്നത്. 2003ലാണ് ഇയാളുടെ തടവുശിക്ഷ ആരംഭിച്ചത്. കോടതി ഉത്തരവു പ്രകാരമുള്ള പിഴയടക്കാത്തതിനാല്‍ അധിക രണ്ടുവര്‍ഷത്തെ തടവുകൂടി കൂട്ടിയാല്‍ 2024 വരെ ഇയാള്‍ ജയിലില്‍ കഴിയണം.
മോഷണക്കേസില്‍ ഒരാള്‍ 19 വര്‍ഷം തടവില്‍ കഴിയുന്നതിലെ നിയമപ്രശ്‌നവും കോടതി പരിഗണിച്ചു. ഈ വിഷയത്തില്‍ കേരള ഡിജിപി(ജയില്‍)യുടെ റിപോര്‍ട്ടും സുപ്രിംകോടതി കണക്കിലെടുത്തു. ബൈക്കില്‍ പോവുന്നതിനിടെ മോഷണം നടത്തിയതുള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. ശിക്ഷയ്‌ക്കെതിരേ ബെണ്‍സണ്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ബെണ്‍സണ്‍ കഴിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക