|    May 24 Wed, 2017 11:52 am
FLASH NEWS

മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍

Published : 10th July 2016 | Posted By: SMR

പുത്തനത്താണി: നിരവധി മോഷണക്കേസിലെ പ്രതികളായ രണ്ടുപേര്‍ ബൈക്ക് മോഷണക്കേസില്‍ കല്‍പകഞ്ചേരി പോലിസിന്റെ പിടിയിലായി. ആതവനാട് അമ്പലപ്പറമ്പ് വെട്ടിക്കാട്ടു വരിക്കുഴിയില്‍ സനൂപ്(28), കരിപ്പോള്‍ കല്ലുവെട്ടുകുഴിയില്‍ ഇഖ്ബാല്‍(25) എന്നിവരെയാണ് കല്‍പകഞ്ചേരി എസ്‌ഐ രാജനും സംഘവും അറസ്റ്റ് ചെയ്തത്. പട്ടര്‍നടക്കാവില്‍ പോലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മോഷ്ടിച്ച ബൈക്കുമായി ഇരുവരും പിടിയിലാവുന്നത്. തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എടപ്പാളിലെ ആശുപത്രി പരിസരത്തുനിന്നും തിരൂരിലെ ഒരു തിയറ്ററില്‍നിന്നും മോഷ്ടിച്ച രണ്ട് ബൈക്കുകള്‍ പോലിസ് കണ്ടെടുത്തു.
പ്രതികളില്‍ സനൂപ് പെരിന്തല്‍മണ്ണ, കൊളത്തൂര്‍, വളാഞ്ചേരി, കാടാമ്പുഴ, തിരൂര്‍, കല്‍പകഞ്ചേരി സ്റ്റേഷനുകളില്‍ മാലമോഷണം, ബൈക്ക് മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കൂടാതെ ട്രെയിനില്‍ മോഷണം നടത്തിയ കേസിലും പ്രതിയാണ്.
വാടകയ്‌ക്കെടുക്കുന്ന വാഹനത്തില്‍ കറങ്ങിയാണ് ഇവര്‍ മോഷണം നടത്താറ്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ജ്വല്ലറിയില്‍നിന്ന് അഞ്ച് പവന്‍ കവര്‍ന്ന പ്രതി പിടിയില്‍
മഞ്ചേരി: കാവനൂരിലെ ജ്വല്ലറിയില്‍ നിന്നു അഞ്ച് പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. വയനാട് ജില്ലയിലെ മാനന്തവാടി വെള്ളമുണ്ട പള്ളിക്കുന്നുമ്മല്‍ ഷമീര്‍(30) ആണ് ഇന്നലെ പുലര്‍ച്ചെ മഞ്ചേരി എസ്‌ഐ എസ് ബി കൈലാസ്, അരീക്കോട് എഎസ്‌ഐ എ എം മുഹമ്മദ്, സ്‌ക്വാഡംഗങ്ങളായ ശ്രീകുമാര്‍ പത്തപ്പിരിയം, പി സഞ്ജു, സുരേഷ് എന്നിവര്‍ പിടികൂടിയത്. 26 ഗ്രാമടങ്ങുന്ന കമ്മല്‍, ബ്രെസ്‌ലെറ്റ്, ജിംകി എന്നിവ പ്രതിയില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ ആറിനാണ് കാവനൂരിലെ പരിയാരക്കല്‍ രമേശിന്റെ ഷിനില ജ്വല്ലറിയില്‍ മോഷണം നടന്നത്.
രാത്രി 12നും പുലര്‍ച്ചെ ആറിനുമിടയില്‍ പൂട്ട് പൊളിച്ചാണ് പ്രതി അകത്തുകടന്നത്. കൂടുതല്‍ സ്വര്‍ണം ഉണ്ടായിരുന്നെങ്കിലും സിസി ടിവി കണ്ടതോടെ കുറച്ച് സ്വര്‍ണം മാത്രമെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. ഒരു തവണ പൂട്ട് പൊട്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാവല്‍ക്കാരനെ കണ്ടതോടെ പിന്‍വാങ്ങി. ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആക്‌സ് ഓഫ് ബ്ലെയ്ഡ് ഉപയോഗിച്ച് പൂട്ട് പൊട്ടിച്ചതെന്ന് പ്രതി പോലിസിനോട് സമ്മതിച്ചു. പ്രദേശത്ത് താമസിച്ചുവരികയായിരുന്ന പ്രതിയെ തൊട്ടടുത്ത ബാക്കറിയുടമ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് പ്രതിയെ കല്‍പറ്റയിലെ ലോഡ്ജില്‍ നിന്നു പിടികൂടിയത്.
മാനന്തവാടിയില്‍ പ്രതിക്കെതിരേ ഒരു കേസുണ്ട്. അരീക്കോട് പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day