|    Oct 21 Sun, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മോഷണക്കുറ്റം ആരോപിച്ച് യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദനം

Published : 6th September 2017 | Posted By: fsq

 

തളിപ്പറമ്പ്: മൊബൈല്‍ ഫോ ണ്‍ മോഷ്ടിച്ചെന്നാരോപിച്ച് തളിപ്പറമ്പില്‍ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചു. ഞായറാഴ്ച ഉത്രാടനാളില്‍ വൈകീട്ടാണ് സംഭവം. കോടതി റോഡില്‍ വച്ചാ ണ് രണ്ടുപേര്‍ ചേര്‍ന്ന് തളിപ്പറമ്പ് അള്ളാംകുളം ഫാത്തിമാസില്‍ ജുനൈദി(23)നെ മര്‍ദിച്ചത്.എന്നാല്‍, മര്‍ദനമേറ്റയാളെ കണ്ടെത്താനാവാത്തതിനാലും പരാതി ലഭിക്കാത്തതിനാലും കേസെടുക്കാനാവില്ലെന്നാണ് പോലിസ് ഭാഷ്യം. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് തളിപ്പറമ്പിലെ ബേക്കറിയില്‍നിന്ന് യുവാവ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. മോഷണംപോയെന്നു പറയുന്ന ഫോണ്‍ വില്‍ക്കാനായി തളിപ്പറമ്പിലെ ഒരു കടയില്‍ യുവാവ് എത്തിയിരുന്നു. സംശയം തോന്നിയ കടയുടമ ബേക്കറിയില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ജുനൈദിനെ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. ഫോണ്‍ തിരികെ നല്‍കാമെന്ന ഉറപ്പിന്‍മേല്‍ സ്‌റ്റേഷനില്‍നിന്ന് വിട്ടയച്ചെന്നാണു പറയപ്പെടുന്നത്. എന്നാല്‍, ഫോണ്‍ മോഷ്ടിച്ചിട്ടില്ലെന്ന് വ്യക്തമായതിനാല്‍ വിട്ടയച്ചതാണെന്നും സംസാരമുണ്ട്. ഇതിനുശേഷമാണ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട യുവാവും സുഹൃത്തും ചേര്‍ന്ന് ജുനൈദ്ദിനെ നടുറോഡിലിട്ട് മര്‍ദിച്ചത്. മര്‍ദനമേറ്റ യുവാവ് അലറിവിളിച്ചെങ്കിലും രണ്ടംഗസംഘം ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്തു നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദനം തുടരുന്നതാണു ദൃശ്യങ്ങളിലുള്ളത്. റോഡിലൂടെ വലിച്ചിഴച്ച് മാര്‍ക്കറ്റ് വരെ കൊണ്ടുപോയശേഷവും മര്‍ദനം തുടര്‍ന്നു. വയറ്റത്ത് ചവിട്ടി യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോവുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ,  താന്‍ കുറ്റക്കാരനല്ലെന്നും സ്‌റ്റേഷനില്‍ പോയി എല്ലാം ഒത്തുതീര്‍ത്തെന്നും യുവാവ് വിളിച്ചുപറയുന്നുണ്ട്. ഉത്രാടനാളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ ജനക്കൂട്ടത്തിനു മുന്നിലാണു മര്‍ദനം അരങ്ങേറിയതെങ്കിലും ആരും തടയാന്‍ തയ്യാറായില്ല. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മര്‍ദിച്ചവരെ തേടി പോലിസ് വീടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. പ്രതികളെ തിരിച്ചറിഞ്ഞതായും യുവാവിനെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കിയതായും പോലിസ് അറിയിച്ചു. കപ്പാലം, കാര്യമ്പലം സ്വദേശികളായ രണ്ടുപേരാണ് അക്രമികളെന്നാണു പോലിസ് നല്‍കുന്ന സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss