|    Apr 28 Fri, 2017 2:07 am
FLASH NEWS

മോഷണം; തൊടുപുഴയില്‍ കൗമാര സംഘം പിടിയില്‍

Published : 1st November 2016 | Posted By: SMR

തൊടുപുഴ: മോഷണം കലയാക്കിയ കൗമാര തസ്‌കര സംഘം പിടിയില്‍. 13 മോഷണ കേസിലെ പ്രതികളെയാണ് തൊടുപുഴയിലെ മൊെബെല്‍ മോഷണവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലിസ് പിടികൂടിയത്. ബൈക്ക് മോഷണം മുതല്‍ ചോക്ലേറ്റ് വരെയാണ് നാലംഗ സംഘം മോഷ്ടിച്ചത്. സംഘത്തില്‍ ഒരാള്‍ക്കു മാത്രമാണ് പ്രായപൂര്‍ത്തിയായത്. പെരുമ്പാവൂര്‍ പുളിക്കകുടി അല്‍ത്താഫ് (18) പ്രായപൂര്‍ത്തിയാവാത്ത മുന്നു പേര്‍ എന്നിവരെയാണ് പോലിസ് 28 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത്.എല്ലാവരും മുവാറ്റുപുഴയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് സംഘം തൊടുപുഴയിലെത്തിയത്. തുടര്‍ന്ന് ഇടുക്കി-തൊടുപുഴ റൂട്ടിലെ ഇടുക്കി മൊബൈല്‍സില്‍ കയറിയാണ് മോഷണം. കടയുടെ മുകള്‍ ഭാഗത്തുള്ള വിടവിലൂടെ കൗമാര സംഘം കൂട്ടത്തിലെ തലവനായ 17 വയസ്സുകാരനെ തോളില്‍ ചവിട്ടി അകത്ത് കയറ്റി. അകത്ത് കയറി ലാപ്‌ടോപ്പും മൂന്ന് ഫോണുകളും കവര്‍ന്നു. കടക്കുള്ളില്‍ മലമൂത്ര വിസര്‍ജനവും നടത്തിയ ശേഷമാണ് കൗമാരക്കാരന്‍ പുറത്തിറങ്ങിയത്. ഇതിനു ശേഷം സംഘം ഫോണ്‍ വിറ്റു. അന്വേഷണത്തില്‍ പോലിസ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി.എറണാകുളം ജില്ലയില്‍ സംഘം നടത്തിയിത് 12 മോഷണങ്ങളാണ്. കളമശേരി, മണ്ണൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മോട്ടോര്‍ സൈക്കിളും, പുത്തന്‍കുരിശ് ടൗണിലെ തുണിക്കടയില്‍ നിന്നും ഷര്‍ട്ടുകള്‍, പാന്റുകള്‍, ടീ ഷര്‍ട്ടുകള്‍, കാലടിയിലെ പച്ചക്കറി കടയില്‍ നിന്ന് 15000 രൂപയും, 1000 രൂപയുടെ നാണയതുട്ടുകളും, കടാതി, ആനിക്കാട് എന്നിവിടങ്ങളിലെ ബേക്കറിയില്‍ നിന്നും ചോക്ലേറ്റും, ഐസ്‌ക്രീം, മൊബൈല്‍ ഫോണും, 4000 രുപയുടെ റീചാര്‍ജ് കൂപ്പണുകള്‍, അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകളും, പണവും അപഹരിച്ച കേസുകളാണ് കുട്ടിസംഘം പോലിസിനോട് തുറന്നു പറഞ്ഞത്.2015ല്‍ സംഘത്തിലെ പ്രായപൂര്‍ത്തിയാവാത്ത 15 വയസ്സുകാരന്‍ പെരുമ്പാവുരിലുള്ള രണ്ട് വീടുകളില്‍ കയറി കവര്‍ച്ച നടത്തിയിരുന്നു. ഈ കേസില്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്നതിനിടെയാണ് ബാക്കിയുള്ള കുട്ടിസംഘവുമായി പരിചയത്തിലാവുന്നത്. അടുത്തയിടെ ഇടത്തല പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 93,000 രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുന്നതിനിടയൊണ് ഇവര്‍ തൊടുപുഴ പോലിസിന്റെ പിടിയിലായത്. തൊടുപുഴ സിഐ എന്‍ജി ശ്രീമോന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണി, അഡീഷനല്‍ എസ്‌ഐ ജോണി അഗസ്റ്റിന്‍, തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ എസ്‌ഐ ടിആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍, ഉബൈസ്, ഷംസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പെരുമ്പാവുരില്‍ നിന്നു പിടികൂടിയത്. പ്രതികളെ ഇന്നലെ രാത്രി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day