|    Dec 14 Thu, 2017 12:27 am
FLASH NEWS

മോര്‍ച്ചറി സംവിധാനം ഇല്ല; ദുരിതത്തിലായത് ശബരിമല തീര്‍ത്ഥാടകര്‍സ്വന്തം പ്രതിനിധി

Published : 3rd December 2017 | Posted By: kasim kzm

പീരുമേട്: അപകടത്തില്‍ മരിച്ച തീര്‍ത്ഥാടകന്റെ മൃതദേഹം സൂക്ഷിക്കുന്നതിനോ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനോ വേണ്ട മോര്‍ച്ചറി സംവിധാനം ഇല്ലാതെ വന്നതോടെ ദുരിതത്തിലായത് ശബരിമല തീര്‍ത്ഥാടകര്‍. കഴിഞ്ഞ ദിവസം പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം വാഹന അപകടത്തില്‍ മരിച്ച ശബരിമല തീര്‍ത്ഥാടകന്റെ മൃതദേഹമാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിക്കാന്‍ കഴിയാതെ വന്നതോടെ പോലീസ് നിയമനടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹവുമായി ബന്ധുക്കളും ഒപ്പമുണ്ടായിരുന്നവരും 16 കിലോമീറ്റര്‍ അകലെയുള്ള വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച്ച രാത്രി 7.15നാണ് ആറംഗ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് ട്രിച്ചി സ്വദേശി   വെള്ളൂര്‍ റോഡില്‍ കാര്‍ത്തികേയ (42) നാണ് അപകടത്തില്‍ മരിച്ചത്.മൃതദേഹം ശനിയാഴ്ച്ച രാവിലെ പോസ്റ്റുമോര്‍ട്ട നടപടികള്‍ സ്വീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
രണ്ടു മാസം മുമ്പാണ്  സ്വകാര്യ വ്യക്തി മണ്ണെടുത്തതിനെ തുടര്‍ന്നാണ് താലൂക്ക് ആശുപത്രിയുടെ  മോര്‍ച്ചറി കെട്ടിടം അപകടാവസ്ഥയിലായത്. തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയമായ ആശുപത്രിയില്‍ ഇതോടെ ബദല്‍ മോര്‍ച്ചറി സംവിധാനം അടിയന്തരമായി ഒരുക്കാന്‍ നാളിതുവരെയായിട്ടും അധികൃതര്‍ തയ്യാറാവുന്നുമില്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്നായി  ആയിരങ്ങള്‍ ശബരിമലയിലേക്ക് പോകുന്ന പ്രധാന പാതയിലെ പ്രധാന ആശുപത്രികളിലൊന്നാണ് പീരുമേട് താലൂക്ക് ആശുപത്രി. സമാനമായ രീതിയില്‍ പോസ്റ്റുമാര്‍ട്ടത്തിനെത്തിച്ച രണ്ട് മൃതദേഹങ്ങള്‍ കഴിഞ്ഞ മാസം തിരികെ അയച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. അഴുത ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ പ്രവര്‍ത്തന ചുമതല.
ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന ആരോപണവും ശക്തമാണ്. പുതിയ സൗകര്യം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തതിനാല്‍ മോര്‍ച്ചറി കെട്ടിടം അടച്ചിട്ട നിലയിലാണ്.  മോര്‍ച്ചറി കെട്ടിടം അപകടാവസ്ഥയിലായതോടെ ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. സംരക്ഷണഭിത്തി തകര്‍ന്നതോടെ കെട്ടിടം ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ്.
മോര്‍ച്ചറി കെട്ടിടത്തിന്റെ തറ ഉള്‍പ്പെടെ ഇളകിയ നിലയിലാണ്. കെട്ടിടത്തിന്റെ ഭിത്തിക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്താന്‍ കഴിയാത്ത നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക