|    Aug 17 Thu, 2017 1:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മോയിന്‍ അലിയുടെ ആദ്യ ഹാട്രിക് ; ചരിത്രം കുറിച്ച ഹാട്രിക് നേട്ടം

Published : 2nd August 2017 | Posted By: fsq

 

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഹാട്രിക് പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ മോയിന്‍ അലി സ്വന്തമാക്കിയത് ചരിത്ര നേട്ടം. 79 വര്‍ഷത്തിനിടെ ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് സ്പിന്നറെന്ന റെക്കോഡാണ് അലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ഡീല്‍ എല്‍ഗര്‍, കഗിസോ റബാദ, മോണി മോര്‍ക്കല്‍ എന്നിവരെ തുടര്‍ച്ചയായി പുറത്താക്കിയാണ് അലി ചരിത്ര നേട്ടം സ്വന്തമാക്കിയത്. മോര്‍ക്കലിനെ എല്‍ബിഡബ്ലുവില്‍ കുടുക്കിയെങ്കിലും ആദ്യം അംപയര്‍ നോട്ടൗട്ട് വിധിച്ചു. എന്നാല്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിലൂടെ (ഡിആര്‍എസ്) വിക്കറ്റ് നേടിയെടുക്കുകയായിരുന്നു.1938ല്‍ സ്പിന്നര്‍ ടോം ഗൊദാര്‍ദ് ഹാട്രിക്ക് നേടിയശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് സ്പിന്നര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്നത്. പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് അവസാനമായി ഇംഗ്ലണ്ടിനായി ഹാട്രിക്ക് നേടിയത്. രണ്ടുതവണ ഇംഗ്ലണ്ടിനായി ഹാട്രിക്ക് നേടിയിട്ടുളള ബ്രോഡിന്റെ നേട്ടം ഒരുതവണ ഇന്ത്യക്കെതിരെ ആയിരുന്നു.അതേ പോലെ അലിയുടെ ഹാട്രിക് നേട്ടത്തോടെ മറ്റൊരു റെക്കോഡും ഇംഗ്ലണ്ടിനൊപ്പം നിന്നു. 115 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹാട്രിക് വിക്കറ്റ് നേട്ടത്തോടെ ഒരു ടെസ്റ്റ് മല്‍സരം അവസാനിക്കുന്നത്. 1896ല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക മല്‍സരത്തില്‍ ലോമാനും 1920 ല്‍ മെല്‍ബണില്‍ ആസ്‌ത്രേലിയ – ഇംഗ്ലണ്ട് ടെസ്റ്റില്‍ ട്രമ്പഌം ഹാട്രിക് നേടി മല്‍സരം അവസാനിപ്പിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി നാല് ഗോള്‍ഡന്‍ ഡക്കുകള്‍ പിറന്ന മല്‍സരമെന്ന റെക്കോഡും  ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക മല്‍സരത്തിലൂടെ പിറന്നു. മോര്‍ക്കല്‍, റബദ, ഫിലാണ്ടര്‍, ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത്.  ഒരു കലണ്ടര്‍ വര്‍ഷം 1000 ടെസ്റ്റ് റണ്‍സും 30 ടെസ്റ്റ് വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമാണ് മോയിന്‍ അലി. ഇയാന്‍ ബോതമും ജാക് കാലീസുമാണ് മോയിന്‍ അലിക്കൊപ്പം ഈ നേട്ടം കൈവരിച്ചത്. 2000 റണ്‍സും 100 വിക്കറ്റും ഏറ്റവും വേഗത്തില്‍ നേടുന്ന താരമെന്ന റെക്കോഡും മോയിന്‍ അലിക്കൊപ്പമാണ്. കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, ഗാരി സോബേഴ്‌സ്, ഇയാന്‍ ബോതം എന്നിവരെയെല്ലാം മോയിന്‍ അലി മറികടന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക