|    May 26 Sat, 2018 12:01 pm
FLASH NEWS

മോയന്‍സ് സ്‌കൂളിന്റെ ആധുനികവല്‍കരണത്തിന് മന്ദഗതി; രക്ഷാകര്‍തൃ സംഘടനയുടെ ധര്‍ണ ഇന്ന്

Published : 10th November 2016 | Posted By: SMR

പാലക്കാട്: കേരളത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗവ. മോയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന നിര്‍മാണങ്ങള്‍ അനന്തമായി നീളുന്നതില്‍ വ്യാപക പ്രതിഷേധം. ഇതിന്റെ ഭാഗമായി സ്‌കൂളിലെ രക്ഷാകര്‍ത്തൃ സംഘടന ഇന്നു രാവിലെ പത്തിന് സ്‌കൂള്‍ കവാടത്തിനു മുന്നില്‍ ധര്‍ണ നടത്തും. പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ധര്‍ണ. പിടിഎ പ്രസിഡന്റ് രവി  തൈക്കാട്, എസ്എംസി വൈസ് പ്രസിഡന്റ് വി നാഗരാജ്, മദര്‍ പിടിഎ ജയന്തി, പിടിഎ വൈസ് പ്രസിഡന്റുമാരായ കെ ശിവരാജേഷ്, ഗീത പങ്കെടുക്കും.സ്‌കൂള്‍ ഡിജിറ്റലൈസേഷന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുകയാണ്. നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷം ഒന്നുകഴിഞ്ഞെങ്കിലും പണിയെല്ലാം പാതിവഴിയിലാണ്. പ്രവൃത്തികളെക്കുറിച്ച് വ്യാപകപരാതി ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ അഴിമതി ആരോപണവും ഉന്നയിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്‌കൂള്‍ അധികതര്‍ക്ക് ഒരു വിവരവും കൈമാറുന്നില്ല. സ്‌കൂളിന്റെ പഴയ മര ഉരുപ്പടികള്‍ കോണ്‍ട്രാക്ടര്‍ കടത്തി. ആദ്യം ടൈല്‍ പതിക്കുമെന്ന് പറഞ്ഞ കഌസ് മുറികളില്‍ ഇപ്പോള്‍ ഫ്‌ളോര്‍ മാറ്റ് പതിക്കുകയാണ്. ഫണ്ട് ചെലവാക്കുന്നത് മോണിറ്റര്‍ ചെയ്യാന്‍ സംവിധാനമില്ല. ഡിജിറ്റലൈസേഷന്‍ പദ്ധതി ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നത്. മൊത്തം എട്ടുകോടിയുടെ പദ്ധതിയാണ്. കഴിഞ്ഞ നവംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ കഴിഞ്ഞ ജൂണില്‍ പൂര്‍ത്തീകരിക്കുമെന്നാണ് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഇവിടെ ഇപ്പോള്‍ കാണാന്‍ കഴിയുന്നത് ആധുനികമെന്ന പേരില്‍ സ്ഥാപിച്ച ബഞ്ചുകളും ഡസ്‌ക്കുകളും ഉപയോഗശൂന്യമായി കിടക്കുന്നതാണ്. ഇതിനെല്ലാം പുറമെ കൃത്യമായ മാനദണ്ഡമില്ലാതെ ഉറപ്പിച്ച ബഞ്ചും ഡസ്‌ക്കും കഌസ് റൂം വൃത്തിയാക്കുന്നതിന് തടസമാണെന്ന് വിദഗ്ദര്‍ പരാതിപ്പെടുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈദ്യുതി ഉപയോഗിക്കുന്നത് തോന്നിയതു പോലെയെന്ന് ആക്ഷേപം സ്‌കൂള്‍ അധികൃതര്‍ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളെകുറിച്ച് അധികൃതര്‍ക്ക് അറിവില്ലെന്നും എസ്റ്റിമേറ്റില്‍ ഇല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവകാശം കോണ്‍ട്രാക്ടര്‍ക്കുമാത്രമാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ്, മെഷര്‍മെന്റ് ബുക്ക്, മസ്റ്റര്‍ റോള്‍ എന്നിവ ആരും കണ്ടിട്ടില്ലെന്നും രക്ഷകര്‍തൃസമിതി ആരോപിക്കുന്നു. ഇതിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ടര്‍ എത്തിച്ച തൊഴിലാളികളെകുറിച്ചും വ്യാപകമായ ആരോപണങ്ങളാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്. ഇവര്‍ ശൗചാലയങ്ങള്‍ വൃത്തിഹീനമാക്കുന്നതായും കിണറും പരിസരവും വൃത്തിഹീനമാക്കുന്നതായും വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നതായും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സ്‌കൂളിന്റെയും വിദ്യാര്‍ഥികളുടെയും ദുരവസ്ഥയെകുറിച്ച് കളക്ടര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. അതേകുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടു തവണയോഗം വിളിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു തവണയും അസൗകര്യത്തിന്റെ പേരു പറഞ്ഞ് യോഗം മാറ്റിവച്ചുവെന്ന് മോയന്‍സ് സ്‌കൂള്‍ പി.ടി.എ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss