|    Jan 25 Wed, 2017 1:05 am
FLASH NEWS

മോന്‍സ് ഇടത്തോട്ടെന്ന് സൂചന; കേരളാ കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്്

Published : 23rd February 2016 | Posted By: swapna en

സ്വന്തം പ്രതിനിധി

കോട്ടയം: വളരും തോറും പിളരും എന്ന കേരളാ കോണ്‍ഗ്രസ് ആപ്തവാക്യം അന്വര്‍ഥമാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ അടുത്ത പിളര്‍പ്പിന് സാധ്യതയേറുന്നു. മാണി – ജോസഫ് വിഭാഗത്തിലെ ചില നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പുതിയ പിളര്‍പ്പിന് കളമൊരുക്കുന്നത്. ജോസഫ് വിഭാഗത്തിലെ പ്രമുഖനും കടുത്തുരുത്തി എംഎല്‍എയുമായ അഡ്വ. മോന്‍സ് ജോസഫിന് സിറ്റിങ് സീറ്റ് നല്‍കാന്‍ പാര്‍ട്ടി വിസമ്മതമറിയിച്ചതായാണ് വിവരം. ഇതേ തുടര്‍ന്ന് ഇടതുമുന്നണിയുമായി സീറ്റ് ഉറപ്പിക്കുന്നതിനായി മോന്‍സ് രണ്ടുവട്ടം ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുണ്ട്.  അതേസമയം ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളായ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ആന്റണി രാജു, ഡോ. കെ സി ജോസഫ്, പി സി ജോസഫ് എന്നിവര്‍ ഏതു സമയവും പാര്‍ട്ടി വിടുമെന്ന അവസ്ഥയിലാണെന്നാണ് സൂചന. റബര്‍ സമരത്തിലുള്‍പ്പെടെ കെ എം മാണി മകന്‍ ജോസ് കെ മാണിയെ നേതൃത്വത്തിലേയ്ക്ക് ഉയര്‍ത്തിക്കാട്ടിയതും അഭിപ്രായ ഭിന്നത രൂക്ഷമാക്കാനിടയാക്കി.  പാലായില്‍ മാണിയെ പരാജയ—പ്പെടുത്താന്‍ പി സി തോമസ് ബിജെപിയുമായി ഒത്തുചേര്‍ന്ന് കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി പാലായില്‍ മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പി സി തോമസ്. കര്‍ഷക കൂട്ടായ്മകള്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള എല്‍ഡിഎഫ് തീരുമാനം പി സി ജോര്‍ജിന് പൂഞ്ഞാര്‍ നഷ്ടമാക്കുമെന്നും വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തെ ഏഴു മണ്ഡലങ്ങള്‍ 31 ഓളം വരുന്ന കര്‍ഷക കൂട്ടായ്മകള്‍ക്ക് നീക്കിവയ്ക്കാനാണ് ഇടതുമുന്നണി തീരുമാനം. അതിന്റെ മറവില്‍ പൂഞ്ഞാര്‍ കൈക്കലാക്കാന്‍ ജോര്‍ജ് ജെ മാത്യു നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സിപിഎം നേതാവ് കെ ജെ തോമസ് പേരാമ്പ്രയിലോ ഉടുമ്പന്‍ചോലയിലോ സ്ഥാനാര്‍ഥിയാവാനും സാധ്യതയുണ്ട്. കോട്ടയം ഡിസിസി അധ്യക്ഷന്‍ അഡ്വ. ടോമി കല്ലാനി ഉടുമ്പന്‍ചോലയില്‍ മല്‍സരിക്കാനും ആലോചിക്കുന്നുണ്ട്. പി സി ജോര്‍ജ് പുനരുജ്ജീവിപ്പിച്ച കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ടി എസ് ജോണ്‍ കൈക്കലാക്കിയെങ്കിലും തിരുവല്ല സീറ്റിനായി പാര്‍ട്ടിയെ അടയറവയ്ക്കാനുള്ള ശ്രമവും നടക്കുന്നതായാണ് സൂചന. പി സി ജോര്‍ജിനെ വകവരുത്താനുള്ള മുഖ്യമന്ത്രിയുടെ ആശിര്‍വാദവും ടി എസ് ജോണിനു ലഭിച്ചതായി വിമര്‍ശനമുണ്ട്. മാത്യു ടി തോമസിനെതിരായി ടി എസ് ജോണിനെ തിരുവല്ലയില്‍ മല്‍സരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക