|    Aug 20 Mon, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷ കക്ഷികളെ അണിനിരത്തും ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

Published : 5th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. അഴിമതി, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തിലുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.
റഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി, ബാങ്ക് തട്ടിപ്പുകള്‍, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, വാഗ്ദാനലംഘനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തും. ഇതില്‍ പരമാവധി പ്രതിപക്ഷ കക്ഷികളെ പങ്കെടുപ്പിച്ചു സര്‍ക്കാരിനെതിരായ സംയുക്ത മുന്നേറ്റമാക്കാനാണ് തീരുമാനം.
പ്രക്ഷോഭ പരിപാടികള്‍ക്ക് ഉടനെ അന്തിമ രൂപം നല്‍കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാഹുല്‍ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ഇതുസംബന്ധിച്ച് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തും.
യോഗത്തില്‍ അസമിലെ പൗരത്വ പട്ടിക, റഫേല്‍ ഇടപാട്, മറാത്താ സമരം എന്നിവയും വിശദമായി ചര്‍ച്ച ചെയ്തു. റഫേല്‍ വിഷയം എ കെ ആന്റണിയാണ് യോഗത്തില്‍ വിശദീകരിച്ചത്. ഇടപാടിലൂടെ ജനങ്ങളുടെ 13 ലക്ഷം കോടി രൂപ മോഷ്ടിച്ചെന്ന് യോഗത്തില്‍ ആന്റണി സമര്‍ഥിച്ചതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ സാമ്പത്തിക രംഗത്തെ കുറിച്ച് ഡോ. മന്‍മോഹന്‍ സിങും പൗരത്വ പട്ടിക സംബന്ധിച്ച് അസമിലെ നേതാക്കളും വിശദീകരിച്ചു. ഇതിനായി അസമിലെ നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
യഥാര്‍ഥ പൗരന്‍മാരെ കണ്ടെത്താനായി രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ്സാണ് പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുകയെന്ന ആശയം കൊണ്ടുവന്നതെങ്കിലും വിഷയം ഇപ്പോള്‍ ബിജെപി വര്‍ഗീയവല്‍ക്കരിക്കുകയാണെന്നാണ് അസം നേതാക്കള്‍ പറഞ്ഞത്.
അതേസമയം, അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേരെ പുറത്താക്കിയതില്‍ തീവ്രനിലപാട് വേണ്ടെന്നു പ്രവര്‍ത്തക സമിതി തീരുമാനിച്ചു. തൃണമൂലിന്റേത് പോലുള്ള നിലപാട് തിരിച്ചടിയാകുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. പൗരത്വ റജിസ്റ്ററിന് എതിരല്ലെങ്കിലും ഇതിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ഈ മാസം 8ന് മറാത്താ സമരനേതാക്കളുമായി രാഹുലിന്റെ കൂടിക്കാഴ്ചയ്ക്കു യോഗം അംഗീകാരം നല്‍കി. പൗരത്വ പട്ടിക, റഫേല്‍ ഇടപാട്, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് യോഗം മൂന്നു സമിതികളും രൂപീകരിച്ചു. മുന്‍ കേന്ദ്രമന്ത്രിമാരായ ചിദംബരം, ആനന്ദ് ശര്‍മ, ജയറാം രമേശ് എന്നിവരാണ് സമിതികള്‍ക്കു നേതൃത്വം നല്‍കുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss