|    Nov 17 Sat, 2018 6:20 am
FLASH NEWS
Home   >  National   >  

മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന്: ആത്മവിശ്വാസത്തില്‍ ബിജെപി

Published : 20th July 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ലോക്‌സഭ ഇന്നു പരിഗണിക്കും. അവിശ്വാസപ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ എംപിമാരുടെ പിന്തുണ ഉറപ്പിക്കാനും കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ നേടാനുമുള്ള നീക്കത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. സ്പീക്കറടക്കം 535 അംഗങ്ങളാണ് നിലവില്‍ സഭയിലുള്ളത്. 268 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസപ്രമേയം മറികടക്കുന്നതിന് സര്‍ക്കാരിന് വേണ്ടത്. ഭരണമുന്നണിയായ എന്‍ഡിഎക്ക് സ്പീക്കറെ കൂടാതെ 312 അംഗങ്ങളുണ്ട്. ഇതില്‍ ബിജെപി അംഗങ്ങള്‍ മാത്രം 273. 222 ആണ് മൊത്തം പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം. കോണ്‍ഗ്രസ്സും എന്‍ഡിഎയുടെ മുന്‍ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുമടക്കം (ടിഡിപി) 12 കക്ഷികളാണ് കഴിഞ്ഞദിവസം അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ആകെ 172 സീറ്റുകള്‍ ഈ കക്ഷികള്‍ക്ക് സഭയിലുണ്ട്.

ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയ കക്ഷികളുടെ നിലപാട് വിശ്വാസ വോട്ടെടുപ്പില്‍ നിര്‍ണായകമാവും. 68 അംഗങ്ങളാണ് ഈ കക്ഷികള്‍ക്ക് സഭയിലുള്ളത്. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയോട് അടുത്ത കേന്ദ്രങ്ങളെ അധികരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. പിന്തുണ നേടുന്നതിനായി ശിവസേനാ നേതൃത്വത്തെ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. അമിത് ഷായ്ക്ക് ഉദ്ദവ് താക്കറേ പിന്തുണ അറിയിച്ചതായി ഏതാനും ദേശീയ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു.
എഐഡിഎംകെ, ടിആര്‍എസ് നേതാക്കളുമായും ബിജെപി നേതൃത്വം കൂടിക്കാഴ്ച നടത്തി. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന സൂചനകളാണ് കൂടിക്കാഴ്ചയ്ക്കുശേഷം ഇരു കക്ഷികളും നല്‍കിയത്. ആന്ധ്രപ്രദേശിനെ മാത്രം ബാധിക്കുന്ന പ്രത്യേക സംസ്ഥാനപദവി എന്ന വിഷയവുമായി ബന്ധപ്പെട്ട് തെലുഗുദേശം പാര്‍ട്ടിയാണ് അവിശ്വാസപ്രമേയം മുന്നോട്ടുവച്ചതെന്നും ആ നടപടിയോട് യോജിപ്പില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചു.ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുള്ളതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വോട്ടെടുപ്പിന്റെ സമയത്ത് അംഗങ്ങള്‍ ലോക്‌സഭയില്‍ ഹാജരായിരിക്കണമെന്ന് പാര്‍ട്ടി എംപിമാര്‍ക്ക് ബിജെഡി വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ആംആദ്മി പാര്‍ട്ടി അവിശ്വാസപ്രമേയത്തിന് പിന്തുണ അറിയിച്ചു. ഇന്ന് 11 മണിക്കാണ് അവിശ്വാസപ്രമേയ ചര്‍ച്ച. ബിജെപിക്ക് 3 മണിക്കൂര്‍ 33 മിനിറ്റും കോണ്‍ഗ്രസ്സിന് 38 മിനിറ്റുമാണ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സമയം അനുവദിച്ചത്. അതേ സമയം അവിശ്വാസ പ്രമേയത്തിന് ആവശ്യത്തിനു പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കണക്കില്‍ വളരെ മോശമെന്നു പറഞ്ഞ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്‌ഡെ  കോണ്‍ഗ്രസ്സിന്റെ അവകാശവാദം തള്ളി.
അതേസമയം, ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പല പ്രതിപക്ഷ പാര്‍ട്ടികളും തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യുമെന്ന വിശ്വാസത്തിലാണ് ബിജെപി.സംഖ്യകള്‍ വളരെ വ്യക്തമാണെന്നും ബിജെപിക്ക് സഭയില്‍ സ്വന്തമായി തന്നെ ഭൂരിപക്ഷമുണ്ടെന്നും എന്‍ഡിഎയുടെ  314 അംഗങ്ങള്‍ സഭയിലുണ്ടെന്നും ബിജെപി ദേശീയവക്താവ്് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss