|    Dec 15 Sat, 2018 12:51 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മോദി സര്‍ക്കാരിനു തിരിച്ചടി

Published : 1st June 2018 | Posted By: kasim kzm

കെ  പി  വിജയകുമാര്‍
രാജ്യത്തു നടന്ന ലോക്‌സഭ-നിയമസഭാ ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തി. നാലു ലോക്‌സഭാ മണ്ഡലങ്ങളിലും 11 നിയമസഭാ മണ്ഡലങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രസര്‍ക്കാരിനു സമ്മതിദായകര്‍ ആഞ്ഞടിയാണ് നല്‍കിയത്. സമീപകാലത്ത് രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിനു ശക്തിയും കരുത്തും പകരുന്നതാണ് ഉപതിരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത്. ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുമെന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.
ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വിലക്കയറ്റത്തിനും അഴിമതിക്കും അരക്ഷിതാവസ്ഥയ്ക്കും എതിരായി ജനങ്ങള്‍ ശക്തമായി പ്രതികരിക്കുന്നുവെന്ന് തിരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിക്കുന്നു. അടിക്കടി ഇന്ധനവില വര്‍ധിക്കുന്നതും കര്‍ഷകദ്രോഹ നയങ്ങള്‍ അനുവര്‍ത്തിക്കുന്നതും വോട്ടെടുപ്പില്‍ പ്രതിഫലിച്ചു എന്നുവേണം മനസ്സിലാക്കാന്‍.
ബിജെപി പ്രസിഡന്റ് അമിത് ഷായുടെ ‘ചാണക്യ’തന്ത്രങ്ങളും അടവുകളും നിരന്തരം പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെടുകയാണ്. ‘മോദി തരംഗവും മോദി പ്രഭാവവും’ അസ്തമിച്ചുകഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് ഫലങ്ങള്‍. കര്‍ണാടകയിലെ നാണംകെട്ട തിരിച്ചടികള്‍ക്കുശേഷം ദേശീയതലത്തിലും ബിജെപിക്ക് തലതാഴ്‌ത്തേണ്ടിവന്നു. ആസന്നമായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന് വര്‍ധിച്ച ആവേശമാണ് ലഭിച്ചിരിക്കുന്നത്.
രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നടന്നത്.  അവിടെ ബിജെപി തകര്‍ന്നടിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ഥി തബസ്സും ഹസന്‍ കാല്‍ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയെ തറപറ്റിച്ചു. രാഷ്ട്രീയ ലോക്ദളി(ആര്‍എല്‍ഡി)ന്റെ ബാനറില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയായാണ് ഇവര്‍ മല്‍സരിച്ചത്. ഇതോടെ മുന്‍ കേന്ദ്രമന്ത്രി അജിത് സിങിന്റെ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ഇരിപ്പിടം ലഭിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഹുക്കും സിങ് 2.36 ലക്ഷം വോട്ടുകള്‍ക്ക് വിജയക്കൊടി നാട്ടിയ മണ്ഡലമാണിതെന്ന് ഓര്‍ക്കണം. 50 ശതമാനത്തിലേറെ വോട്ട് ബിജെപി അന്നു നേടി. അദ്ദേഹത്തിന്റെ മകള്‍ മൃഗാങ്ക സിങിനെയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി നിലംപരിശാക്കിയത്. 35 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലമാണിത്. 2013ലെ മുസാഫര്‍ നഗര്‍ കലാപത്തിനുശേഷം ശക്തമായ സാമുദായിക വിഭജനമുണ്ടായ മേഖലയില്‍ മുസ്‌ലിം, ദലിത്, ജാട്ട് വിഭാഗങ്ങളെ ഒന്നിപ്പിക്കാനായിരുന്നു പ്രതിപക്ഷശ്രമം. അതു വിജയിച്ചുവെന്ന് ഈ ഫലം വ്യക്തമാക്കുന്നു.
മാസങ്ങള്‍ക്കു മുമ്പ് യുപിയിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി തകര്‍ന്നിരുന്നു. ബദ്ധവൈരികളായി  അറിയപ്പെട്ടിരുന്ന എസ്പിയും ബിഎസ്പിയും കൈകോര്‍ത്തതാണ് ബിജെപിക്ക് പ്രഹരമേല്‍ക്കാന്‍ കാര ണം. കൈരാനയില്‍ കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളും കൂടി പ്രതിപക്ഷ ഐക്യത്തില്‍ അണിനിരന്നു. ഇതോടെ ബിജെപി കേന്ദ്രങ്ങള്‍ അമ്പരപ്പിലായി. കാരണം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 ലോക്‌സഭാ സീറ്റില്‍ 73 സീറ്റും ബിജെപി മുന്നണിയാണ് തൂത്തുവാരിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പ്രീണനനയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഫലം നല്‍കിയത്. എസ്പി സ്ഥാനാര്‍ഥി ഭരണകക്ഷിയെ കീഴടക്കി. കൈരാന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതിന്റെ തലേദിവസം തൊട്ടടുത്ത ബാഗ്പത്തില്‍ മോദിയുടെ വമ്പിച്ച പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ലാക്കാക്കി പ്രധാനമന്ത്രി ഒട്ടേറെ വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു. മോദിപ്രഭാവമൊന്നും ഇവിടെ വിലപ്പോയില്ല. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയവും ദേശീയരാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നു. ഇവിടെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് ബിജെപിയെ തോല്‍പിച്ചത്. നേരത്തേ രണ്ടുതവണ എന്‍സിപി ജയിച്ച സീറ്റ് കോണ്‍ഗ്രസും എന്‍സിപിയും വേറിട്ടുനിന്നപ്പോള്‍ ബിജെപി കൈയടക്കുകയായിരുന്നു. ഈ വിജയത്തോടെ ദേശീയതലത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ വീണ്ടും ഐക്യപ്പെടുകയാണ്.
നാലു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സീറ്റില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ഇവിടെ പ്രതിപക്ഷ ഐക്യം പൂര്‍ണതോതില്‍ സാധ്യമായില്ല. കേന്ദ്രഭരണത്തിലെ ഘടകകക്ഷിയായ ശിവസേനയായിരുന്നു ഇവിടെ ബിജെപിയുടെ മുഖ്യ എതിരാളി. രണ്ടാം സ്ഥാനത്തുള്ള ശിവസേന ഫലം ചോദ്യം ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പുഫലം അധികാരം ഉപയോഗിച്ച് ബിജെപി അട്ടിമറിച്ചുവെന്നാണ് ശിവസേനയുടെ ആരോപണം. ഈ ഉപതിരഞ്ഞെടുപ്പോടെ ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഹൈന്ദവമുഖമുള്ള ഘടകകക്ഷിയെ കൂടെ നിര്‍ത്താന്‍ കഴിയാത്തത് ബിജെപി തന്ത്രങ്ങളുടെ ദയനീയമായ പരാജയമായി വിശേഷിപ്പിക്കപ്പെടുന്നു.
പഞ്ചാബില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടി. അകാലിദളില്‍ നിന്നാണ് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തത്. നിയമസഭയിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മേഘാലയയിലെ കോണ്‍ഗ്രസ്സിന്റെ വിജയമാണ് ദേശീയതലത്തില്‍ ശ്രദ്ധേയമാവുന്നത്. ഈ വിജയത്തോടെ 21 സീറ്റ് നേടി സംസ്ഥാനത്ത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭരണത്തിലുള്ള ബിജെപി മുന്നണിയിലെ എന്‍ഡിപിപിക്ക് 20 സീറ്റാണ് നിലവിലുള്ളത്. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തുവരുമെന്ന് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. കര്‍ണാടകയിലെ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ അവകാശവാദം ന്യായവുമാണ്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്ത ബിജെപിക്ക് ജനങ്ങളുടെ പ്രതികാരമാണിതെന്ന് പ്രതിപക്ഷകക്ഷികള്‍ പറയുന്നു.
കേരളത്തിലും ബിജെപിയുടെ കാലിടറി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഏഴായിരം വോട്ടാണ് താമരയ്ക്ക് കുറഞ്ഞത്. കേരളത്തില്‍ താമസിയാതെ തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് വീരവാദം മുഴക്കുന്ന പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണിത്. ചെങ്ങന്നൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അട്ടിമറി വിജയം പ്രതിപക്ഷമുന്നണി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. അവസാന നിമിഷം വരെ തങ്ങള്‍ ആധിപത്യം പുലര്‍ത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ് കേന്ദ്രങ്ങള്‍. എന്നാല്‍ ഇടതുമുന്നണിക്ക് അനുകൂലമായ അടിയൊഴുക്കുകള്‍ നേരാംവണ്ണം മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അനുകൂലമായ രാഷ്ട്രീയാന്തരീക്ഷവും നിരന്തരമുണ്ടായ പോലിസ് അതിക്രമങ്ങളും ഭരണവിരുദ്ധ വികാരങ്ങളും വോട്ടാക്കി മാറ്റാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അടിമുടി ദുര്‍ബലമായ സംഘടനാ സംവിധാനമായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്. മറിച്ച്, ഭരണകക്ഷി ഒന്നരമാസത്തോളം സകല തന്ത്രങ്ങളും പയറ്റി മുന്നേറി. ജാതിമത വര്‍ഗീയശക്തികളുടെ ഇടപെടലുകള്‍ ഇടതുമുന്നണിയുടെ വിജയത്തിന്റെ തിളക്കം കെടുത്തുന്നുണ്ട്.
പാര്‍ട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രി പിണറായി വിജയന് പിടിമുറുക്കാന്‍ ഈ വിജയം സഹായിക്കും. സ്വന്തം വീഴ്ചകളും പോരായ്മകളും സ്വയംവിമര്‍ശനത്തിലൂടെ പരിശോധിക്കാന്‍ യുഡിഎഫിന് നല്ല അവസരമാണിത്. കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങളില്‍ കടുത്ത അതൃപ്തിയുള്ളവരാണ് കേരളീയരെന്ന് ബിജെപിക്കും തിരിച്ചറിയാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss