|    Jun 24 Sat, 2017 9:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി സഭയിലെത്തി; നോട്ട് വിഷയത്തില്‍ ചര്‍ച്ച നടന്നില്ല

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് വിഷയത്തിനു പുറമേ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം ആവശ്യപ്പെട്ടും പ്രതിപക്ഷം ഇന്നലെയും പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. ലോക്‌സഭയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുമ്പോഴാണ് കോണ്‍ഗ്രസ്സും തൃണമൂലും നഗ്രോട്ടയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അനുശോചനം വേണമെന്ന് ആവശ്യം ഉന്നയിച്ചത്.
എന്നാല്‍, ദൗത്യം തുടരുകയാണെന്നും വിവരങ്ങള്‍ ശേഖരിച്ചു വരുന്നതേയുള്ളൂവെന്നും വ്യക്തമാക്കിയ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഈ ആവശ്യം നിരാകരിച്ചു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്സും പിന്നാലെ കോണ്‍ഗ്രസ്സും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് സഭ വീണ്ടും ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യയും അനുശോചന വിഷയം വീണ്ടും ഉന്നയിച്ചെങ്കിലും സ്പീക്കര്‍ പഴയ നിലപാടില്‍ ഉറച്ചു നിന്നു. അതിര്‍ത്തിയിലെ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ്കുമാര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം നോട്ട് വിഷയത്തില്‍ ചര്‍ച്ച എന്ന ആവശ്യത്തിലേക്കു കടന്നു. പക്ഷേ, അപ്പോഴേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ചട്ടം 56 പ്രകാരം വോട്ടിങോടു കൂടിയുള്ള ചര്‍ച്ചയാണ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും നോട്ട് വിഷയത്തില്‍ ഇനി ഏതു ചട്ടപ്രകാരവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖാര്‍ഗെ വ്യക്തമാക്കി. സുദീപ് ബന്ദോപാധ്യയും ഇക്കാര്യം ആവര്‍ത്തിച്ചു. ഇതോടെ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി.
നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണെന്ന് സിപിഎം നേതാവ് മുഹമ്മദ് സലിം ചൂണ്ടിക്കാട്ടി. ഇതിനിടെ സലീമിനു പിന്നില്‍ നിന്ന് പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടിയ പി കെ ബിജു എംപിയെ താക്കീത് നല്‍കുമെന്ന് പറഞ്ഞ് സ്പീക്കര്‍ ശാസിച്ചു. ആര്‍ജെഡി നേതാവ് ജയപ്രകാശ് നാരായണ യാദവ് വോട്ടിങോടു കൂടിയ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു. നവംബര്‍ 16 മുതല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് മന്ത്രി അനന്ദ് കുമാര്‍ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക് കൊണ്ട് പാര്‍ലമെന്റിന് ഒരു നേട്ടവുമുണ്ടാകുന്നില്ല. കള്ളപ്പണത്തിന്റെ കാര്യത്തില്‍ സഭയില്‍ എന്തിനാണ് പ്രതിപക്ഷം വേര്‍തിരുവുണ്ടാക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഇതോടെ നോട്ട് വിഷയത്തില്‍ വോട്ടിങോടു കൂടിയുള്ള ചര്‍ച്ച വേണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും വ്യക്തമാക്കി.
ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ബിജെഡി നേതാവ് ഭര്‍തൃഹരി മെഹ്താബ് വ്യക്തമാക്കി. എല്ലാവരും തയ്യാറാണെങ്കില്‍ താനും ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ഉടന്‍ ആരംഭിക്കാമെന്നും സ്പീക്കറും വ്യക്തമാക്കി. ചര്‍ച്ച ആരംഭിക്കാമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞു. എന്നാല്‍, വോട്ടിങോടു കൂടിയ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ എന്തിനാണ് വോട്ടിങിനെ ഭയക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.
രാജ്യസഭയിലും പ്രതിപക്ഷം സമാനമായ പ്രതിഷേധമുയര്‍ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക