|    Mar 19 Mon, 2018 12:39 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

മോദി വ്യവസായവും ഇന്ത്യന്‍ മാധ്യമങ്ങളും

Published : 14th November 2015 | Posted By: SMR

ആബിദ് ചെറുവണ്ണൂര്‍

ഇവന്റ് മാനേജ്‌മെന്റുകളെയും മാധ്യമങ്ങളെയും വരുതിയിലാക്കി ദീര്‍ഘകാലം തട്ടിപ്പുനടത്താമെന്ന വ്യാമോഹമാണ് ബിഹാറില്‍ തകര്‍ന്നടിഞ്ഞത്.
മഹാസഖ്യം വിജയിച്ചാല്‍ ആഘോഷം പാകിസ്താനിലായിരിക്കുമെന്നു പറയാന്‍ മാത്രം നാണംകെട്ടവരാണ് രാജ്യംഭരിക്കുന്നതെന്നു തിരിച്ചറിഞ്ഞ ജനത മഹാസഖ്യത്തെയല്ല ഇന്ത്യയെയാണ് രക്ഷിച്ചത്. ആഘോഷങ്ങള്‍ നടന്നത് ഇന്ത്യയുടെ നെഞ്ചകത്താണ്. പക്ഷേ, വിജയാഘോഷങ്ങള്‍ക്കിടയിലും മാധ്യമങ്ങള്‍ കാണിച്ച അനീതി കാണാതിരുന്നുകൂടാ.
മാധ്യമങ്ങളുടെ തലപ്പത്ത് സംഘപരിവാര സേവകരാണെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതോര്‍ക്കുന്നു. വര്‍ഗീയ കലാപങ്ങള്‍ എന്ന പേരില്‍ രാജ്യത്ത് അരങ്ങേറിയ മുസ്‌ലിം ഉന്മൂലനങ്ങളെക്കുറിച്ച വാര്‍ത്തകള്‍ മുസ്‌ലിംവിരുദ്ധമായി അവതരിപ്പിക്കപ്പെടുന്നതു കണ്ടപ്പോള്‍ അത് ഏറക്കുറേ ശരിയാണെന്നു തോന്നിയിരുന്നു. ക്രിസ്ത്യന്‍ മിഷനറിയും മക്കളും കൊലചെയ്യപ്പെട്ടത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍കൊണ്ട് നിറംമങ്ങിയ വാജ്‌പേയി ഭരണകാലത്തെ ഇന്ത്യ തിളങ്ങുന്നു എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ചരിത്രം.
കാലത്തിന്റെ മുന്നേറ്റം അറിയാത്തവരല്ല മാധ്യമപ്രവര്‍ത്തകര്‍. എന്നിട്ടും ഇന്നും ആ പഴഞ്ചന്‍ രീതി അനുവര്‍ത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നത് ആര്‍എസ്എസ് മനോഭാവം മാധ്യമപ്രവര്‍ത്തകരെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നു വ്യക്തമാക്കുന്നു. ചില മാധ്യമപ്രവര്‍ത്തകരുടെയും മുതലാളിമാരുടെയും മനസ്ഥിതി വ്യക്തമാക്കുന്നതായിരുന്നു ബിഹാറിലെ തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം.
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മഹാസഖ്യം തകരാന്‍പോവുകയാണെന്നു തോന്നിപ്പിക്കുംവിധം ബിജെപി അനുകൂലമായി വാര്‍ത്തകളെഴുതി സഖ്യത്തെ കശക്കിയെറിയാന്‍ ചിലര്‍ പരമാവധി ശ്രമിച്ചു. തിരഞ്ഞെടുപ്പിനുശേഷം പുറത്തുവിടേണ്ട എക്‌സിറ്റ്‌പോള്‍ ഫലം മഹാസഖ്യത്തിന് അനുകൂലമാണെന്ന ഒറ്റക്കാരണത്താല്‍ മുക്കിക്കളഞ്ഞവര്‍ ബിജെപിക്ക് അനുകൂലമായ വാര്‍ത്തകള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കി. ഫലം പുറത്തുവരുകയും ബിജെപി തോറ്റെന്ന് ഉറപ്പാവുകയും ചെയ്തപ്പോഴും ബിജെപിക്ക് ഭൂരിപക്ഷമെന്നു പറയാന്‍ ധൈര്യം കാണിച്ച ചാനലുകള്‍ കാവിവല്‍ക്കരണം മാധ്യമപ്രവര്‍ത്തകരെ എത്രമാത്രം അന്ധരാക്കിയെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു.
എന്‍ഡിടിവി മേധാവി ഡോ. പ്രണോയ് റോയിയെപ്പോലും മണിക്കൂറുകളോളം തെറ്റിദ്ധരിപ്പിക്കാന്‍ വാര്‍ത്താ ഏജന്‍സികള്‍ക്കായെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും? ബിജെപി തോറ്റു തുന്നംപാറിക്കൊണ്ടിരിക്കുന്നതിനിടയിലും എന്‍ഡിടിവി ചര്‍ച്ചയില്‍ മേധാവി പറഞ്ഞത് ബിജെപി അധികാരത്തിലേക്ക് എന്നായിരുന്നു. വൈകീട്ട് അതിന്റെ പേരില്‍ അദ്ദേഹം പരസ്യമായി ക്ഷമായാചനം നടത്തിയത് വാസ്തവം. അടുത്ത നിമിഷം ലോകം അറിയാന്‍പോവുന്ന യാഥാര്‍ഥ്യംപോലും ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും മറച്ചുവച്ചത് ചെറിയകാര്യമല്ല. ഇത്തരത്തിലുള്ള മറച്ചുവയ്ക്കലുകളും കഥയെഴുത്തുകളും ഈയാംപാറ്റയുടെ ആയുസ്സുപോലുമില്ലാതിരുന്ന വാര്‍ത്തകളുമാണ് ബിജെപിയെയും നരേന്ദ്രമോദിയെയും വളര്‍ത്തിയത്. മോദിയെ അമാനുഷനാക്കി ചിത്രീകരിച്ച പലവാര്‍ത്തകള്‍ക്കും അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളു. പക്ഷേ, അത് ബ്രേക്കിങ് ന്യൂസായും ഒന്നാംപേജ് വാര്‍ത്തയായും ജനമനസ്സുകളില്‍ പ്രതിഷ്ഠ നേടി. യാഥാര്‍ഥ്യം പുറത്തുവരുമ്പോഴാവട്ടെ അതിന് അത്രതന്നെ മാധ്യമശ്രദ്ധ കിട്ടാറില്ല.
ഗുജറാത്തിലെ ശിശുമരണത്തോത് ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്ന സത്യത്തെക്കുറിച്ചോ അവിടെ ഇപ്പോഴും മലം ചുമന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന ദലിതരെ കുറിച്ചോ അല്ല, മോദിയുടെ നെഞ്ചളവിനെക്കുറിച്ചും അദ്ദേഹം പാരാത്ത ചായയെക്കുറിച്ചുമാണ് നാം വായിച്ചറിഞ്ഞത്. ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി കഴിയേണ്ടിവന്ന യശോദബെന്നിന്റെ കദനകഥ നല്ലൊരു സെന്‍സേഷനല്‍ സ്‌റ്റോറിയായിട്ടും അതിനെ തിരസ്‌കരിച്ചവര്‍ അമേരിക്കയില്‍ മോദി അമ്മയെക്കുറിച്ചോര്‍ത്ത് നടത്തിയെന്നു പറയുന്ന കരച്ചില്‍ വാര്‍ത്തയാക്കി. ഭാര്യയുണ്ടായിട്ടും ഇല്ലെന്നെഴുതി ഭാര്യയെ മാത്രമല്ല, ഇന്ത്യന്‍ ജനതയെ പറ്റിച്ച മോഡി വഞ്ചകനാണെന്നതു പറയാതിരിക്കാം. പക്ഷേ, അമേരിക്കയില്‍ കിട്ടിയ സ്വീകരണങ്ങള്‍ വാര്‍ത്തയാക്കുന്നവര്‍ അവിടെയുണ്ടായ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതെന്തിന്?
ഇന്ത്യന്‍ മാധ്യമലോകത്തെ തലതൊട്ടപ്പനെപ്പോലും തെറ്റിദ്ധരിപ്പിച്ചവര്‍ അവസാനം ബിഹാര്‍ വിഷയത്തില്‍ തെറ്റുപറ്റിയെന്നും മുന്നണി മാറിപ്പോയെന്നും ഏജന്‍സികള്‍ പറ്റിച്ചെന്നുമെല്ലാം പറഞ്ഞ് ന്യായീകരണങ്ങള്‍ ചമയ്ക്കുകയായിരുന്നു. രാജ്യത്തെ വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പുപോലും സത്യസന്ധമായും വസ്തുനിഷ്ഠമായും റിപോര്‍ട്ട് ചെയ്യാതിരുന്നത്, അല്ലെങ്കില്‍ സത്യം മറച്ചുപിടിച്ചത് ചില മാധ്യമങ്ങളെങ്കിലും ഇപ്പോഴും ബന്ധപ്പെട്ടവരില്‍നിന്ന് അച്ചാരം പറ്റുന്നുണ്ടെന്നു തന്നെയാണു സൂചിപ്പിക്കുന്നത്. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss