|    May 28 Sun, 2017 10:28 pm
FLASH NEWS

മോദി രാജ്യത്തെ മനുയുഗത്തിലേക്ക് നയിക്കുന്നു: ദീപക് ബാബറിയ

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: മനുസ്മൃതി യുഗത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരെന്ന് എഐസിസി സെക്രട്ടറി ദീപക് ബാബറിയ. ഇന്ദിരാഭവനില്‍ അയ്യങ്കാളിയുടെ 153ാം ജയന്തി അഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ രാജ്യത്തെ ദലിത് വിഭാഗങ്ങള്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാവുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്രഭരണം പരാജയമാണ്.
ദലിത് പീഡനങ്ങളുടെ ദേശീയ നിരക്കിനേക്കാള്‍ രണ്ടിരട്ടിയിലധികമാണ് ഗുജറാത്തിലെ ദലിത് പീഡനങ്ങളുടെ നിരക്ക്. ദലിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അതെല്ലാം സമൂഹത്തിലെ ഒരുവിഭാഗം തട്ടിയെടുക്കുന്നു. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സമത്വാവകാശം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ദലിതരുടെ കാര്യത്തില്‍ അതു പരിപാലിക്കപ്പെടാതെ പോവുന്നു. ഇവര്‍ക്കെതിരായ പൈശാചികകൃത്യങ്ങള്‍ തടയുവാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല.
മികച്ച അഭിനേതാവാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും ദീപക് ബാബറിയ പറഞ്ഞു. സംഘപരിവാറും ആര്‍എസ്എസും രാജ്യത്ത് സര്‍വര്‍ണ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സവര്‍ണമേധാവിത്വത്തിനെതിരേ പോരാടിയ വ്യക്തിത്വമായ അയ്യങ്കാളിയുടെ ജീവിതം വലിയ സന്ദേശമാണ് നല്‍കുന്നത്. അതില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.
ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മാണഘട്ടത്തില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ പരിഗണന നല്‍കി.
എന്നാല്‍, അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന അറബിക്കടലില്‍ വലിച്ചെറിയണമെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പിന്നാക്കജനവിഭാഗത്തിന്റെ ക്ഷേമത്തിന് വലിയ സംഭാവനകളാണ് നല്‍കിയതെന്നും ദീപക് ബാബറിയ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day