|    Apr 21 Sat, 2018 9:36 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മോദി ഭരണവും സമ്പദ്‌വ്യവസ്ഥയും

Published : 21st March 2017 | Posted By: fsq

 

എ  നന്ദകുമാര്‍

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കരുത്തു വര്‍ധിച്ചു. രാജ്യസഭയില്‍ ഭൂരിപക്ഷം നേടിയെടുക്കാനും തന്മൂലം ഉപരാഷ്ട്രപതി, രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി ജയിപ്പിക്കാനും കഴിയും. മാത്രമല്ല, ബിജെപിക്ക് തങ്ങളുടെ നയരൂപീകരണത്തിന്റെ ഭാഗമായ ബില്ലുകള്‍ യഥേഷ്ടം പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനും ഇനി സാധിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ കേന്ദ്രബിന്ദുവാണ്. രണ്ടു പതിറ്റാണ്ടായി ഈ പ്രദേശം ഭരിച്ചത് കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളുമാണ്. അതിനു മുമ്പ് യുപി കോണ്‍ഗ്രസ്സിന്റെ കുത്തകയായിരുന്നു. ഈ സംസ്ഥാനങ്ങളിലെ സമ്പദ്ഘടന കാര്‍ഷികമേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ജമീന്താരി സമ്പ്രദായം കടലാസിലില്ലെങ്കിലും ഇന്നും പ്രയോഗത്തില്‍ നിലനില്‍ക്കുന്നു. വന്‍കിട ഭൂവുടമകളിലാണ് ഇവിടെ അധികാരം കേന്ദ്രീകൃതമായിരിക്കുന്നത്. ഒരു ന്യൂനപക്ഷം വരുന്ന ഇടത്തരം കൃഷിക്കാരുമുണ്ട്. ഇവര്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരാണ്. ഭൂരിപക്ഷം വരുന്ന കര്‍ഷകത്തൊഴിലാളികളില്‍ ദലിതരാണ് മുഖ്യം. സ്വാതന്ത്ര്യാനന്തരം ഇവിടെ ഭൂപരിഷ്‌കരണ നിയമം തൊട്ടുതീണ്ടിയിട്ടുപോലുമില്ല. ബിഎസ്പിയുടെ ദലിത് ഭരണം യുപിയില്‍ ദലിതന് യാതൊരു പ്രയോജനവും ഉണ്ടാക്കിയില്ല എന്നു മാത്രമല്ല, അതിന്റെ നേതാക്കള്‍ സ്വത്തു സംഭരിച്ചും അഴിമതി നടത്തിയും മുന്നേറുകയായിരുന്നു. ഇതു കണ്ട് ഇനി ബിജെപിയെ പരീക്ഷിച്ചുകളയാം എന്നു ജനം നിലപാടെടുത്തു. ദരിദ്രരായ മുസ്‌ലിംകള്‍ ബിജെപിയുടെ കുടക്കീഴില്‍ നിന്നാല്‍ തങ്ങള്‍ക്ക് ജീവനും സ്വത്തിനും രക്ഷ കിട്ടുമെന്നു കരുതി പലയിടത്തും അവര്‍ക്കു വോട്ട് ചെയ്തു.  രണ്ടരവര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെ ഒരു സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കേണ്ട സമയമാണിത്. ഈ രണ്ടരവര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ എന്തു മാറ്റമാണ് വരുത്തിയത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. മോദി അധികാരമേറ്റശേഷം ആദ്യം ചെയ്തത് ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുക എന്ന കര്‍ത്തവ്യമാണ്. ഈ രാഷ്ട്രങ്ങളുമായെല്ലാം പൊള്ളയായ വാണിജ്യ-വ്യവസായ ഉടമ്പടികള്‍ ഒപ്പുവയ്ക്കുകയും അതേസമയം കൃത്യമായ രീതിയില്‍ പ്രതിരോധ കരാര്‍ ഉണ്ടാക്കുകയും ചെയ്തു. അധികാരത്തില്‍ വന്ന ആദ്യവര്‍ഷം ഒന്നരലക്ഷം കോടി രൂപയ്ക്കുള്ള പ്രതിരോധ കരാറുണ്ടായി. പ്രതിരോധമേഖലയില്‍ ധൃതിപിടിച്ച് ഉടമ്പടികള്‍ ഒപ്പുവച്ചതിനു പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ട്. അതുപോലെ തന്നെയാണ് മോദി സര്‍ക്കാര്‍ ബജറ്റില്‍ വന്‍തുക പ്രതിരോധ മേഖലയ്ക്കു മാറ്റിവച്ചതും. കൂടാതെ പ്രതിരോധമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിയും നടന്നുവരുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളാണ് ഇന്ത്യയുടെ മറ്റൊരു വലിയ വിപണി. ഇറക്കുമതി മാത്രം ആശ്രയിച്ചുകഴിയുന്നതാണ് ക്രൂഡ് ഓയില്‍ വിപണി. ഇവിടെയും സ്വകാര്യമേഖലയുടെ വളര്‍ച്ച ഊട്ടിയുറപ്പിക്കാനുള്ള എണ്ണനയമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. പാചകവാതകം, മണ്ണെണ്ണ എന്നീ ഇന്ധനങ്ങളില്‍ വന്‍ വിലവര്‍ധനയുണ്ടാക്കുകയും സബ്‌സിഡി എടുത്തുമാറ്റുകയും ചെയ്തുകൊണ്ട് ഇവയുടെ വിതരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന സ്വകാര്യ കുത്തകകള്‍ക്ക് ഒത്താശ ചെയ്തു. മറുവശത്ത് കാര്‍ഷിക- വ്യാവസായിക- വാണിജ്യ മേഖലയില്‍ എന്തു പുരോഗതിയാണ് ഉണ്ടായത് എന്നു പരിശോധിക്കണം. തൊഴില്‍സാധ്യത വര്‍ധിപ്പിക്കുമാറ് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. മറുവശത്ത് കോര്‍പറേറ്റ് കുത്തകകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ്. കിട്ടാക്കടമായി ബാങ്കില്‍ നിലനില്‍ക്കുന്ന വായ്പയുടെ 70 ശതമാനത്തിനും ഏതാനും ചില വന്‍കിട കോര്‍പറേറ്റുകളാണ് ഉത്തരവാദി എന്നതു ശ്രദ്ധേയമാണ്. പ്രതികൂല കാലാവസ്ഥയിലായിരുന്ന കാര്‍ഷികമേഖല മോശമായ സ്ഥിതിവിശേഷങ്ങളില്‍നിന്നു മാറി നടപ്പുവര്‍ഷം മെച്ചപ്പെട്ട ഉല്‍പാദനമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന ചൊല്ലുപോലെ ഒരു സുപ്രഭാതത്തില്‍ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. 70 ശതമാനം വിപണിയും നേരിട്ടുള്ള പണമിടപാടുകളിലൂടെയുള്ള ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലെത്തി. സമ്പദ്ഘടനയുടെ സമസ്ത മേഖലകളും സ്തംഭിച്ചു. കള്ളപ്പണം തുടച്ചുമാറ്റാനെന്ന വ്യാജേന നടപ്പാക്കിയ ഈ പദ്ധതി പൂര്‍ണമായും പരാജയമായിരുന്നു. വാണിജ്യമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പൊതു വില്‍പനനികുതി(ജിഎസ്ടി)യാണ് മറ്റൊരു നയം. ജിഎസ്ടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. പക്ഷേ, മറുവശത്ത് വാണിജ്യമേഖലയില്‍ ഇതുണ്ടാക്കിയ അനിശ്ചിതാവസ്ഥ പരോക്ഷനികുതി വരുമാനത്തില്‍ സംസ്ഥാനങ്ങളെ പിറകോട്ടടിപ്പിച്ചു. ദരിദ്രരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് യാതൊരു മുന്‍ഗണനയും നല്‍കുന്നില്ല. നാമമാത്രമായ തുകയാണ് ഈ മേഖലകളില്‍ മാറ്റിവച്ചിട്ടുള്ളത്. ഈ അടിസ്ഥാന മേഖലകളില്‍ ധനസമാഹരണം കണ്ടെത്തി അവ നവീകരിച്ച് ദരിദ്രവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് യാതൊരു പരിഗണനയുമില്ല. അതേസമയം വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ സ്വകാര്യമേഖലയ്ക്ക് യഥേഷ്ടം കടന്നുവരാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുമുണ്ട്. ചില്ലറവില്‍പന മേഖലയെന്നത് കോടിക്കണക്കിനു പേര്‍ തൊഴില്‍ ചെയ്യുന്ന മേഖലയാണ്. ഇവിടെ കുത്തക കോര്‍പറേറ്റുകള്‍ക്ക് കടന്നുവരാന്‍ സൗകര്യം ഒരുക്കിക്കഴിഞ്ഞു. കാര്‍ഷികമേഖലയില്‍ ധാന്യങ്ങള്‍, ധാന്യേതര ഉല്‍പന്നങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയില്‍ കോര്‍പറേറ്റുകള്‍ വന്‍ മൂലധനം മുടക്കി വിപണി കൈയടക്കും. വിപണിയുടെ വിലനിയന്ത്രണം ഇവരുടെ കൈകളിലാക്കും. ഉപഭോക്താവിനെ പരമാവധി ചൂഷണം ചെയ്തുകൊണ്ട് ഇവര്‍ വിപണി നിയന്ത്രിക്കും. തന്‍മൂലം ചെറുകിട വ്യാപാരികളും സാധാരണ ഉപഭോക്താക്കളും ഈ കോര്‍പറേറ്റ് നിയന്ത്രണത്തിന് അടിപ്പെടും. ഇന്ത്യയില്‍ വിവിധതരത്തിലുള്ള ധാതുവിഭവങ്ങളുണ്ട്. ഇവ ഖനനം ചെയ്യാനും വിപണിയില്‍ വില്‍ക്കാനും കര്‍ശനമായ നിയമാവലികളും നിയന്ത്രണങ്ങളുമുണ്ടായിരുന്നു. മിനറല്‍സ് ആന്റ് മെറ്റല്‍ ട്രേഡിങ് കോര്‍പറേഷന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിനു കീഴിലാണ് ധാതുവിഭവങ്ങളുടെ വിനിമയം സാധ്യമാക്കിയിരുന്നത്. ഖനനമേഖല പൊന്‍മുട്ടയിടുന്ന താറാവാണ്. ഇവിടെയാണ് മോദി സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്കും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും യഥേഷ്ടം ലൈസന്‍സ് നല്‍കി ഈ മേഖലയെ ചൂഷണാധിഷ്ഠിതമാക്കുന്നത്. ഇതിന്റെ പ്രത്യാഘാതം രണ്ടു തരത്തിലാണ്: ഒരുവശത്ത് പരിസ്ഥിതിനാശവും മറുവശത്ത് പ്രകൃതിയോട് ഇണങ്ങിക്കഴിഞ്ഞിരുന്ന ജനതയെ അവിടെനിന്നു തുടച്ചുമാറ്റലും. ഇതിനെതിരായ ജനങ്ങളുടെ പ്രതിരോധം ഭരണകൂടവും കോര്‍പറേറ്റുകളും ഒത്തുചേര്‍ന്ന് അടിച്ചമര്‍ത്തുന്നു. ഈ പ്രതിരോധങ്ങള്‍ കരിനിയമങ്ങള്‍ ഉപയോഗിച്ചും മാവോവാദിയെന്ന് മുദ്രകുത്തിയുമാണ് അടിച്ചമര്‍ത്തുന്നത്. ഈ മേഖലയില്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടമാടിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു നയം. തൊഴില്‍സാധ്യത ഏറെയുള്ള മേഖലയാണിത്. അതുപോലെ തന്നെ വന്‍ മൂലധനമുടക്കും ആവശ്യമാണ്. ദീര്‍ഘകാല പദ്ധതികളാണിവ. ഇവ യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രത്തിന് മുതല്‍ക്കൂട്ടും ഗുണകരവുമാണ്. ഈ മേഖലയില്‍ സര്‍ക്കാരിന് മൂലധനം നേരിട്ട് മുടക്കാനുള്ള ശേഷിയില്ലാത്തതിന്റെ പേരിലാണ് സ്വകാര്യമേഖലയെ ആകര്‍ഷിക്കുന്നത്. സ്വകാര്യ മൂലധന നിക്ഷേപം ഈ മേഖലയിലെ കൊള്ളലാഭം മുമ്പില്‍ക്കണ്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതും ലഭിക്കേണ്ടതുമായ സേവന സൗകര്യങ്ങള്‍ വലിയ വില കൊടുത്ത് വാങ്ങേണ്ടതായി വരും. ഇങ്ങനെ റോഡ്, പാലം, വിമാനത്താവളം, തുറമുഖങ്ങള്‍, വാര്‍ത്താവിനിമയം- എല്ലാം സ്വകാര്യ മേഖലയ്ക്കു കൈമാറിക്കൊണ്ടിരിക്കുകയാണ്. നദി വരെ സ്വകാര്യ മേഖലയ്ക്കു കൈമാറി. കുടിവെള്ളം വില്‍പനച്ചരക്കാക്കി മാറ്റി. മോദി ഭരണത്തിന്റെ സോഷ്യല്‍ ഓഡിറ്റിങ് അത് ഇന്ത്യയെ എങ്ങോട്ടാണ് നയിക്കുന്നത് എന്നു കൃത്യമായി ചൂണ്ടിക്കാട്ടുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss