|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മോദി ഭരണത്തിന്റെ പ്രതിച്ഛായ എന്താണ്?

Published : 18th November 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം – നിരീക്ഷകന്‍

തിരഞ്ഞെടുപ്പിനു മുമ്പ് വോട്ടര്‍മാര്‍ പലവിധ ആലോചനകളില്‍ മുഴുകും. കാരണം, അഞ്ചുകൊല്ലത്തിലൊരിക്കല്‍ കിട്ടുന്ന അസുലഭാവസരമാണ്. സ്ഥാനാര്‍ഥികള്‍ പലരും വരും; വാഗ്ദാനങ്ങള്‍ തേന്‍മഴയായി പെയ്യും. അവസാനം ഒരാള്‍ ജയിക്കും. പിന്നെ ആളെ കാണണമെങ്കില്‍ കൊല്ലം അഞ്ചു കഴിയണം.
അതിനാല്‍ വോട്ട് കുത്തുന്ന പരിപാടിക്കു മുമ്പ് മക്കള്‍ക്ക് വരനെയോ വധുവിനെയോ അന്വേഷിക്കുന്ന സമയത്തെ കരുതലും ചിന്തയും സാധാരണക്കാര്‍ക്കിടയില്‍ പതിവാണ്. അവര്‍ അതൊന്നും വലിയവായില്‍ വിളിച്ചുപറഞ്ഞു നടക്കാറില്ല എന്നതു വാസ്തവം. എന്നാലും കഴിഞ്ഞകൊല്ലങ്ങളില്‍ ഭരിച്ച് പോയവരെക്കുറിച്ചും വരാനിരിക്കുന്ന ഭരണത്തെക്കുറിച്ചും ഒക്കെ അവര്‍ ആഴത്തില്‍ ആലോചിക്കും. വോട്ട് കുത്തുമ്പോള്‍ അത്തരം ചിന്തകള്‍ അവരെ സ്വാധീനിക്കുകയും ചെയ്യും. അതുകൊണ്ടാണ് നമ്മുടെ രാജ്യചരിത്രത്തില്‍ വന്‍മരങ്ങള്‍ പലതും തിരഞ്ഞെടുപ്പു വേദിയില്‍ കടപുഴകി വീണിട്ടുള്ളത്. 1977ല്‍ ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ആരെങ്കിലും സ്വപ്‌നത്തില്‍ ചിന്തിച്ചതാണോ? തങ്ങള്‍ തോല്‍ക്കുകയാണെന്ന് അവസാന നിമിഷംപോലും അവരില്‍ പലര്‍ക്കും ബോധ്യമായിരുന്നില്ല എന്നതാണ് പരമരസം. കാരണം, വോട്ടര്‍മാര്‍ ഭയഭക്തിബഹുമാനത്തോടെ തൊഴുകൈയുമായി നില്‍ക്കുന്നതാണ് അവര്‍ കണ്ടിട്ടുള്ളത്. വോട്ടെടുപ്പില്‍ ഗംഭീര വിജയം എന്നാണ് ഐബിയും സ്‌പെഷ്യല്‍ ബ്രാഞ്ചും റിപോര്‍ട്ട് നല്‍കിയിരുന്നത്. പത്രങ്ങളും ടിവിയും പറയുന്നതും അപ്രകാരം തന്നെ. പിന്നെയുള്ളത് അഭിപ്രായ വോട്ടെടുപ്പുകളാണ്. ആരു ജയിക്കണം എന്നു പറഞ്ഞാല്‍ മതി, അവര്‍ അതിനനുസരിച്ചുള്ള സര്‍വേ നടത്തി റിസല്‍ട്ട് കൈയില്‍ തരും. ഫീസ് അല്‍പം കൂടുമെന്നു മാത്രം.
ചുരുക്കിപ്പറഞ്ഞാല്‍, എന്താണ് വോട്ടറുടെ മനസ്സിലിരിപ്പ് എന്നറിയാന്‍ മാര്‍ഗമൊന്നുമില്ല. പിന്നെ ഒരേയൊരു ആശ്വാസം, ഇത്തവണ തോറ്റാല്‍ അടുത്ത തവണ ജയിച്ചേക്കും എന്ന സാധ്യതയാണ്. അതിനു കാരണം ഓരോ അഞ്ചുകൊല്ലവും ഭരണക്കാരെ മാറ്റി പരീക്ഷിക്കുന്ന രീതി പൊതുവില്‍ വോട്ടര്‍മാര്‍ക്കിടയില്‍ പതിവുള്ളതാണ് എന്നതു തന്നെ. വേറെ പുതിയ പാര്‍ട്ടികളോ പ്രസ്ഥാനങ്ങളോ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നില്ലെങ്കില്‍ പ്രധാന പ്രതിപക്ഷത്തിനു ജയസാധ്യതയെക്കുറിച്ചു പ്രതീക്ഷയ്ക്കു വകയുണ്ട്.
അങ്ങനെ ചിന്തിക്കുമ്പോള്‍ എന്താണ് മോദി ഭരണത്തെക്കുറിച്ച് ജനം ചിന്തിക്കുന്നുണ്ടാവുക എന്നൊരു ആലോചന നല്ലതാണ്. നിരീക്ഷകന്‍ അതിനായി ഒരു ഇന്റലക്്ച്വല്‍ എക്‌സര്‍സൈസ് നടത്തിനോക്കി. മോദിയുടെ ഭരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന വാക്കുകള്‍ ഒരു കടലാസില്‍ എഴുതിയിടുക എന്ന ലളിതമായ വിദ്യ. ഇതാണ് മനസ്സിലേക്ക് ഓടിവന്ന വാക്കുകളും ഇമേജുകളും: നോട്ടുബന്ധനം, ബാങ്കിനു മുന്നിലെ വെയിലത്തെ ക്യൂ, സ്വര്‍ണക്കുടുക്കും സ്വര്‍ണനൂലുമുള്ള കുപ്പായം, കൃഷിക്കാര്‍ രാജ്യത്തെങ്ങും സമരം നടത്തുന്നതും ആത്മഹത്യചെയ്യുന്നതും, സാധനങ്ങളുടെ വിലക്കയറ്റം, കുട്ടികളും യുവാക്കളും പണി പ്രതീക്ഷിച്ചു നട്ടംതിരിഞ്ഞുനടക്കുന്ന അവസ്ഥ, റഫേല്‍ വിമാനം, അറബിക്കടലില്‍ കൂറ്റന്‍ പ്രതിമ, കന്നുകാലിക്കച്ചവടക്കാര്‍ക്ക് പൂശ്, പശുവിന്റെ പുണ്യം, ദലിതന്റെ കഷ്ടകാലം…
ഇങ്ങനെ ഒരുപാട് വാക്കുകളും ചിത്രങ്ങളുമാണ് മനസ്സില്‍ പൊന്തിവന്നത്. നാട്ടിലെ മറ്റു ജനങ്ങള്‍ക്ക് ഇതേ ചിത്രങ്ങള്‍ തന്നെയാണോ മോദി ഭരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവരുക എന്നു ചോദിച്ചാല്‍ മറുപടിയില്ല. പക്ഷേ, ഇങ്ങനെയൊക്കെ ചിന്തിക്കാനിടയുള്ള ആളുകള്‍ അനവധിയാണു നാട്ടില്‍ എന്നു തീര്‍ച്ച. ഇത്തരം ദുരനുഭവങ്ങള്‍ നാട്ടിലെ ജനങ്ങള്‍ക്കു ധാരാളം.
എന്നിട്ട് അവര്‍ വോട്ടുകുത്താന്‍ പോവുമ്പോള്‍ രാമക്ഷേത്രത്തെക്കുറിച്ച് ഓര്‍ത്ത്, ഭഗവാന്‍ ശ്രീരാമകൃഷ്ണന്റെ പ്രതിമയില്‍ പ്രതീക്ഷയര്‍പ്പിച്ച് മോദിയാശാനും സംഘത്തിനും തന്നെ വോട്ട് കുത്തും എന്നു പ്രതീക്ഷിക്കാമോ? അതാണ് മോദിയും സംഘവും പ്രതീക്ഷിക്കുന്നത്. ഭരണത്തെപ്പറ്റി നാട്ടുകാര്‍ക്ക് നല്ലതെന്തെങ്കിലും പറയാനുണ്ടോ എന്ന് അവര്‍ ആലോചിക്കുന്നുപോലുമില്ല. പക്ഷേ, വര്‍ഗീയതയും പ്രതിമയും കൊണ്ട് അഞ്ചുകൊല്ലം കഴിച്ചുകൂട്ടിയ ഒരു ഭരണത്തെ തങ്ങള്‍ എന്തിനു വീണ്ടും ചുമക്കണം എന്ന ചോദ്യം വോട്ടര്‍മാര്‍ ചോദിക്കാനിടയുണ്ട് എന്നുമാത്രം പറയട്ടെ. ബാക്കി തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു പറയാം. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss