|    Apr 21 Sat, 2018 5:22 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മോദി ഭരണം: ഒരു കണക്കെടുപ്പ്

Published : 18th November 2015 | Posted By: G.A.G

slug tg jacob

ഇന്ത്യന്‍ സാഹചര്യത്തില്‍ സാംസ്‌കാരിക ഫാഷിസം ഹിന്ദുത്വ വര്‍ഗീയ ഫാഷിസത്തിന്റെ രൂപത്തില്‍ അവതരിക്കുന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നതിനു വളരെവളരെ മുമ്പാണ്. ജാതിവ്യവസ്ഥ ഇന്നും പ്രബലമായി സ്വാധീനിക്കുന്ന സാമൂഹികവ്യവസ്ഥ ഈ സാംസ്‌കാരിക ഫാഷിസത്തിന്റെ ചരിത്രപരമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട വികൃത മുഖമാണ്. അതേസമയം തന്നെ, ഇന്നു ഭരണതലത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തില്‍ അധിഷ്ഠിതമായ സാംസ്‌കാരിക ഫാഷിസം മുതലാളിത്തത്തിന്റെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ ഘട്ടത്തിലാണ് നടക്കുന്നതെന്ന വസ്തുതയാണ് പരമപ്രാധാന്യം അര്‍ഹിക്കുന്നത്.

ഈ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാന ഘടകം മൂലധനത്തിന്റെ ആഗോള ചലനങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ മുദ്രാവാക്യം ഇന്ത്യന്‍ സമ്പദ്ഘടനയെ ആഗോള മൂലധനത്തിന് ആകര്‍ഷണീയമാക്കുന്നതിനുള്ള വിശിഷ്ടമന്ത്രമായിട്ടാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. ‘വികസനം, വികസനം’ എന്ന് ഉരുവിട്ടുകൊണ്ട് ജനങ്ങളെ കൂടെനിര്‍ത്തുന്ന തന്ത്രം വോട്ടുകളായി രൂപമാറ്റം നടത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. അധികാരത്തില്‍ വരുന്നതിനു വളരെ മുമ്പേതന്നെ, ഗുജറാത്ത് മോഡല്‍ വികസനം രാജ്യവ്യാപകമായി കൊണ്ടുവരും എന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ വാഗ്ദാനവും കാഴ്ചപ്പാടും. കോണ്‍ഗ്രസ്സിന്റെ പിടിപ്പുകേടും അഴിമതിയില്‍ മുങ്ങിക്കുളിച്ച പ്രതിച്ഛായയും ഇടതുപക്ഷത്തിന്റെ നപുംസകത്വവും കോര്‍പറേറ്റുകളുടെ പിന്തുണയും ഒക്കെ സഹായിച്ചിട്ടുപോലും ചെയ്യപ്പെട്ട വോട്ടുകളുടെ മുപ്പതു ശതമാനമേ ബിജെപിയുടെ മുന്നണിക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂവെന്ന് ഓര്‍ക്കണം. ഭരണഘടനാപരമായി നിര്‍വചിച്ചിട്ടുള്ള ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ അധികാരത്തില്‍ വരാന്‍ ഇത്ര പോലും വോട്ടുകളുടെ ആവശ്യമില്ല.

സംഘപരിവാരത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഭരണഘടനയെ ആത്മാര്‍ഥമായി അംഗീകരിക്കുന്നവയല്ലതാനും. മതേതരത്വവും സാമൂഹിക സമത്വവും അഭിപ്രായ സ്വാതന്ത്ര്യവും മറ്റും അവര്‍ക്ക് മനസ്സിലാക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഗുജറാത്ത് മോഡല്‍ അത്ര സുഗമമായി മുന്നോട്ടുപോകുന്നില്ല എന്നതിന്റെ തെളിവാണ് പട്ടേലുമാരുടെ സംവരണ പ്രക്ഷോഭം. പ്രധാനമായും കാര്‍ഷിക-സാമ്പത്തിക പ്രവൃത്തിയെ ആശ്രയിച്ചുകഴിയുന്ന വിഭാഗമാണ് പട്ടേല്‍ സമുദായം. ഇവരില്‍ നിന്നുതന്നെ സേവനമേഖലയിലും മറ്റുമായി പുതിയ മുതലാളിവര്‍ഗം രൂപപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും മുഖ്യമായും ഇവര്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന വിഭാഗം തന്നെയാണ്. ഹരിതവിപ്ലവത്തിന്റെ ആദ്യകാല നേട്ടങ്ങള്‍ ഇവരുടെ ഇടയില്‍ ഒരു സമ്പന്ന കാര്‍ഷിക വര്‍ഗത്തെ സൃഷ്ടിക്കുകയുണ്ടായെങ്കിലും പരുത്തി, കരിമ്പ് മുതലായ നാണ്യവിള കൃഷി ഉല്‍പന്നങ്ങളുടെ വിപണിയിലെ കോര്‍പറേറ്റ് ചൂഷണം കൃഷിയെ ലാഭം കുറഞ്ഞ സാമ്പത്തിക പ്രവൃത്തിയായി മാറ്റിയിട്ടുണ്ട്. കടക്കെണിയും കര്‍ഷകരുടെ ആത്മഹത്യയും ഗുജറാത്തിന് ഇപ്പോള്‍ അപരിചിതമല്ല. ഈ പിന്നോട്ടടിയാണ് അവര്‍ സംവരണത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിനുള്ള പ്രധാന കാരണം.

നരേന്ദ്ര മോദിയുടെ മോഡലിലുള്ള വിള്ളലുകളാണ് ഈ സ്ഥിതി തുറന്നുകാണിക്കുന്നത്. മൊത്തം ജനസംഖ്യയില്‍ 15 ശതമാനം വരുന്ന വിഭാഗമാണ് ഗുജറാത്തില്‍ ആദിവാസികള്‍. ദേവിപ്രസ്ഥാനം മാതിരിയുള്ള തനതായ സമരപാരമ്പര്യം ഉള്ളവരാണിവര്‍. കോളനിവാഴ്ചക്കെതിരേ വീറുള്ള സമരങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഇന്നവര്‍ കോര്‍പറേറ്റുകളുടെ ആര്‍ത്തിയുടെ ബലിയാടുകളാണ്. അവരുടെ പ്രക്ഷോഭങ്ങളും വളര്‍ന്നുവരുന്നുണ്ട്. ആകപ്പാടെ നോക്കിയാല്‍ ഗുജറാത്തിന്റെ ആഭ്യന്തരസ്ഥിതി ഒട്ടും ആശാവഹമല്ലെന്നു വേണം  കരുതാന്‍. 2002ല്‍ ഹിന്ദുത്വശക്തികള്‍ മുസ്‌ലിംകള്‍ക്കെതിരായി ആദിവാസികളെ ഉപയോഗപ്പെടുത്തിയിരുന്നു. അതേ ആള്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഹിന്ദുത്വഭരണത്തിനെതിരേ തിരിയുന്നത്. മോദി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നതിനു ശേഷം പല മുദ്രാവാക്യങ്ങളും മുന്നോട്ടുവച്ചു. ഇതില്‍ ഏറ്റവും ബഹളത്തോടെ മുന്നോട്ടുവച്ചത് ‘മേക്ക് ഇന്‍ ഇന്ത്യ’ ആണ്. ദേശീയതലത്തില്‍ ‘വികസനം’ വരുത്താന്‍ വേണ്ടിയുള്ള ആശയരൂപീകരണത്തിനുള്ള മുദ്രാവാക്യം. എല്ലാ തരത്തിലുമുള്ള ഇളവുകള്‍ നല്‍കി വിദേശത്തു നിന്നു മൂലധനം ഇറക്കുമതി ചെയ്ത് ഇവിടെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച് സമ്പദ്ഘടനയെ വളര്‍ത്തുക എന്ന വഴിയാണ് ഈ വികസനതന്ത്രം. 20 മാസങ്ങളായിട്ടും അന്തമില്ലാത്ത വിദേശ യാത്രകള്‍ നടത്തിയിട്ടും ഇതിനു ഫലം കാണുന്നില്ല. അതായത്, മേക്ക് ഇന്‍ ഇന്ത്യ ഒരു ചാപിള്ളയാണെന്നു ചുരുക്കം.

നിലവിലുള്ള പല വന്‍കിട വിദേശ നിക്ഷേപങ്ങളെയും പിടിച്ചുനിര്‍ത്താനും കഴിയുന്നില്ല. നോകിയ ഒരുദാഹരണം. മോദിയുടെ ഈ വികസനപാത, 1980-2000 കാലയളവില്‍ ചൈന അവലംബിച്ച ഈ വികസനപാത, ഇപ്പോള്‍ പഴയ മാതിരി പ്രായോഗികമല്ല എന്നതുതന്നെയാണീ പരാജയത്തിനു പിന്നിലുള്ള കാരണം. ഈ പുത്തന്‍ കൊളോണിയല്‍ സാമ്പത്തിക പദ്ധതി ജനാധിപത്യമൂല്യങ്ങള്‍ ഒട്ടുംതന്നെ നിലവിലില്ലാത്ത ചൈനയില്‍ പോലും പൊളിയുന്നതിന്റെ പ്രതിഫലനമാണ് അവര്‍ കറന്‍സിയുടെ മൂല്യം ഔദ്യോഗികമായി തന്നെ കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്. മാത്രമല്ല, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ ചെറുതും വലുതുമായ ആഗോളവല്‍ക്കരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ ചൈനയില്‍ പ്രതിവര്‍ഷം ശരാശരി ആറായിരത്തിനു മുകളിലാണ്. ഇവയെല്ലാം തന്നെ വ്യാവസായിക-കാര്‍ഷിക മേഖലകളിലാണ് നടക്കുന്നത്. ആഗോള മൂലധനത്തിന്റെ അടിസ്ഥാന സ്വഭാവവും അത് 2008 തൊട്ട് നേരിട്ടുകൊണ്ടിരിക്കുന്ന തീക്ഷ്ണമായ പ്രതിസന്ധിയും മനസ്സിലാക്കാതെ മുന്നോട്ടുവച്ച മുദ്രാവാക്യമാണ് മേക്ക് ഇന്‍ ഇന്ത്യ. ഒബാമയുടെ കെട്ടിപ്പിടിത്തമോ അത്താഴവിരുന്നുകളോ ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതോ ഒന്നും ആഗോള മൂലധനെത്ത തൂത്തുവാരി കൊണ്ടുവരില്ലെന്നും അതിന് അതിന്റേതായ ചലനസ്വഭാവങ്ങള്‍ ഉെണ്ടന്നും നമ്മള്‍ മനസ്സിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആഗോള മൂലധനത്തിന്റെ ആനുകാലിക സ്വഭാവം വിലയിരുത്തുമ്പോള്‍ ഏറ്റവും പ്രസക്തിയുള്ള കാര്യം, അതും ഉല്‍പാദനവും തമ്മിലുള്ള ബന്ധമില്ലായ്മയാണ്. അതാണ് ഡെറിവേറ്റീവ് മൂലധനം എന്ന പേരില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ പതിറ്റാണ്ടിലെ കണക്കുകള്‍ ഇതു വളരെ വ്യക്തമാക്കുന്നു.

2006ല്‍ കണക്കുകൂട്ടാവുന്ന ലോക സാമ്പത്തിക ഉല്‍പാദനം 47 ട്രില്യണ്‍ ഡോളറായിരുന്നു. അതേ വര്‍ഷം തന്നെ ആഗോള ഓഹരിവിപണികളുടെ മൂലധന ഉല്‍പാദനം യഥാര്‍ഥ സാമ്പത്തിക ഉല്‍പാദനത്തേക്കാള്‍ 10 ശതമാനം കൂടുതലായിരുന്നു. ദേശീയ-അന്തര്‍ദേശീയ കടപത്രങ്ങളുടെ മൂല്യം 68 ട്രില്യണ്‍, അതായത് 50 ശതമാനം അധികം. അതേസമയം തന്നെ ഡെറിവേറ്റീവ്‌സിന്റെ മൂല്യം 473 ട്രില്യണ്‍ ഡോളര്‍! അതായത്, സാമ്പത്തിക ഉല്‍പാദനത്തിന്റെ അമ്പതില്‍ കൂടുതല്‍ മടങ്ങ്. സാമ്രാജ്യത്വ മൂലധനത്തിന്റെ സുവര്‍ണകാലം എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഈ സുവര്‍ണകാലം 2008ന്റെ രണ്ടാം പാതിയില്‍ വമ്പിച്ച തിരിച്ചടി നേരിട്ടു. പല വന്‍കിട ധനകാര്യ നിക്ഷേപസ്ഥാപനങ്ങളും ഷട്ടറുകള്‍ താഴ്ത്തി. ഫെഡറല്‍ റിസര്‍വ് മാതിരിയുള്ള കേന്ദ്ര ബാങ്കുകള്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രാണവായു കൊടുക്കേണ്ടിവന്നു. ഇതിനെയാണ് സാമ്പത്തിക ഉരുകിയൊലിക്കല്‍ എന്നു പറയുന്നത്. അലാവുദ്ദീന്റെ അദ്ഭുതവിളക്കില്‍ എണ്ണ ഇല്ലാതായെന്നു സാരം.

ആഗോള മൂലധനം 2008 മുതല്‍ ഇന്നുവരെ കാസരോഗിയാണ്. ഈ ആഗോള സാമ്പത്തിക സാഹചര്യം മനസ്സിലാക്കാതെയാണ് മേക്ക് ഇന്‍ ഇന്ത്യ മുദ്രാവാക്യം പെരുമ്പറയടിക്കുന്നത്. മോദിയുടെ സാമ്പത്തിക വിദഗ്ധര്‍ ഇതു മനസ്സിലാക്കുന്നുണ്ടെങ്കില്‍ ഈ മുദ്രാവാക്യം കബളിപ്പിക്കലായി കാണാനേ കഴിയൂ. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന വികസനത്തിന്റെ ആഗോള പശ്ചാത്തലം ഇരുണ്ടതാണ്. ആഗോള മൂലധനത്തെ പൂര്‍ണമായും ആശ്രയിക്കുന്ന ഈ വികസന മാതൃക പരാജയമാകാതിരിക്കാനുള്ള സാഹചര്യം നിലവിലില്ല. പകരംവയ്ക്കാന്‍ മറ്റൊരു പാതയും കൈയിലില്ലതാനും. നാഴികയ്ക്ക് നാഴികയ്ക്ക് ഓരോ പുതിയ മുദ്രാവാക്യങ്ങള്‍ കൊണ്ടുവന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങള്‍ ഈ പരാജയം ഒളിച്ചുവയ്ക്കാന്‍ സഹായിക്കുമായിരിക്കാം. സ്വച്ഛ് ഭാരത്, യോഗ, എഴുന്നേറ്റുനില്‍ക്കാനുള്ള ആഹ്വാനം ഒക്കെ ഈ ജനുസ്സിലുള്ള കോമഡികളായി കാണാന്‍ കഴിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss