|    Mar 24 Sat, 2018 6:03 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മോദി ഭക്തിയും പിണറായി ഭക്തിയും

Published : 3rd November 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യ എംഎല്‍എയെ ലഭിച്ച ആഹ്ലാദത്തില്‍നിന്ന് അമ്പരപ്പിലായിരിക്കയാണ് ബിജെപി നേതൃത്വം. എല്‍ഡിഎഫ് ഗവണ്‍മെന്റിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും രാജഗോപാല്‍ പ്രഖ്യാപിച്ചിട്ടുള്ള നയവും നിലപാടും ബിജെപി നിലപാടിന് കടകവിരുദ്ധമാണ്. ഇതു ബിജെപിയെ മാത്രമല്ല, ബിജെപിക്കെതിരേ സിപിഎം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെയും ബാധിക്കുന്നു. വിശേഷിച്ച് മോദി ഗവണ്‍മെന്റിന്റെയും ബിജെപിയുടെയും കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന വേറിട്ട നിലപാടില്‍ സിപിഎം നേതൃത്വത്തില്‍ പലരും അസ്വസ്ഥരാണ്.
ബിജെപി നേതൃത്വത്തെ ഞെട്ടിച്ചതും സിപിഎം നേതൃത്വത്തെ അതിശയിപ്പിച്ചതും ബിജെപിയുടെ ഏക നിയമസഭാംഗം ഒ രാജഗോപാല്‍ നല്‍കിയ അഭിമുഖമാണ്. അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ഒ രാജഗോപാലിന്റെ നിലപാട്. ഇഎംഎസ് മന്ത്രിസഭ അട്ടിമറിക്കാന്‍ നിയമസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്നിട്ടും പുറത്തെ വിമോചനസമരത്തില്‍ പങ്കുചേര്‍ന്ന ജനസംഘത്തോട് ആര്‍എസ്എസ് സംഘ്ചാലക് ഇടപെട്ട് പിന്മാറാന്‍ ആവശ്യപ്പെട്ടത് ഒ രാജഗോപാല്‍ വെളിപ്പെടുത്തുന്നു: ”അഞ്ചുവര്‍ഷം ഭരിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പിലൂടെ സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. അതിനെ അട്ടിമറിക്കാന്‍ ആര്‍ക്കും അവകാശമില്ല.”
നിയമസഭയില്‍ ഇടപെടേണ്ട രീതിയെക്കുറിച്ച് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നും ബിജെപിക്കാരുടെ രാജേട്ടന്‍ പറയുന്നു. പാര്‍ട്ടിയുടെ നയപരിപാടികള്‍ക്കൊത്തുള്ള നിലപാടുകളാണ് സഭയില്‍ സ്വീകരിക്കുന്നതെന്ന് സ്വയം ന്യായീകരിക്കുന്നു; എംപി ആയിരുന്നപ്പോഴും കേന്ദ്രമന്ത്രിയായിരുന്നപ്പോഴും ഇങ്ങനെ ആയിരുന്നുവെന്നും. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തും ഭരണപക്ഷത്തും പ്രവര്‍ത്തിച്ചിരുന്നതില്‍നിന്നുള്ള വ്യത്യസ്തമായ തന്റെ അവസ്ഥ അദ്ദേഹം വിശദീകരിക്കുന്നു. അവിടെ ഒപ്പം ഒരുപാട് അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ താന്‍ ഏകനാണ്. ഒരു പ്രമേയം അവതരിപ്പിക്കുന്നതിന് പിന്തുണ നല്‍കാന്‍ പോലും ഒപ്പം ആളില്ല.
ബ്രിട്ടനിലെ ഇരുപാര്‍ട്ടി സംവിധാനം കടമെടുത്തതാണ് നമ്മുടെ ഭരണഘടനയുടെ പരിമിതിയെന്ന് അറിയാത്ത ചിലരാണ് പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശിക്കുന്നത്. നിയമസഭയില്‍ ഫലപ്രദമായി രാജഗോപാല്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിയും എംഎല്‍എയും രണ്ടു വഴിക്കാണെന്നുമുള്ള വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നതെന്ന് അദ്ദേഹം പറയുന്നു. ബിജെപി ഇപ്പോള്‍ പഴയ പാര്‍ട്ടിയല്ലെന്നാണ് രാജഗോപാലിന്റെ അനുഭവം: ”പഴയകാലത്ത് ഗ്രൂപ്പ് പ്രവര്‍ത്തനത്തെപ്പറ്റി കേട്ടുകേള്‍വിപോലും ഉണ്ടായിരുന്നില്ല. തോള്‍സഞ്ചിയില്‍ ഒരു ജോടി വസ്ത്രങ്ങളും ബസ് യാത്രയ്ക്കു മാത്രമുള്ള കാശുമായാണ് അന്നു സഞ്ചാരം. ഇന്നു കാലം മാറി, പാര്‍ട്ടി അംഗീകരിക്കപ്പെട്ടുതുടങ്ങി. പത്രസമ്മേളനങ്ങളിലും ടിവി ചര്‍ച്ചകളിലുമൊക്കെ മുഖംകാണിച്ച് നേതാക്കള്‍ക്കും പ്രശസ്തി കിട്ടിത്തുടങ്ങി. പണപ്പിരിവിന് അവസരം കിട്ടിയതോടെ സ്ഥാനം ഭദ്രമാക്കാനായി ശ്രമം.”
ഈ അസാധാരണ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ബിജെപി സംസ്ഥാന നേതൃത്വം ഒ രാജഗോപാല്‍ വിഷയം അടിയന്തരമായി ചര്‍ച്ചചെയ്തത്. അദ്ദേഹത്തെപ്പോലൊരാള്‍ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ അഴിമതിയുടെയും ഗ്രൂപ്പിസത്തിന്റെയും ആരോപണമുന്നയിക്കുന്നത് ബിജെപിക്ക് ഗുരുതരമായ പരിക്കേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തിയത്. എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരേ ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങളുടെ കടയ്ക്കല്‍ വെട്ടുകയാണ് അദ്ദേഹം ചെയ്തത്; ഇവ പാര്‍ട്ടിയുടെ യഥാര്‍ഥ നയത്തിനെതിരാണെന്നു സ്ഥാപിക്കുകയും.
ബിജെപിയെ കേരളത്തില്‍ ഇന്നത്തെ നിലയിലേക്കെത്തിക്കാന്‍ മറ്റാരേക്കാളും സംഘടനാരംഗത്തും കേന്ദ്രമന്ത്രിയെന്ന നിലയിലും പാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പുകളില്‍ നിരന്തരം മല്‍സരിച്ചും ഈ മുതിര്‍ന്ന നേതാവ് നല്‍കിയ സംഭാവന അവഗണിക്കാന്‍ നേതൃത്വത്തിനു സാധ്യമല്ല. കളങ്കരഹിതവും സാത്വികവുമായ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ജനസമ്മതിയും വിസ്മരിക്കാനും കഴിയില്ല.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് രാജഗോപാല്‍ സ്വീകരിച്ച നിലപാട് ബിജെപിയെ യഥാര്‍ഥത്തില്‍ അടുത്ത തിരഞ്ഞെടുപ്പുവരെ രാഷ്ട്രീയമായി നിരായുധരാക്കിയിരിക്കുകയാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ പിണറായി എന്ന ഭരണാധികാരിയുടെ മിടുക്കാണ് പ്രകടമാവുന്നതെന്നാണ് രാജഗോപാല്‍ പറഞ്ഞത്. അദ്ദേഹം ഒരു മാര്‍ക്‌സിസ്റ്റുകാരനായിപ്പോയി എന്നതാണ് ഏക കോട്ടം. അതുകൊണ്ടാണ് പിണറായിക്ക് സമവായത്തിന്റെ പാത സ്വീകരിക്കാന്‍ കഴിയാതെ പോവുന്നത്.
പാര്‍ട്ടിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയുടെ മുഖംരക്ഷിക്കാന്‍ രാജഗോപാലിനോട് ആവശ്യപ്പെടുന്നതിന് പ്രസിഡന്റ് കുമ്മനം രാജശേഖരനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. താന്‍ പറഞ്ഞത് തള്ളിപ്പറയാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് രാജഗോപാല്‍ കുമ്മനത്തിന്റെ ഒത്തുതീര്‍പ്പുനീക്കത്തിലും സ്വീകരിച്ചത്. തള്ളാനും കൊള്ളാനുമാവാതെ വിഷമസന്ധിയിലാണ് ബിജെപി നേതൃത്വം.
ഇതുപോലെ പുറത്ത് അത്രകണ്ടു പ്രകടമല്ലെങ്കിലും മോദി ഗവണ്‍മെന്റിനോടും ആര്‍എസ്എസിനോടും മുഖ്യമന്ത്രി പുലര്‍ത്തുന്ന വേറിട്ട നിലപാടുകള്‍ സിപിഎമ്മിനകത്ത് വൈരുധ്യം മൂര്‍ച്ഛിപ്പിക്കുകയാണ്. ”ബിജെപിയുടെ വിജയവും മോദി ഗവണ്‍മെന്റിന്റെ പ്രവേശവും കോര്‍പറേറ്റ് ഇരട്ടശക്തികള്‍ വഴി കേന്ദ്രഗവണ്‍മെന്റിനെ അപകടകരമായ വലതുപക്ഷ കടന്നാക്രമണങ്ങളിലേക്ക് നയിക്കുകയാണ്”- ഒമ്പതുമാസത്തെ മോദി ഭരണം വിലയിരുത്തി സിപിഎം 21ാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞത് അങ്ങനെയാണ്.
കേരളത്തിന്റെ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് മോദി ഗവണ്‍മെന്റ് കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും സ്വീകരിക്കുന്നത് എന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടനപത്രികയിലും കുറ്റപ്പെടുത്തിയിരുന്നു.  ജനാധിപത്യപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന മോദി ഗവണ്‍മെന്റിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കേരളത്തിന്റെ വികസനത്തിന് വിലങ്ങുതടിയാണെന്നും പത്രികയില്‍ പറയുന്നു. മോദി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സിപിഎം പ്രക്ഷോഭ പരിപാടികള്‍ നടത്തുകയും ചെയ്തു.
മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം മാറിയ പിണറായിയെപ്പറ്റി പലരും വാചാലരാണ്. പ്രധാനമന്ത്രി മോദിയെയും കേന്ദ്ര ഗവണ്‍മെന്റിനെയും കുറിച്ചുള്ള പാര്‍ട്ടി നിലപാടില്‍നിന്ന് പിണറായിക്കുണ്ടായ മാറ്റത്തെപ്പറ്റി അവര്‍ മൗനം പാലിക്കുന്നു. അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചശേഷം പത്രപ്രതിനിധികളോട് വെളിപ്പെടുത്തിയത് ‘സ്വന്തം വീടുപോലെ കരുതിയാല്‍ മതിയെന്ന്’ പ്രധാനമന്ത്രി തന്നോട് പറഞ്ഞെന്നാണ്. കേന്ദ്രത്തില്‍ പ്രധാനമന്ത്രി അടക്കമുള്ള ഭരണകര്‍ത്താക്കളുടെ സമീപനം വളരെ ക്രിയാത്മകമാണെന്നും പണം എത്രവേണമെങ്കിലും തരാമെന്നാണ് മന്ത്രിമാരുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു.
തിരഞ്ഞെടുപ്പിനുശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകളിലും ഈ വൈരുധ്യം കാണാം. മോദിയും അമിത് ഷായും സിപിഎമ്മിനെ തകര്‍ക്കാന്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെന്നാണ് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മോദിയെയും ബിജെപിയെയും ഒഴിവാക്കി ആര്‍എസ്എസില്‍ മാത്രം കുറ്റാരോപണം നടത്തുകയാണ് മുഖ്യമന്ത്രി.
വാജ്‌പേയിയെ മതനിരപേക്ഷതയുടെ മുഖംമൂടിയായി ഉപയോഗിച്ചാണ് എന്‍ഡിഎ ഭരണത്തെ നിയന്ത്രിക്കാന്‍ അണിയറയില്‍നിന്ന് ആര്‍എസ്എസ് പരിശ്രമിച്ചത്. ആ സ്ഥിതി മാറി ലോക്‌സഭയില്‍ ബിജെപിക്ക് നിര്‍ണായക ഭൂരിപക്ഷം ലഭിച്ച സ്ഥിതിയില്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുകയാണ് ആര്‍എസ്എസ്. സിപിഎം നിലപാടും അതുതന്നെയാണ്. ബിജെപിയില്‍ രാജഗോപാല്‍ എന്നപോലെ സിപിഎമ്മില്‍ പിണറായിയും ഒരേ തൂവല്‍പ്പക്ഷികളെപ്പോലെ പാര്‍ട്ടി നിലപാടുകളെ മറികടക്കുകയാണ്. രാജഗോപാലിന്റെ രാഷ്ട്രീയ നിലപാടില്‍നിന്ന് വ്യത്യസ്തമാണ് പിണറായിയുടെ കാര്‍ക്കശ്യ രാഷ്ട്രീയ നിലപാട്. പിണറായി മുഖ്യമന്ത്രിയായശേഷം വന്ന ഈ മാറ്റം കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നു.
ഇടതുപാര്‍ട്ടികള്‍ പിന്തുണ നല്‍കിയിരുന്ന ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് വിഎസും പാര്‍ട്ടി നേതൃത്വവും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടും കേന്ദ്ര ഗവണ്‍മെന്റിനോടും എടുത്തിരുന്ന വ്യത്യസ്ത സമീപനമുണ്ട്. സംസ്ഥാന വികസനത്തിന്റെ പേരില്‍ ഫലത്തില്‍ അത് പരാജയവുമായിരുന്നു. കേരളത്തിന്റെ വികസനകാര്യത്തില്‍ പ്രധാനമന്ത്രി മോദിയില്‍നിന്നും ആര്‍എസ്എസും കോര്‍പറേറ്റുകളും നയിക്കുന്ന അദ്ദേഹത്തിന്റെ ഗവണ്‍മെന്റില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണോ? അതല്ല, ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമബംഗാള്‍ നയിച്ചതുപോലെ പാര്‍ട്ടിനയങ്ങളില്‍നിന്ന് ഒരു മോദിയനുകൂല നിലപാടിലേക്ക് മുഖ്യമന്ത്രി ഗവണ്‍മെന്റിനെ കൊണ്ടുപോവുകയാണോ? സിപിഎമ്മിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതൃത്വങ്ങളാണ് ഇക്കാര്യം വിശദീകരിക്കേണ്ടത്.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss